കണ്ണൂർ:ധർമടം നിയോജകമണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു.പദ്ധതിക്കായുള്ള പ്രാരംഭ ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു.മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു,ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ ജനുസ്സുകളിലുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയറി ഫാമാണ് നിർമിക്കുക. പ്രതിദിനം പതിനായിരം ലിറ്റർ പാൽ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സാറ്റലൈറ്റ് ഡയറി ഫാമുകൾ,ജൈവ പാൽ,ജൈവ പച്ചക്കറി,ചാണകം,ഗോമൂത്രം എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപ്പനങ്ങൾ എന്നിവ നിർമ്മിക്കും. ഫാം ടൂറിസം സെന്റർ, ഐസ്ക്രീം, വെണ്ണ, നെയ്യ്,ചീസ്,ഫങ്ഷണൽ മിൽക്ക് തുടങ്ങിയ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീര വികസന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ ആയിരത്തോളംപേർക്ക് തൊഴിൽ ലഭിക്കും.ധർമടം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ 12 ക്ഷീരകർഷക സംഘങ്ങളാണ് ഉള്ളത്.1700 ക്ഷീരകർഷകരിൽ നിന്നും പ്രതിദിനം 13500 ലിറ്റർ പാൽ ഇപ്പോൾ സംഭരിക്കുന്നുണ്ട്.