കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.ടിപി വധക്കേസ് പ്രതിയാണ് മുഹമ്മദ് ഷാഫി. കസ്റ്റംസ് നോട്ടീസില്ലാതെ കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ അഭിഭാഷകനൊപ്പമെത്തിയ ഷാഫിയെ കസ്റ്റംസ് മടക്കിയയച്ചിരുന്നു. ഷാഫിക്കൊപ്പം അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച മൊബൈൽ സിം കാർഡുകളുടെ ഉടമ സക്കീന എന്നിവരോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞ ബുധനാഴ്ചകൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് അയച്ചിരുന്നു.എന്നാൽ ശാരീരിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി അഭിഭാഷകനെത്തി മറ്റൊരു ദിവസം ഹാജരാകാമെന്നറിയിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം അഭിഭാഷകനൊപ്പമെത്തിയ മുഹമ്മദ് ഷാഫിയെ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് കസ്റ്റംസ് തിരിച്ചയച്ചു.