തിരുവനന്തപുരം:കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ബിൽ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചത്. ഇന്നു രാവിലെ നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ കൈമാറിയത്. ആരോഗ്യ നിയമ വകുപ്പുകളുടെ പരിശോധനക്ക് ശേഷമാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചത്.കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ചു നടത്തിയ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനായാണ് നിയമസഭ ബിൽ കൊണ്ടുവന്നത്.ഭരണ-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. ഈ സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാടും സര്‍ക്കാരിന് വരും നാളില്‍ പ്രതിസന്ധിയുണ്ടാക്കും.
മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് 43 ലക്ഷം രൂപ കോഴവാങ്ങിയതായി രക്ഷിതാക്കൾ
കണ്ണൂർ:മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് 43 ലക്ഷം രൂപ കോഴവാങ്ങിയതായി രക്ഷിതാക്കൾ.ഈ തുകയ്ക്ക് കോളേജ് മാനേജ്‌മന്റ് യാതൊരു രേഖകളും നൽകിയില്ലെന്നും രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെയാണ് മാനേജ്മെന്റുകൾ പെരുമാറുന്നതെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ട രേഖകൾ സമയത്ത് നല്കാൻ മാനേജ്മെന്റുകൾ തയ്യാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.സുപ്രീം കോടതിയെ കേസിൽ കക്ഷി ചേരുമെന്നും നിയമ പോരാട്ടം തുടരുമെന്നും കണ്ണൂർ മെഡിക്കൽ കോളേജ് പേരെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് പറഞ്ഞു.
ഫീസ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ
കൊച്ചി:ഫീസ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്‍റുകൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.11 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.നേരത്തെ ഇടക്കാല ഫീസായി 11 ലക്ഷം രൂപ കോടതി അനുവദിച്ചിരുന്നുവെന്നാണ് ഈ കോളേജുകളുടെ വാദം.485000 മുതല്‍ 566000 രൂപവരെയുള്ള ഫീസാണ് ഫീസ് നിര്‍ണയ സമിതിയായ ആര്‍. രാജേന്ദ്ര ബാബു കമ്മറ്റി വിവിധ മെഡിക്കല്‍ കോളേജുകളുടെ ഈ വര്‍ഷത്തെ ഫീസായി നിര്‍ണയിച്ചത്. ഇതില്‍ എം ഇ എസ്, ക്രിസ്ത്യന്‍ മാനേജ്മെന്റ് ഉള്‍പ്പെടെ ഭൂരിഭാഗം കോളേജുകള്‍ക്കും 485000 രൂപയാണ് ഫീസ്. ഈ ഫീസ് വളരെ കുറവാണെന്നാണ് മാനേജ്മെന്റുകളുടെ വാദം.ഫീസ് കഴിഞ്ഞ വര്‍ഷത്തേതിന് ആനുപാതികമായി വര്‍ധിപ്പിക്കണമെന്നാണ് ഹൈക്കോടതിയിൽ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചതോടെ നാലായിരത്തിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം.50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ രണ്ടുദിവസമായി ജയിലിൽ കഴിയുകയായിരുന്നു. ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെ ഇരുപക്ഷത്തെയും അഭിഭാഷകര്‍ പരസ്പരം വാദിച്ചതോടെ കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കുന്നതിന് മുൻപ് കേസില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ജഡ്ജി ജോഷി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഉച്ചയ്ക്ക് ശേഷം വിധിപറയാന്‍ മാറ്റിയത്.1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് സെയ്ഫ് അലിഖാന്‍, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി സല്‍മാന് വിധിച്ചിരുന്നു. 50000 രൂപയുടെ ബോണ്ട് കെട്ടിവച്ചതോടെ സല്‍മാന്‍ ശനിയാഴ്ച്ച തന്നെ പുറത്തിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടയില്‍ ജയിലിലെ നടപടികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും.സല്‍മാനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.അതിനിടെ ശിക്ഷ വിധിച്ച ജഡ്ജിയെ അടക്കം സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് ജാമ്യാപേക്ഷയെ ബാധിച്ചില്ല.കേസിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടി വരുമെന്ന അഭ്യൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഇതിനൊപ്പം ജഡ്ജി കേസിന്റെ വിധി പറയാന്‍ ഉച്ചത്തേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സല്‍മാന്റെ ജാമ്യഹര്‍ജി തള്ളുമെന്ന അഭ്യൂഹം വരെയുണ്ടായിരുന്നു. എന്നാല്‍ വെറും 50000 രൂപയുടെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചതോടെ വലിയ ആശ്വാസമാണ് സല്‍മാനെ തേടിയെത്തിയത്.
ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം:ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്രുദീൻ അറിയിച്ചു. വ്യാപാരമേഖലയുമായി ബന്ധമില്ലാത്ത സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.തുടർച്ചയായുണ്ടായ ഹർത്താലുകൾ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.എന്നാൽ ദളിത് സംഘടനകളുടെ ആവശ്യങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും അവർ വ്യക്തമാക്കി.
വീടുകളിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്ക്കരണത്തിനുമായി നിയോഗിക്കപ്പെട്ട കർമസേനയുടെ പരിശീലനം പൂർത്തിയായി
കണ്ണൂർ:വീടുകളിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്ക്കരണത്തിനുമായി നിയോഗിക്കപ്പെട്ട കർമസേനയുടെ പരിശീലനം പൂർത്തിയായി. കുടുംബശ്രീ മിഷനാണ് ഇവർക്ക് പരിശീലനം നൽകിയത്.ജില്ലയിൽ 1428 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഹരിതകർമ സേനാംഗങ്ങളായിട്ടുള്ളത്. സേനാംഗങ്ങൾ വീടുകളിൽ നേരിട്ടെത്തി അജൈവമാലിന്യം ശേഖരിച്ച് പഞ്ചായത്തുതല ശേഖരണ കേന്ദ്രങ്ങളിലെത്തിച്ച് തരംതിരിക്കും. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി യൂസർഫീ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫീസ് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിക്കും. നിശ്ചയിച്ചിരിക്കുന്ന ഫീസ്,മാലിന്യം ശേഖരിക്കാൻ എത്തുന്ന തീയതി തുടങ്ങിയ കാര്യങ്ങൾ വീട്ടുടമകളെ നോട്ടീസ് മുഖാന്തരമോ ഗ്രാമസഭ വഴിയോ അറിയിക്കണം.തരം തിരിക്കുന്ന അജൈവപഥാർത്ഥങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ളീൻ കേരള കമ്പനിക്ക് കൈമാറും.പ്ലാസ്റ്റിക്ക് ബാഗുകൾ പോലുള്ളവ പൊടിച്ച് റോഡ് നിർമാണത്തിനായി ഉപയോഗിക്കും.ജില്ലയിൽ ഇതിനോടകം 12800 കിലോ പ്ലാസ്റ്റിക് ഇത്തരത്തിൽ റോഡ് ടാറിടാനായി കൈമാറിയിട്ടുണ്ട്.ജില്ലയിൽ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ അജൈവമാലിന്യ ശേഖരണം തുടങ്ങിയിട്ടുണ്ട്.
ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി
തിരുവനന്തപുരം:ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചു.പാകം ചെയ്ത ആഹാരവും പാകം ചെയ്യാനുള്ള വസ്തുക്കളും ഏതുതരം വസ്തുക്കൾ കൊണ്ട് പൊതിയണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ കരടിൽ വ്യക്തമാക്കുന്നുണ്ട്.ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിയമം നടപ്പിലാക്കുക. വൻകിട കച്ചവടക്കാർ മുതൽ വഴിയോര കച്ചവടക്കാർക്കുവരെ ബാധകമായിരിക്കും നിയമം.നിലവിൽ ആഹാരം പൊതിയൽ,ലേബൽ പതിക്കൽ,പരസ്യങ്ങൾ, അവകാശവാദങ്ങൾ എന്നിവയെല്ലാം ഒറ്റ നിയമത്തിനു കീഴിലാണ്.ഇത്രയും വിഷയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ആഹാരം പൊതിയുന്നതിനു മാത്രമായി പുതിയ നിയമം കൊണ്ടുവരുന്നത്.പൊതിയാൻ ഉപയോഗിക്കുന്ന പേപ്പർ,ബോർഡ്, ഗ്ലാസ്, ലോഹത്തകിട്,പ്ലാസ്റ്റിക്ക് എന്നിവയ്‌ക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും.ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചുള്ള വിതരണം മാത്രമേ അനുവദിക്കുകയുള്ളൂ. ആഹാരം സുരക്ഷിതമാക്കുക,ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക തുടങ്ങിയവയാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യക്ക് മൂന്നാം സ്വർണ്ണം
ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം.ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിംവലിംഗമാണ് രാജ്യത്തിന്‍റെ സുവർണ സ്വപ്നങ്ങൾക്ക് വീണ്ടും നിറംപകർന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത്.ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ 195 കിലോ ഉയർത്തി സഞ്ജിത ചാനു ഇന്ത്യക്ക് രണ്ടാം സ്വർണ്ണം നേടിക്കൊടുത്തു.പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെള്ളിയും പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ ദീപക് ലാതർ വെങ്കലവും നേടി.
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു
പയ്യന്നൂർ:കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഗൃഹനാഥൻ ശ്വാസംമുട്ടി മരിച്ചു.മണിയറ പൂമാലക്കാവിനു സമീപം കണ്ണാട ഭാസ്ക്കരനാണ്(61) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം.50 അടിയോളം താഴ്ചയുള്ള കിണറിൽ പന്ത്രണ്ടായിയോളം വെള്ളം ഉണ്ടായിരുന്നു.കിണറിനു താഴെ എത്തിയയുടനെ ഭാസ്ക്കരാണ് ശ്വാസതടസ്സം ഉണ്ടാവുകയും വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അസി.സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ,ലീഡിങ് ഫയർമാൻ സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ചത്ത ആടിനെയും പുറത്തെടുത്തു.കിണറ്റിൽ പ്രാണവായു ഇല്ലാത്തതാണ് മരണകാരണമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.ഭാര്യ എം.ചന്ദ്രിക,മക്കൾ:സ്മിത,സിനോജ്.
പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് സൂചന;ഗോവൻ തീരത്ത് ജാഗ്രത നിർദേശം
പനാജി:പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതിനെ തുടർന്ന് ഗോവൻ തീരത്ത് ജാഗ്രത നിർദേശം നൽകി.ഗോവൻ തീരത്തെ കാസിനോകൾക്കും ബോട്ടുകൾക്കും കപ്പലുകൾക്കുമാണ് സംസ്ഥാന സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻപ് പാക്കിസ്ഥാൻ പിടിക്കൂടിയ ഇന്ത്യയിൽ നിന്നുള്ള ഒരു മൽസ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു.ഇതിൽ ഭീകരവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.നേരത്തെ ഇത്തരത്തില്‍ കടല്‍ മാര്‍ഗം എത്തിയാണ് താജ് ഹോട്ടലിൽ ഭീകരാക്രമണം നടത്തിയത്. സമാനരീതിയില്‍ ആക്രമണം നടത്തുവാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡ് ആണ് വിവരം നല്‍കിയത്. ഗോവന്‍ തീരത്തിന് പുറമെ മുംബൈ തീരത്തും ഗുജറാത്തിന്റെ കടല്‍ പ്രദേശങ്ങളിലേക്കും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഗോവ തുറമുഖവകുപ്പ് മന്ത്രി ജയേഷ് സാൽഗാവോൻകാർ വ്യക്തമാക്കി. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.