ന്യൂഡല്‍ഹി: ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇ. അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ആരോപിച്ച് ആർ സ് പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നുമാണ് ആരോപണം.
ഇ. അഹമ്മദിനും കുടുംബത്തിനും ആര്‍.എം.എല്‍. ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മക്കള്‍ക്ക് കാണാന്‍ സാധിച്ചത്.