കൊല്ലം:വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കൊല്ലം അജിത് അന്തരിച്ചു.ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഉദര സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് അജിത് അഭിനയരംഗത്തെത്തിയത്.1984ൽ പി. പദ്മരാജന്‍ സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന് ‘ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്‍റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി മാറി അദ്ദേഹം.1989 ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തി.പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ “കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. 2012 ഇൽ ഇറങ്ങിയ ഇവൻ അർദ്ധനാരിയാണ് അവസാനമായി അഭിനയിച്ച ചിത്രം.മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് “കോളിംഗ് ബെൽ’ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീഹരി.
കാവേരി പ്രശ്നം;തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു ഉൾപ്പടെ പ്രമുഖ ട്രാൻസ്‌പോർട് കോർപറേഷൻ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ബസ് സർവീസിനെയും സമരം ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ തടയുന്നതിൽ നിന്നും സമരക്കാർ പിന്മാറണമെന്ന് തെന്നിന്ത്യൻ റെയിൽവേ മാനേജർ ആർ.കെ ഗുൽസ്രേഷ്ട്ട അഭ്യർത്ഥിച്ചു.കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ 29 നകം സിഎംബിയുൾപ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്നാടിന്‍റെ പൊതുവികാരം.
മലപ്പുറത്ത് ഹോണ്ട ഷോറൂമിൽ തീപിടുത്തം;18 വാഹനങ്ങൾ കത്തിനശിച്ചു
മലപ്പുറം:മലപ്പുറം അങ്ങാടിപ്പുറത്ത് ഹോണ്ടയുടെ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ 18 വാഹനങ്ങൾ കത്തിനശിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.കെട്ടിടത്തിന്റെ ജനറേറ്റർ സ്ഥിതി ചെയ്യുന്ന ഭാഗത്തുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർവീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് കത്തിനശിച്ചത്.മറ്റ് ഇരുപതിലധികം വാഹനങ്ങളൂം ഭാഗികമായി കത്തിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പുതിയ വാഹനങ്ങൾ ഉണ്ടായിരുന്നത്.തീപടരുമ്പോഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഈ വാഹനങ്ങൾ ഇവിടെ നിന്നും മാറ്റി.തീപടർന്നത് അറിയാൻ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയത്.അഗ്‌നിശമന സേനാംഗങ്ങൾ ഒന്നരമണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
പാറ ഇളകിവീണ് ബാരാപോളിലെ സൗരോർജ പാനലുകൾ തകർന്നു
ഇരിട്ടി:പാറ ഇളകിവീണ് ബാരാപോളിലെ സൗരോർജ പാനലുകൾ തകർന്നു.25ഓളം സൗരോര്‍ജ പാനലുകളാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്നത്.റോഡ് പണിക്കിടെയാണ് കുന്നിന്‍ മുകളില്‍നിന്നു കൂറ്റന്‍ പാറകള്‍ താഴേക്ക് പതിക്കുകയായിരുന്നു. കേരളത്തിലെ ട്രഞ്ച് വിയര്‍ സംവിധനമുപയോഗിച്ചുള്ള ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണ് ബാരാ പോള്‍ മിനി ജലവൈദ്യുത പദ്ധതി.15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്കൊപ്പം തന്നെ സൗരോര്‍ജ പാനല്‍ ഉപയോഗിച്ചും ഇവിടെ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനായി കനാലിനു മുകളിലായി നാലു കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിനു സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഈ സൗരോര്‍ജ പദ്ധതി കമ്മീഷന്‍ ചെയ്തില്ലെങ്കിലും നാല് മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. ജലവൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്കിന്‍റെയും ടാങ്കിന്‍റെയും സമീപത്ത് കനാലിനു മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ ആണ് കൂറ്റന്‍ പാറക്കല്ല് ഇളകി വീണ് തകര്‍ന്നത്. വലിയ പാറകളിലൊന്ന് പാനലിനു മുകളിൽ തങ്ങി നിൽക്കുകയാണ്. നേരത്തെയും ഇത്തരത്തിൽ പാറകൾ വീണ് ഇവിടെ പാനലുകൾ തകർന്നിരുന്നു.
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. സുധീറിനെയും സുഹൃത്ത് ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എഎസ്‌എസ് പ്രവർത്തകൻ അറസ്റ്റില്‍
മട്ടന്നൂര്‍: ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. സുധീറിനെയും സുഹൃത്ത് ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എഎസ്‌എസ് പ്രവർത്തകൻ അറസ്റ്റിലായി. കോളാരി കുംഭംമൂലയിലെ പി. ശ്രീനോജി(30)നെയാണു മട്ടന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്.ഇയാൾ ചൊവ്വാഴ്‌ച മട്ടന്നൂരിലെത്തിയപ്പോള്‍ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ രാത്രി അയ്യല്ലൂരില്‍ വച്ചാണു കാറിലെത്തിയ അക്രമിസംഘം ഡോ. സുധീറിനെയും ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.കഴിഞ്ഞ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ പെരുവയല്‍ക്കരി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ശ്രീനോജ്.
സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗം മിഥുന് സ്വീകരണം നൽകി
കണ്ണൂർ:സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗം മിഥുന് കണ്ണൂരിൽ ഉജ്വല സ്വീകരണം നൽകി. സന്തോഷ് ട്രോഫി മത്സരത്തിന് ശേഷം ചൊവ്വാഴ്ചയാണ് കേരളാ ടീം ഗോൾ കീപ്പർ മിഥുൻ സ്വന്തം നാടായ കണ്ണൂരിൽ തിരിച്ചെത്തിയത്.രാവിലെ എട്ടുമണിയോട് കൂടി മംഗളൂരു എക്സ്പ്രെസ്സിൽ കണ്ണൂരിലെത്തിയ മിഥുനെ കാത്ത് സ്റ്റേഷൻ പ്ലാറ്റ്‌ഫോം നിറയെ ആളുകൾ തടിച്ചുകൂടിയിരുന്നു. തീവണ്ടിയിൽ നിന്നും പുറത്തിറങ്ങിയ മിഥുനെ മാലയും പൂച്ചെണ്ടും നൽകി അധികൃതർ സ്വീകരിച്ചു. കൂടെ ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.മകനെ സ്വീകരിക്കുന്നതിനായി മിഥുന്റെ അച്ഛനും കേരള പൊലീസിലെ മികച്ച ഗോൾ കീപ്പറുമായ വി.മുരളിയും സ്റ്റേഷനിലെത്തിയിരുന്നു. മേയർ ഇ.പി ലത,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഓ.കെ വിനീഷ്,സെക്രെട്ടറി രാജേന്ദ്രൻ നായർ,ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സി.വി സുനിൽ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂൽ,പി.പി ഷാജർ എന്നിവരും മിഥുന്റെ നാട്ടുകാരും സുഹൃത്തുക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം മിഥുൻ നേരെ പോയത് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ മിഥുൻ കളിപഠിച്ചു തുടങ്ങിയ സ്പോർട്ടിങ് ബഡ്‌സ് കോച്ചിങ് സെന്ററിന്റെ ഫുട്ബോൾ പരിശീല ക്യാമ്പിലേക്കായിരുന്നു. ഇവിടെ അവധിക്കാല പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും കുശലാന്വേഷണം നടത്തിയും കുട്ടികൾക്ക് ആത്മവിശ്വാസവും ആവേശവും നൽകിയാണ് മിഥുൻ മടങ്ങിയത്.
വടകര മോർഫിംഗ് കേസ്;മുഖ്യപ്രതി പിടിയിൽ
വടകര:വിവാഹ വീടുകളിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ളീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിലായി.വടകര സ്വദേശി ബിബിഷാണ് പിടിയിലായത്.സംഭവവുമായി ബന്ധപ്പെട്ട് വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റ് സ്റ്റുഡിയോയുടെ ഉടമ ദിനേശൻ,ഫോട്ടോഗ്രാഫർ സതീശൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ മുഖ്യപ്രതിയായ ബിബീഷിനെ പിടികൂടാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.തുടർന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് അറസ്റ്റിലായ ബിബീഷ്.വിവാഹ ചടങ്ങുകളുടെ വീഡിയോകളിൽ നിന്നും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോട്ടോയെടുത്ത് അശ്ളീല ചിത്രങ്ങൾ ചേർത്ത് പ്രദർശിപ്പിച്ചു എന്നാണ് കേസ്.
നഴ്സുമാരുടെ ശമ്പള പരിഷ്‌ക്കരണം;സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി
കൊച്ചി:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി ഹൈക്കോടതി തള്ളി.അന്തിമ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മാനേജ്‌മെന്റുകളുടെ ഹർജിയെ തുടർന്ന് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കോടതി നേരത്തെ സ്റ്റേ നൽകിയിരുന്നു. നഴ്സുമാരുടെ സംഘടനയും മാനേജ്മെന്‍റുകളും സർക്കാർ പ്രതിനിധികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ലേബർ കമ്മിഷൻ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ശമ്പള പരിഷ്കരണ വിജ്ഞാപനം മാർച്ച് 31ന് മുൻപ് ഇറക്കാൻ ആയിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഹൈക്കോടതി തടഞ്ഞതിനാല്‍ ഉത്തരവ് ഇറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്റ്റേ നീക്കി സർക്കാരിന് വിജ്ഞാപനമിറക്കാൻ കോടതി അനുവാദം നൽകിയത്. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20000 രൂപയായി നിശ്ചയിക്കുന്നതാണ് സുപ്രീം കോടതി സമിതി മുൻപോട്ട് വെച്ചിരിക്കുന്ന മാർഗനിർദേശം.ശമ്പള പരിഷ്ക്കരണത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാർഗനിർദേശപ്രകാരമുള്ള വിജ്ഞാപനമാകും സർക്കാർ പുറത്തിറക്കുക.ആവശ്യമെങ്കിൽ സർക്കാരിന് മാനേജ്മെന്‍റുകളും നഴ്സുമാരുമായും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി. അന്തിമ വിജ്ഞാപനമിറങ്ങിയ ശേഷം തീരുമാനമെടുക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അറിയിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനം
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വീണ്ടും നടത്താന്‍ തീരുമാനിച്ച സിബിഎസ്‌ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്.സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെയാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ്, പത്തിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
എടയന്നൂരിൽ യൂത്ത് കോൺഗ്രസ് റാലിക്ക് നേരെ കല്ലേറ്;കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു
മട്ടന്നൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് റാലിക്ക് നേരെ ഉണ്ടായ കല്ലേറിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.എടയന്നൂർ തെരൂരിലെ സി.പ്രദീപനാണ് പരിക്കേറ്റത്.ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിനായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിച്ച നവദർശന യാത്രയുടെ ഭാഗമായി കോൺഗ്രസ് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചിരുന്നു.ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടത്തിനു നേരെയാണ് കല്ലേറുണ്ടായത്. പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നും ചിതറിയോടിയ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതായും കോൺഗ്രസ് ആരോപിച്ചു.അതേസമയം സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കോൺഗ്രസ്-സിപിഎം സംഘർഷം രൂക്ഷമായിരിക്കുകയാണ്. മട്ടന്നൂർ എസ്‌ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.