Kerala, News

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം;ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

keralanews gender neutral uniforms in government schools in the state official inauguration today

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും.സര്‍ക്കാര്‍ സ്കൂളിൽ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇത് ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരേ വേഷം ഒരേ സമീപനം എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.  കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്‌.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

Previous ArticleNext Article