തിരുവനന്തപുരം:ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നല്കുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി.മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമായത്.പുതുക്കിയ ന്യായവിലയുടെ പത്തു മടങ്ങായി വിപണി വില നിജപ്പെടുത്തിയാകും നഷ്ടപരിഹാരം നൽകുക.പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് അഞ്ചു ലക്ഷം രൂപ അധികം നൽകാനും ധാരണയായി.മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്.പത്തു സെന്റോ അതിൽ കുറവോ താഴെ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാൻ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും.അങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുകൾ സംരക്ഷിക്കും.വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടുകൾ വയ്ക്കാൻ പറ്റുന്ന തരത്തിൽ അലൈൻമെൻറ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും.വീട് വെയ്ക്കാനുള്ള സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നൽകും.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതിയെ തുടർന്ന് കണ്ണൂരിൽ നടപ്പിലാക്കിയ പാക്കേജ്(ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പിലാക്കാനും തീരുമാനമായി.