Kerala, News

സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

keralanews gold smuggling case enforcement question bineesh kodiyeri today

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ്‌ നിര്‍ണായക നീക്കം.സ്വര്‍ണക്കടത്തിന് പുറമെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ദുരുഹതയുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. യാതൊരു നടപടികളും സ്വീകരിക്കാതെയാണ് ഇവരുടെ കമ്പനികൾ പ്രവര്‍ത്തിച്ചതെന്നും വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനും ഈ കമ്പനികൾ തയ്യാറായിട്ടില്ല. ഇത് അനധികൃതമായി പണം ഇടപാടിന് വേണ്ടി മാത്രം  നടത്തിയ കടലാസു കമ്പനികളാകാമെന്നുമാണ് ഇഡിയുടെ വിലയിരുത്തല്‍. അന്വേഷണസംഘത്തിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗളൂരു ലഹരികടത്തുകേസില്‍ മലയാളിയായ മുഹമ്മദ് അനൂപിനെ നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ നിരവധി തവണ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് തന്റെ പാര്‍ട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ നാര്‍ക്കോട്ടിക്സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Previous ArticleNext Article