പാലക്കാട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്തിച്ചു. രാവിലെ 11.40ഓടെ ഇവരെ കൊണ്ടുവന്ന വാഹനം വാളയാര്‍ അതിര്‍ത്തി പിന്നിട്ടു.പ്രതികളുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ വാളയാറിലും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലിസ് ഏറെ പാടുപെട്ടു. ഇരുവരെയും ആദ്യം കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളില്‍ സിഐഎസ്എഫ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. കേസില്‍ ആകെയുള്ള നാലു പ്രതികളില്‍ തിരുവനന്തപുരം സ്വദേശി പി എസ് സരിത്തിനെ നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. യുഎഇയില്‍ നിന്ന് പാഴ്സല്‍ അയച്ചെന്നു കരുതുന്ന കൊച്ചി സ്വദേശി ഫാസില്‍ ഫരീദിനെയാണ് ഇനി പിടികൂടാനുള്ളത്.
Kerala, News
സ്വര്‍ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു
Previous Articleതിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയും സന്ദീപും പിടിയിൽ