തിരുവനന്തപുരം:ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഓയിൽ കടലിലും തീരത്തും ചേർന്നതിന് പിന്നാലെ പൊതുജനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും. ഇതിനായുള്ള നടപടികൾ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫർണസ് ഓയിൽ 2 കിലോമീറ്റർ വരെ കടലിൽ വ്യാപിച്ചു. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.സംഭവത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരവും, ഇവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോര്‍ച്ചയുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചു.വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.വേലിയേറ്റ സമയമല്ലാത്തതിനാല്‍ വലിയ തോതില്‍ കടലില്‍ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാര്‍ഡ് നൽകുന്ന പ്രാഥമിക റിപ്പോര്‍ട്ട്.എന്നാല്‍, തീരക്കടലില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലര്‍ന്നിട്ടുണ്ട്. തിരമാലകള്‍ക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലര്‍ന്ന മേല്‍മണ്ണ് പ്രദേശത്തുനിന്ന് ഉടന്‍ നീക്കംചെയ്യുമെന്നു കളക്ടര്‍ പറഞ്ഞു.ഈ മണല്‍ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയില്‍ ന്യൂട്രിലൈസര്‍ ഉപയോഗിച്ച് എണ്ണ നിര്‍വീര്യമാക്കും. അതിവേഗത്തില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലില്‍ വ്യാപിച്ചിരിക്കുന്ന ഓയില്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.