ന്യൂഡൽഹി:ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം.കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത് ഫോനിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ 8 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പതിനൊന്ന് ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫോനിയെ അതിതീവ്രചുഴലിക്കാറ്റിന്റെ വിഭാഗത്തിലാണ് കാലാവസ്ഥാ ഗവേഷണകേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫോനിയുടെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 90 കിമീ ആയി കുറഞ്ഞിട്ടുണ്ട്.