കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. എന്‍.ഐ.എയുടെ ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുക്കും.പ്രത്യേക ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ മുഴുവനായും ക്യാമറയില്‍ പകര്‍ത്തും.ഇന്ന് രാവിലെയാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്.അഞ്ച് മണിക്കൂർ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മിൽ മണിക്കൂറുകൾ നീണ്ട ഫോൺ വിളിയിലും എൻ.ഐ.എക്ക് സംശയമുണ്ട്.എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ദല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് കൊച്ചിയിലെത്തിയത്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് ചോദിക്കുക. പ്രത്യേകം തയാറാക്കിയ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സെക്രട്ടറിയേറ്റിലെ സിസി ടി വി യിൽ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും. അത് ഉടൻ നൽകാനാണ് മുഖ്യ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ട സാഹചര്യമുണ്ടോയെന്നും ശിവശങ്കർ പരിശോധിക്കുന്നതായി സൂചനയുണ്ട്.കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചിയിലേക്കു വിളിച്ച് ചോദ്യം ചെയ്യുന്നത്.