കണ്ണൂർ:കാക്കയങ്ങാട് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പിടിയിൽ.കൂത്തുപറമ്പ് സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസൽ ആണ് പിടിയിലായത്. പേരാവൂർ സിഐ എം.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീരാജ്പേട്ടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.ജനുവരി 19 നാണ് പേരാവൂർ ഗവ.ഐടിഐ വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ നാലുപ്രതികളെ സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയിരുന്നു.കൊലപാതകം ആസൂത്രം ചെയ്തത് മുതൽ സംഭവ ദിവസം കാക്കയങ്ങാട് ഐടിഐയിൽ നിന്നും ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ട വിവരം മറ്റു പ്രതികൾക്ക് നൽകിയത് ഫൈസലാണെന്ന് പോലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതിയുടെ അവകാശത്തെ ഹനിക്കരുത് എന്ന് കാണിച്ചാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി അങ്കമാലി കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്.എന്നാൽ നടി അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പ്രതിക്ക് കൈമാറിയിരുന്നില്ല.
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ സമരം തുടങ്ങി;കണ്ണൂർ,മലപ്പുറം ജില്ലകൾ സമരത്തിൽ പങ്കെടുക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ സമരം തുടങ്ങി.പെട്രോൾ പമ്പുകളിൽ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം.എന്നാൽ പെട്രോൾ പമ്പ് ഉടമകൾ ഇന്ന് നടത്തുന്ന സമരത്തിൽ കണ്ണൂർ,മലപ്പുറം ജില്ലകളിലെ പമ്പുകൾ പങ്കെടുക്കില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.പരീക്ഷാകാലം,ഏപ്രിൽ രണ്ടാം തീയതി ആഹ്വാനം ചെയ്തിട്ടുള്ള പൊതു പണിമുടക്ക് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് സമരത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രെട്ടറി പറഞ്ഞു.
മലപ്പുറത്ത് വൻ കഞ്ചാവുവേട്ട;60 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതേക്കുറിച്ച് പഠിച്ച സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രം തയാറാകുന്നത്.രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് ശുപാര്‍ശ.നിലവിൽ വാഹന വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലാണ് ഉള്ളത്.വാഹങ്ങൾ ആധാറുമായി ബന്ധിപ്പിക്കുക വഴി വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും സമിതി പറയുന്നു.നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോൾ ആധാര്‍ നമ്പർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഇന്ത്യയിൽ നടക്കുന്ന 64 ശതമാനം റോഡപകടങ്ങളും ദേശീയപാതയിലാണ് നടക്കുന്നത്. ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ മദ്യത്തിന് വിലകൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ മദ്യത്തിന് വിലകൂടും.വിവിധയിനം ബ്രാൻഡുകൾക്ക് 65 ശതമാനത്തോളമായിരിക്കും വില കൂടുക. ബിയറിനും വൈനിനും 30 ശതമാനം വർധന ഉണ്ടാകും. വില്‍പ്പന നികുതി 135 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി ഉയരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമാകുന്നത്.ബിയറിന്റെയും വൈനിന്റെയും വിൽപ്പന നികുതി 70 ശതമാനത്തിൽ നിന്നും 100 ശതമാനമാകും.
ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സേവനങ്ങൾക്ക് ഫീസ് അഞ്ചു ശതമാനം കൂടും
തിരുവനന്തപുരം:ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സേവനങ്ങൾക്ക് ഫീസ് അഞ്ചു ശതമാനം കൂടും. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന്റെ സമഗ്ര പശ്ചാത്തല വികസനത്തിന്റെ ഭാഗമായാണ് ഫീസ് വർധിപ്പിച്ചതെന്ന് ഉത്തരവിൽ പറയുന്നു.ഇതോടെ വിവിധ സർക്കാർ വകുപ്പുകൾ,പൊതുമേഖലാ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്‌ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് അഞ്ചു ശതമാനം അധിക ഫീസ് ഈടാക്കും.സാമ്പത്തിക സുസ്ഥിരത, അധിക വിഭവ സമാഹരണം എന്നിവയും ഈ വർദ്ധനവിലൂടെ ലക്ഷ്യമിടുന്നു.
ജീപ്പിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേർ പോലീസ് പിടിയിൽ
മട്ടന്നൂർ:ജീപ്പിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേർ മട്ടന്നൂർ പോലീസിന്റെ പിടിയിലായി.തമിഴ്നാട്ടെ തിരുവണ്ണാമലൈ കോടിക്കുപ്പത്തെ ചെട്ടിയാർ സ്ട്രീറ്റിൽ കെ.എളുമലൈ (37), മയ്യിൽ പാവ്വന്നൂർ മൊട്ടയിലെ പി.പി.ഹരീഷ് (34) എന്നിവരെയാണ് മട്ടന്നൂർ എസ് ഐ കെ.രാജീവ് സംഘവും അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് കടത്തികൊണ്ടു പോകുന്ന സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്.ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്നും 49 ഡിറ്റണേറ്ററുകളും 21 ജെലാറ്റിൻ സ്റ്റിക്കുകളും പിടികൂടി.സ്ഫോടക വസ്തുവും ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി വെള്ളിയാംപറമ്പിൽ വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.ജീപ്പിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കളെന്ന് പോലീസ് പറഞ്ഞു. മട്ടന്നൂരിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു ഇവ.മട്ടന്നൂർ മേഖലയിൽ ചിലയിടങ്ങളിൽ രാത്രി കാലങ്ങളിൽ സ്ഫോടനമുണ്ടാകുന്നതിനാൽ പോലീസ് ഇവിടെ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.
വയൽക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്ന്;സിപിഎം കത്തിച്ച സമരപന്തൽ ഇന്ന് പുനഃസ്ഥാപിക്കും
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി കൂട്ടായ്മയുടെ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും.’കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലാണ് ബൈപാസിനെതിരെ സമരം ആരംഭിക്കുക.കീഴാറ്റൂർ ഐക്യദാർഢ്യ സമരസമിതിയുടെ നേതൃത്വത്തിലാണ് വയൽ കിളികൾക്ക് പിന്തുണയറിയിച്ച് മാർച്ച് നടക്കുക. തളിപ്പറമ്പില്‍നിന്നു കീഴാറ്റൂരിലേക്കാണ് മാർച്ച്. മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.മേധാ പട്കർ ഉൾപ്പെടെയുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.സിപിഎം കത്തിച്ച സമരപന്തൽ ബഹുജന പിന്തുണയോടെ ഇന്ന് പുനഃസ്ഥാപിക്കും.ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാർഡുകളാക്കി സിപിഎം ഇന്നലെ കീഴാറ്റൂർ വയലിൽ കൊടിനാട്ടിയിരുന്നു. ഇതേ വയലിൽ തന്നെയാണ് ഇന്ന് സമരപന്തൽ പുനഃസ്ഥാപിക്കുക. ഭൂമിയേറ്റെടുക്കലിനെ എതിർക്കുന്ന ഭൂവുടമകളുടെ പ്ലക്കാർഡുകളും വയലിൽ നാട്ടും.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടായിരത്തോളം പേർ കീഴാറ്റൂരിലേക്ക് എത്തുമെന്നാണ് വയൽക്കിളി സമരക്കൂട്ടായ്മയുടെ പ്രതീക്ഷ. വെള്ളിയാഴ്ച വൈകിയാണ് വയൽക്കിളികളുടെ സമരത്തിന് പോലീസ് അനുമതി നൽകിയത്.മുൻപ് വയൽക്കിളികളുടെ സമരപന്തൽ കത്തിച്ചതുപോലെയുള്ള പ്രകോപനങ്ങൾ ഇനി ഉണ്ടാകരുതെന്ന് സിപിഎം അണികൾക്ക് നിദേശം നൽകിയിട്ടുണ്ട്.കീഴാറ്റൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വയൽ കാവൽ സമര സമ്മേളത്തിൽ ജില്ലാ സെക്രെട്ടറി പി.ജയരാജനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
സംസ്ഥാനത്ത് ഇന്ന് ഒരുമണിക്കൂർ വൈദ്യുത വിളക്കുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരിക്കും.രാത്രി 8.30നും 9.30 നുമിടയിലാണ് ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ട് കൊണ്ട് ലോകവ്യാപകമായി ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.വീടുകളിലും ഓഫീസിലും അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുത ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളാകാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.ഉര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് ലോകവ്യാപകമായി ഇന്ന് ഭൗമമണിക്കൂർ ആചരിക്കുന്നത്.ഇതിനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് രാത്രി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ചിടുന്നത്.