തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ വിശദീകരണവുമായി രംഗത്ത്. നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
”തന്നെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു. കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല. റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ കാണുന്നില്ല. സഹപ്രവര്‍ത്തകരുടെ കൂരമ്പുകളേറ്റ് എെന്‍റ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ല. യു.എ.ഇ കോണ്‍സുലേറ്റിെന്‍റ വിശദീകരണം തേടാന്‍ മാത്രമാണ് സ്വപ്നയെ വിളിച്ചത്.സ്വര്‍ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാന്‍ വഴി ജനം ടി.വിയിലൂടെ ബി.ജെ.പിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം. ചാനലിലെ എെന്‍റ സാന്നിദ്ധ്യം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടി.വി ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്നും ഞാന്‍ മാറി നില്‍ക്കുന്നു” -അനില്‍ നമ്പ്യാർ കുറിപ്പില്‍ പറഞ്ഞു. ബി.ജെ.പിക്ക് യു.എ.ഇ കോണ്‍സുലേറ്റിെന്‍റ പിന്തുണ ലഭിക്കാന്‍ സഹായിക്കണമെന്ന് ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ ആവശ്യപ്പെട്ടുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗുവഴിയല്ല സ്വര്‍ണമെത്തിയതെന്ന പ്രസ്താവന പുറത്തിറക്കണമെന്ന് കോണ്‍സുലേറ്റ് ജനറലിനോട് ആവശ്യപ്പെടാന്‍ അനില്‍ നമ്പ്യാർ നിര്‍ദേശിച്ചുവെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസ് അനിലിനെ കഴിഞ്ഞദിവസം നാലേമുക്കാല്‍ മണിക്കൂറാണ് ചോദ്യംചെയ്തത്. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഒത്തുനോക്കിയശേഷം അനില്‍ നമ്പ്യാരെ വീണ്ടും വിളിപ്പിക്കും.