കാസർഗോഡ്: മൊഗ്രാൽ കോപ്പാളത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാക്കൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും ഇവർ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കുമ്ബള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
ജില്ലയിലെ സ്വകാര്യആശുപത്രി ജീവനക്കാർക്ക് 25ശതമാനം ശമ്പള വർധന
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വർധിപ്പിച്ച് നൽകാൻ ധാരണയായി.കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേർസ് അസോസിയേഷൻ ഭാരവാഹികളുമായി ജില്ലാ ലേബർ ഓഫീസർ ടി.വി.സുരേന്ദ്രൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.50 ശതമാനം വേതന വർധനവ് നടപ്പാക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.എന്നാൽ ഇത് അംഗീകരിക്കാൻ മാനേജ്മെന്‍റ് പ്രതിനിധികൾ തയ്യാറാവാത്തതിനെത്തുടർന്ന്, പുതുക്കിയ മിനിമംവേതനം നടപ്പിലാവുന്നതുവരെ നിലവിലുളള വേതനത്തിന്‍റെ 25 ശതമാനം വർധനവ് നൽകാൻ യോഗത്തിൽ ധാരണയാകുകയായിരുന്നു. ഈ വർധനവിന് 2018 ജനുവരി മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവ് നൽകാമെന്ന് റിമാൻഡ് പ്രതി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവ് നൽകാമെന്ന് റിമാൻഡ് പ്രതി.കുറ്റ കൃത്യം നടക്കുന്നതിനു മുൻപേ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ പൊലീസിന് നൽകാമെന്നാണ് ജയിലിൽ കഴിയുന്ന പ്രതികളിലൊരാൾ തന്റെ ബന്ധു മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. കൂടാതെ കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്താനുള്ള സന്നദ്ധതയും ഇയാൾ അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മേൽനടപടികൾ നിയമോപദേശം തേടിയ ശേഷം കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പ്രതിയെ മാപ്പുസാക്ഷിയാക്കാമെങ്കിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനു ശേഷം പ്രതിയെ മാപ്പുസാക്ഷിയാക്കാനാകില്ല.ദിലീപിനെതിരെ തെളിവുണ്ടെന്ന് പ്രതി ഒരുമാസം മുൻപ് തന്നെ ബന്ധുവിനെ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ കോടതിയിൽ ജാമ്യാപേക്ഷ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമായാണ് അന്വേഷണ സംഘം ഇതിനെ ആദ്യം കണ്ടത്.എന്നാൽ പ്രതി കൈമാറിയ രഹസ്യവിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടത്.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകൾ റദ്ദാക്കി
ന്യൂഡൽഹി:ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷ, പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷ എന്നിവയുടെ പരീക്ഷകളാണ് റദ്ദാക്കിയത്.പുതിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ചോദ്യപേപ്പർ ചോർച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാർഥികളും മാതാപിതാക്കളും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സാമൂഹിക ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി:വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു.പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിക്കൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കോടതി ഇതിനോടകം നീക്കിയിട്ടുണ്ട്. ആധാർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പൂർത്തിയാകുന്നത് വരെ ബാങ്ക് അക്കൗണ്ടുകൾ,മൊബൈൽ നമ്പറുകൾ എന്നിവ ആധാറിനോട് ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യ നമ്പീശനും ചേർന്ന്;പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സംവിധായന്‍ ലാലും നടി രമ്യാ നമ്ബീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതില്‍ പങ്കാളിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു.ഇതിനായി മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടന്‍ അവധിയപേക്ഷ നല്‍കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പ്രതികള്‍ക്ക് ഏതൊക്കെ രേഖകള്‍ നല്‍കാന്‍ സാധിക്കും എന്ന കാര്യം അറിയിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൈമാറാന്‍ സാധിക്കാത്ത തെളിവുകളെ സംബന്ധിച്ച് കാരണവും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയത് ഇക്കാര്യം കൂടി പരിഗണിച്ചാണ്.
അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടില്ലെന്ന് സർക്കാർ
കൊച്ചി:അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന അടച്ചുപൂട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സർക്കാർ അറിയിച്ചു.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.മൂന്നു വർഷത്തെ സാവകാശം തങ്ങൾക്ക് നല്കണമെന്നാണാണ് ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.1500 ഓളം വരുന്ന സ്വകാര്യ വിദ്യാഭ്യാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ നോട്ടീസ് നൽകിയിരുന്നത്.ഹർജി പരിഗണിച്ച കോടാത്തി സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു.ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നതു വരെ സ്കൂളുകൾ അടച്ചുപൂട്ടരുതെന്നും കോടതി വ്യക്തമാക്കി.
നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്:നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർക്ക് പരിക്ക്.ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലാണ്.മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.ഇവർ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി
മലപ്പുറം:കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി.മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു ഈ സ്ഫോടകവസ്തുക്കള്‍.തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ മോങ്ങത്തെ ഗോഡൗണില്‍നിന്ന് വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്.പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു;തിരഞ്ഞെടുപ്പ് മെയ്12 ന്;വോട്ടെണ്ണൽ മെയ് 15 ന്
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം മാനിച്ചാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് സംവിധാനം ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരെ ചിത്രവും ഉൾപ്പെടുത്തും.225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതുക.