ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍.ബ്രിട്ടന്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്നവർക്കാണ് നിർദേശങ്ങൾ ബാധകമാവുക. ബ്രിട്ടന്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവരും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യൂറോപ്പ് വഴിയും മറ്റും വരുന്നവരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് ആര്‍ടി–പിസിആര്‍ പരിശോധന നടത്തണം. 14 ദിവസം മുൻപുവരെ എവിടെയെല്ലാം സഞ്ചരിച്ചിരുന്നുവെന്ന വിവരം കൈമാറണം. ഇന്ത്യയില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ താമസസ്ഥലത്ത് ഏഴുദിവസം സമ്പർക്ക വിലക്കിൽ കഴിയണം. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പ്രത്യേകം പരിഗണിക്കണമെന്ന് എയര്‍ലൈന്‍സുകള്‍ക്ക് കേന്ദ്രം നിർദേശം നല്കി. ഈ സ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനും ഇറങ്ങാനും മാർഗ്ഗനിർദേശ പ്രകാരമുള്ള സൗകര്യമുണ്ടാകണം. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരും സ്വയംപ്രഖ്യാപനഫോമും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാസുവിധാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കുടുംബങ്ങളിലെ മരണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈമാറണം. ഇളവ് വേണ്ടവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് അപേക്ഷിക്കണം.