തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന.ശിവശങ്കറിനെതിരായ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലര്‍ത്തിയതും ഇഷ്ടക്കാരെ നിയമിച്ചതുമെല്ലാം വീഴ്ചകളായി സമിതി നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും.മാത്രമല്ല വ്യാജസര്‍ട്ടിഫിക്കറ്റുള്ള ഒരാളെ ജോലിക്കെടുത്തു എന്നതും ശിവശങ്കറിന്‍റെ ജാഗ്രതക്കുറവായി സര്‍ക്കാര്‍ വിലയിരുത്തുന്നു. സസ്പെന്‍ഷന്‍ സംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്ന് തന്നെ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.കസ്റ്റംസ് ഇതുവരെ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. അറസ്റ്റിലായിട്ടുള്ളവരുടെ മൊഴി ഒത്തുനോക്കിയ ശേഷമെ ശിവശങ്കറിന് ഗൂഢാലോചനയിലും സ്വർണക്കടത്തിലും പങ്കുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാകൂവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്.2000ലാണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തില്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.