കണ്ണൂര്‍: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കലിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്‍ജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഭവ സമയത്ത് ഇതേ കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.അര്‍ജുന്‍ ഉള്‍പ്പെടുന്ന സംഘത്തിന് കേരളത്തിലങ്ങോളമിങ്ങോളം വലിയ ബന്ധങ്ങളാണുള്ളതെന്നാണ് വിവരം. ശുഹൈബ് വധക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്തു സംഘത്തിലെ അംഗമാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടര്‍ന്നത്. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെര്‍പ്പുളശ്ശേരി സംഘമെത്തിയതെന്നും പോലിസ് പറയുന്നു. സ്വര്‍ണം പക്ഷേ, പുറത്തേക്ക് കടത്തുന്നതിന് മുൻപ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു. കൊടുവള്ളിയിലെ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി ദുബയില്‍ നിന്നു സ്വര്‍ണമെത്തുന്ന വിവരം കാരിയര്‍ തന്നെ കണ്ണൂര്‍ സംഘത്തിനു ചോര്‍ത്തി നല്‍കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കവര്‍ച്ച സംഘത്തെ പോലിസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്. കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കിലോഗ്രാം സ്വര്‍ണവുമായി മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു കാത്തുനിൽക്കുന്നതായി ചെര്‍പ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്. ഇതോടെ ഇവര്‍ മടങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിനു പിന്നാലെ സ്വര്‍ണം കണ്ണൂര്‍ സംഘത്തിന്റെ കയ്യിലെത്തിയെന്നു ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളില്‍ പിന്തുടര്‍ന്നതായാണ് പിടിയിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്‍പിലുള്ള വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രാമനാട്ടുകര പുളിഞ്ചോട് വളവിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.