കൊല്ലം: സോളാര്‍ കേസില്‍ മുഖ്യപ്രതി കെ.ബി ഗണേഷ്‌കുമാറാണെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യമനോജ്. പത്തനാപുരത്തു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചതും ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണം എന്നുപറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെക്കൊണ്ട് ഗണേഷ്‌കുമാറും പി.എയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’- മനോജ് പറഞ്ഞു.കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുൻപ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.