മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലേക്ക് യാത്ര പോയിട്ടുണ്ടോ നിങ്ങൾ?ഇല്ലെങ്കിൽ തയ്യാറായിക്കോളു.മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട കാര്യമില്ല.മഴയിൽ വയലടയുടെ ഭംഗി അല്പം കൂടുതലായിരിക്കും.കാട്ടുപച്ചയും ആകാശ നീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.മൺസൂൺ ടൂറിസത്തിൽ മലബാറിന്റെ ശ്രദ്ധകേന്ദ്രമാവുകയാണ് കോഴിക്കോടിന്റെ സ്വന്തം വയലട.ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് വയലട സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് തലയുയർത്തി നിൽക്കുന്നത്.മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലടയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.വയലടയിലെ 2000 അടി മുകളിൽ നിന്നുള്ള കാഴ്ച അവര്‍ണനീയമാണ്.കണ്മുന്നിലെ മേഘക്കൂട്ടങ്ങളും താഴെ നിരനിരയായി നിൽക്കുന്ന മലനിരകളും ജലാശയങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കും.ഈ കാഴ്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റുന്നത്.വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം.
ബാലുശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയിന്റുകൾ. കോഴിക്കോട് നിന്നും വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.ബാലുശ്ശേരിയിൽ നിന്നും മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സർവീസുകളുമുണ്ട്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്.സഞ്ചരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകലാണ് വയലട കരുതിവെച്ചിരിക്കുന്നത്.കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ വയലടയോട് ചോദിയ്ക്കാൻ ഒരൊറ്റ ചോദ്യമേ ഉള്ളൂ ‘എവിടെയായിരുന്നു ഇത്രയും കാലം…’.