Kerala, News

സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

keralanews gold smuggling case high court stayed arrest of m sivasankar

കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് 23 ആം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹര്‍ജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കാന്‍ തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്.സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.

Previous ArticleNext Article