തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഡോക്റ്റർമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്.സമരം പരിഹരിക്കാനോ നേരിടാനോ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തില്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തില്ല.സമരം നിർത്തി വന്നാൽ മാത്രം ചർച്ച നടത്താണെന്നുമാണ് ധാരണയായത്. തത്ക്കാലം എസ്മ പോലെയുള്ള നടപടികളും സ്വീകരിക്കില്ല. എന്നാല്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ വന്നേക്കും. സമരം കര്‍ശനമായി നേരിടാന്‍ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സമരം ജനകീയ പ്രതിഷേധത്തിലൂടെ നേരിടാനാണ് നീക്കം. യുവജന സംഘടനകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ഇതിനായി രംഗത്തിറക്കിയേക്കും. വേണ്ടിവന്നാല്‍ പോലീസിനെ ഇറക്കാനും സര്‍ക്കാര്‍ മടിക്കില്ല.സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. തൊഴിലാളി സംഘടനകള്‍ പോലും പതിനഞ്ച് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സമരം നടത്തുന്നത്. അതിനു പോലും മുതിരാതെയാണ് കെ.ജി.എം.ഒ.എ സമരം നടത്തുന്നതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.എന്നാൽ തങ്ങളിൽ ആർക്കെതിരെയെങ്കിലും നടപടി സ്വീകരിച്ചാൽ കൂട്ട രാജിവെയ്ക്കുമെന്നാണ് കെ.ജി.എം.ഒയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.സമരം നാലാം ദിവസത്തേക്ക് കടന്നതോടെ രോഗികള്‍ ഏറെ ദുരിതത്തിലാണ്.
ജനകീയ ഹർത്താലെന്ന് വ്യാജ പ്രചാരണം; പലയിടത്തും ബസ്സുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു
കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി.വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും കടകള്‍ അടപ്പിക്കുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു.കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയില്‍ ഹര്‍ത്താലനുകൂലികള്‍ ടയറുകള്‍ റോഡിലിട്ട് കത്തിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തി.കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി.വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് അന്തരിച്ചു
കണ്ണൂർ:തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കണ്ണപ്പള്ളിയുടെ മാതാവും അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയുമായ പി.വി കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയുമായ തോട്ടട ജവഹർ നഗർ ഹൗസിങ് കോളനിയിലെ മാണിക്യയിൽ ടി.കെ പാർവ്വതിയമ്മ(98) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് മന്ത്രിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ക്കാരം നാളെ രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത് നടക്കും. മറ്റുമക്കൾ:പി.വി രവീന്ദ്രൻ(റിട്ട.കെൽട്രോൺ ജീവനക്കാരൻ),പരേതനായ പി.വി ബാലകൃഷ്ണൻ,പി.വി ശിവരാമൻ.
കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു
തിരുവനന്തപുരം:കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു. ബാലരാമപുരം വലിയവിളാകം സ്വദേശി അയ്യപ്പനാണ്(55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കരാർ ജീവനക്കാരനായ മേലാംകോട് സ്വദേശി ഹരീന്ദ്ര കുമാറിന് പരിക്കേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നുമണിയോട് കൂടി പാമാംകോടിന് സമീപം വില്ലംകോട്ടയിലാണ് അപകടം നടന്നത്.വ്യാഴാഴ്ച രാത്രി ഉണ്ടായ മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി തൂൺ ഒടിഞ്ഞിരുന്നു.ഇത് മാറ്റാൻ എത്തിയതാണ് ഇവർ.ഇവർ ജോലി ആരംഭിച്ചപ്പോഴേക്കും മഴ പെയ്തതിനെ തുടർന്ന് തൊട്ടടുത്ത മരത്തിനു ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണ് മിന്നലേറ്റത്.പരിക്കേറ്റ അയ്യപ്പനെയും ഹരീന്ദ്രനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അയ്യപ്പൻറെ ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്തു
ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്തു.തലശ്ശേരി കതിരൂർ സ്വദേശി സിദ്ദിക്കാണ് കവർച്ചയ്ക്കിരയായത്.വെള്ളിയാഴ്ച രാവിലെ അഞ്ചര മണിയോടെ ബെംഗളൂരു കലാസിപാളയത്തിൽ ബസ്സിറങ്ങിയ സിദ്ദിക്ക് കമ്മനഹള്ളിയിലേക്കുള്ള ബസ്സിൽ കയറാനായി സിറ്റി മാർക്കറ്റിലേക്ക് നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന 20000 രൂപയും 15000 രൂപയുടെ മൊബൈൽ ഫോണും അക്രമികൾ കവർന്നു.അക്രമത്തിൽ വലതു കൈക്ക് സാരമായി പരിക്കേറ്റ സിദ്ദിക്ക് വിക്റ്റോറിയ ആശുപത്രിയിൽ ചികിത്സ തേടി.കൈക്ക് ആറു തുന്നിക്കെട്ടുകളുണ്ട്. കമ്മനഹള്ളിയിലെ മഹാബസാർ സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ് സിദ്ദിക്ക്.സംഭവത്തിൽ കലാസിപാളയത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തില്ലങ്കേരിയിൽ സ്‌ഫോടനത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു
ഇരിട്ടി:തില്ലങ്കേരി പള്ള്യാത്ത് വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരമണിയോടെ പള്ള്യാത്ത് മടപ്പുരയ്ക്ക് സമീപം അശ്വിൻ നിവാസിൽ സുരേഷിന്റെ വീടിനു പിറകിലാണ് സ്‌ഫോടനമുണ്ടായത്.സുരേഷിന്റെ മകൻ അശ്വിൻ(23),സുഹൃത്തും അയൽവാസിയുമായ രഞ്ജിത്ത് എന്ന കുട്ടൻ(25) എന്നിവർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴാണ് ഇരുവർക്കും പരിക്കേറ്റതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് മുഴക്കുന്ന് എസ്‌ഐ സി.രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനു പിറകിൽ നിന്നും സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടം,പൊട്ടക്കിണറ്റിൽ നിന്നും വസ്ത്രങ്ങൾ,സ്‌ഫോടക വസ്തു നിർമാണ സാമഗ്രികൾ, പടക്കങ്ങൾ എന്നിവ കണ്ടെടുത്തു.പരിക്കേറ്റവർ സിപിഎം പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.എന്നാൽ സംഭവവുമായി യാതൊരു ബന്ധവും സിപിഎമ്മിനില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.അതേസമയം സംഭവത്തെ കുറിച്ച് ഗൗരവപരമായ അന്വേഷണം നടത്തണമെന്ന് ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ട്രാൻസ്പോർട്ട് അതോറിറ്റി ഇറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഇറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എൽ. ജോണ്‍സണ്‍ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ജനുവരി നാലിനാണ് സർക്കാർ ഉത്തരവിറക്കിയത്.സിറ്റി-ടൗണ്‍ സർവീസ് ബസുകൾക്ക് ലൈം ഗ്രീൻ നിറവും ഓർഡിനറി-മൊഫ്യൂസൽ സർവീസ് ബസുകൾക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്ക് മെറൂണ്‍ നിറവുമാണ് നിഷ്കർഷിച്ചിട്ടുള്ളത്.ഫെബ്രുവരി ഒന്നു മുതൽ ഇതു നടപ്പാക്കുമെന്നും പാലിക്കാത്ത ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ഡോക്റ്റർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്;ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആവശ്യത്തിന് ജീവനക്കാരെയും ഡോക്റ്റർമാരും നിയമിക്കാതെ ആശുപത്രികളിലെ ഓ.പി സമയം ദീർഘിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സമരം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും രോഗികളെ വലച്ചു.പലയിടത്തും രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാറും നടപടിയെടുത്താൽ നേരിടുമെന്ന് കെജിഎംഒഎയും മുന്നറിയിപ്പ് നൽകി.അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.മുന്‍കൂട്ടി അവധിയെടുക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി കണക്കാക്കി ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. പണിമുടക്കിനെ തുടർന്ന് ആരോഗ്യ വകുപ്പ് ബദൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒ പികളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്.എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ.ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:അംബേദ്‌കർ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമാണ് അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നത്.അംബേദ്കര്‍ ജയന്തിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
കത്തുവ പീഡനം;കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കശ്മീരിലെ കത്തുവായിൽ എട്ടുവയസ്സുകാരി കൂരമായി ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി.കത്തുവ,ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അഭിഭാഷകർ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമർശം.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മുവിലെ കഠുവയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കനുകൂലമായി ഒരു സംഘം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കഠുവയിലെയും ജമ്മുവിലെയും ഒരു വിഭാഗം അഭിഭാഷകര്‍ പ്രതികള്‍ക്കനുകൂലമായി നിയമ നടപടികളില്‍ ഇടപെടല്‍ നടത്തുന്നതായി കാണിച്ച് അഭിഭാഷകനായ പി.വി ദിനേശ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ കഠുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി ഒരു വിഭാഗം അഭിഭാഷകര്‍ തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. കൂടാതെ, ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ കഠുവ ബാര്‍ അസോസിയേഷന്റെ പിന്തുണയോടെ ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടന രംഗത്തെത്തിയിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.ഇതേ തുടർന്നാണ് കേസ് സ്വയം ഏറ്റെടുക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.