Kerala, News

പയ്യാമ്പലത്ത് ഒരുകോടി രൂപ ചിലവിൽ വാതകശ്മശാനം സ്ഥാപിക്കുന്നു

keralanews gas cemetery set up at payyampalam at a cost of one crore rupees

കണ്ണൂർ:പയ്യാമ്പലത്ത് ഒരുകോടി രൂപ ചിലവിൽ വാതകശ്മശാനം സ്ഥാപിക്കുന്നു. ഇതിനു മുന്നോടിയായി പഴയ വൈദ്യുത ശ്മശാനത്തിന്റെ കെട്ടിടമൊഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം പൊളിച്ചു നീക്കി.1999 നവംബർ 10-ന് പി.പി.ലക്ഷ്മണൻ നഗരസഭാ അധ്യക്ഷനായിരുന്നപ്പോഴാണ് പയ്യാമ്പലത്ത് ആധുനികരീതിയിലുള്ള വൈദ്യുതിശ്മശാനത്തിന് തറക്കല്ലിട്ടത്. പദ്ധതി 2000 സെപ്റ്റംബർ 29-ന് പൂർത്തിയാക്കി തുറന്നുകൊടുത്തു. 33 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും ബർണർ ഉൾപ്പെടെ ഉപകരണങ്ങളും സ്ഥാപിച്ചത്. അതിനിടെ പാരമ്പര്യരീതിയിലുള്ള ശവസംസ്കാരം വേണമെന്ന്‌ ശ്മശാനക്കമ്മിറ്റി നിർബന്ധം പിടിച്ചതും പ്രശ്നമായി. തർക്കങ്ങൾക്കൊടുവിൽ 2013 ഓടെ പൂർണമായും ഇതിന്റെ പ്രവർത്തനം നിലച്ചു.തുടക്കം മുതൽ ഒടുക്കംവരെ പഴിയും പരാതിയും അഴിമതിയാരോപണവും കേട്ടുവന്ന വൈദ്യുതിശ്മശാനത്തിൽ ഉദ്ഘാടനത്തിനുശേഷം ചുരുക്കം ചില മൃതദേഹങ്ങൾമാത്രമേ ദഹിപ്പിക്കാനായുള്ളൂ.

കണ്ണൂർ കോർപ്പറേഷൻ നിലവിൽ വന്നതോടെ ശ്മശാനം കോർപ്പറേഷന്റെ നിയന്ത്രണത്തിലായി. കോർപ്പറേഷൻ ഏറ്റെടുത്തതോടെ പല ഭാഗത്തുനിന്നും പരാതിയുണ്ടായി. വിറക് കൃത്യമായി ലഭിക്കുന്നില്ല, ദഹനം പൂർണമായി നടക്കുന്നില്ല എന്നിവയായിരുന്നു പരാതി.പയ്യാമ്പലത്തെ തുറന്ന ചിത കാരണം പരിസരമലിനീകരണമുണ്ടെന്ന് കാണിച്ച് പയ്യാമ്പലം സ്വദേശി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയത്തിൽ കോടതിയും ഇടപെട്ടു. അതോടെയാണ് ആധുനികശ്മശാന പദ്ധതിക്ക് വേഗം കൂട്ടിയത്.തുടക്കത്തിൽ 99 ലക്ഷം രൂപയുടെതായിരുന്നു വാതകശ്മശാന പദ്ധതി. നിലവിൽ 42 ലക്ഷം രൂപയുടെതാണ് പ്രാഥമിക പദ്ധതി. ശൗചാലയം, ഇരിപ്പിടം, അനുശോചന ഹാൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾകൂടിയുണ്ടാവും. ചെന്നൈ ആസ്ഥാനമായ എസ്കോ കമ്പനിയാണ് പദ്ധതിനടത്തിപ്പുകാർ.

Previous ArticleNext Article