Kerala

സ്വര്‍ണക്കടത്ത് കേസ്; മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

keralanews gold smuggling case interpol has issued look out notice against the main accused faisal fareed

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല.കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു.ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന നടപടി.പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ് എന്‍.ഐ.എയെ സംബന്ധിച്ച് ഇനി നിര്‍ണായകമാണ്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാംപ്രതിയാണ് ഫൈസല്‍ ഫരീദ്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാനായാണ് എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍.ഐ.എ ഏറ്റെടുക്കും. ഫൈസല്‍ ഫരീദിന്റെ കൈപ്പമംഗലത്തെ വീട്ടിലും ഇന്നലെ റെയ്ഡ് നടത്തി.കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ വെച്ച്‌ മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാന്‍ ആശാരിയുടെ സഹായം തേടി. ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്.താക്കോല്‍ ലഭിച്ചില്ലെങ്കില്‍ വീടിന്റെ മുന്‍വാതിലും പൊളിക്കാൻ തയ്യാറായാണ് സംഘമെത്തിയത്.തിരച്ചിലിനു സാക്ഷിയാകാന്‍ വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി.ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസര്‍ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസര്‍ വി.എ.മുരുകന്‍ എന്നിവരോടു സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.നാലുമണിക്കൂറിനു ശേഷം അഞ്ചരയോടെയാണു പരിശോധന പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങിയത്.

Previous ArticleNext Article