കോഴിക്കോട്:അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ബോധപൂർവമുള്ള സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘർഷവും അരങ്ങേറിയിരുന്നു. ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും.വൈകിട്ട് ആറരമുതൽ ഒൻപതരവരെ ആണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. താപനിലയങ്ങളിൽനിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായതാണ് കാരണം.
ഓണ്‍ലൈന്‍ സേവനങ്ങളുടെ ഏകോപനത്തിന് ഡിജിറ്റല്‍ കര്‍മസേന തയ്യാറായി
കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാനും സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനും കര്‍മപദ്ധതി തയാറായി. ഇതിന്‍റെ ഭാഗമായി ജില്ലയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ വി.ആര്‍. കണ്ണൂര്‍ എന്ന ആപ്പിന്‍റെ വ്യാപനത്തിനും ഓണ്‍ലൈന്‍ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തിലുള്ള ബോധവത്കരണത്തിനുമായി ഡിജിറ്റല്‍ കര്‍മ സേനയ്ക്ക് രൂപം നല്‍കി.സര്‍ക്കാര്‍ ഓഫീസുകളിലെ ഐടി പ്രഫഷനലുകളും അക്ഷയ കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളുടെ സംരംഭകരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കര്‍മ സേന. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, സംസ്ഥാന ഐടി മിഷന്‍, കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ കേരള, നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് കര്‍മ സേന രൂപീകരിച്ചത്.കോ-ഓർഡിനേഷന്‍, ബോധവത്കരണം, സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി എൺപതോളം പേര്‍ അടങ്ങുന്നതാണ് കര്‍മ സേന. ജില്ലാ കളക്ടർ മിര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇഗവേണന്‍സ് സൊസൈറ്റി ഡിസ്ട്രിക്ട് പ്രോജക്ട് മാനേജര്‍ സി.എം. മിഥുന്‍ കൃഷ്ണ, വികാസ് പീഡിയ സ്റ്റേറ്റ് കോഓർഡിനേറ്റര്‍ സി.വി. ഷിബു എന്നിവരാണ് കര്‍മസേനയ്ക്ക് മേല്‍നോട്ടം വഹിക്കുക.
ചുഴലിക്കാറ്റിൽ അഴീക്കോട് മേഖലയിൽ വ്യാപക നാശനഷ്ടം
കണ്ണൂർ:ചൊവ്വാഴ്ച പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റിൽ അഴീക്കോട് മേഖലയിൽ വ്യാപക നാശനഷ്ടം.നീർക്കടവ് തീരാത്ത മീൻപിടിത്ത വള്ളങ്ങൾ തകർന്നു.തീരാത്ത കയറ്റിയിട്ടിരുന്ന ഒരു വള്ളം 50 മീറ്റർ അകലെയുള്ള മറ്റൊരു വള്ളത്തിന്റെ മേലെ വന്നു പതിക്കുകയായിരുന്നു. വള്ളങ്ങളുടെ എൻജിനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നീർക്കടവിലെ കെ.പി ജയരാന്ജറെ വീടിന്റെ മേൽപ്പുരയുടെ ഓടുകളും കാറ്റിൽ പറന്നു. പുതിയതെരു,കടലായി ശ്രീകൃഷ്‌ണ ക്ഷേത്രം എന്നീ ഭാഗങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചു.കടലായി ക്ഷേത്രത്തിനു സമീപത്തുള്ള ഹരിശ്രീ വിവാഹ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നു.കസ്ത്ര ഗോപുരത്തിന്റെ അൻപതോളം ഓടുകളും കാറ്റിൽ പറന്നു.
ഇരിട്ടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
ഇരിട്ടി:ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇരിട്ടി മാടത്തിൽ സ്വദേശി കെ.സേതു(27)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ഇരിട്ടി-കൂട്ടുപുഴ റോഡിൽ മാടത്തിൽ ടൗണിൽ വെച്ചായിരുന്നു അപകടം.സേതു സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സേതു സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഇരിട്ടി പോലീസ് എത്തി മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.എറണാകുളത്തു വീഡിയോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു സേതു.അവിവാഹിതനാണ്. അച്ഛൻ:മധു,അമ്മ:പദ്മിനി.
മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു
ഭോപ്പാൽ:മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഭോപ്പാലിൽ നിന്നും 680 കിലോമീറ്റർ അകലെ സിധി ജില്ലയിലെ അമേലിയയിൽ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. സിവഹയിലെ പാംറിയ ഗ്രാമത്തിൽ നിന്നും വരന്റെ ആൾക്കാരുമായി പോയ ബസ് സിദ്ധി ജില്ലയിലെ ജോഗ്‌ദഗഹ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് നൂറടി താഴ്ചയിലുള്ള സോൺ നദിയിലേക്ക് പതിക്കുകയായിരുന്നു.ബസ്സിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.സംഭവത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന രക്ഷാപ്രവർത്തനം തുടരുകയാണ്.
കോഴിക്കോട്ട് വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്
കോഴിക്കോട്:കോഴിക്കോട് പേരാബ്രയിൽ സിപിഎം,ശിവാജിസേന പ്രവർത്തകരുടെ വീടിനു നേരെയും ഹോട്ടലിനു നേരെയും ബോംബേറ്.രണ്ടു സിപിഎം പ്രവർത്തകരുടെയും രണ്ടു ശിവജിസേനാ പ്രവർത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വിഷു ദിനത്തിൽ പേരാമ്പ്രയിൽ വെച്ചുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം; കണ്ണൂരും കാസർകോട്ടുമായി നൂറിലേറെപ്പേർ അറസ്റ്റിൽ
കണ്ണൂർ:വാട്സ് ആപ്പ് വഴി വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തവരും പ്രചരിപ്പിച്ചവരുമായി നൂറോളം പേർ കണ്ണൂരും കാസർകോട്ടുമായി പിടിയിലായി. സമൂഹമാധ്യമങ്ങളിൽ ആരോ തുടങ്ങിവെച്ച ഹർത്താൽ ആഹ്വാനം വ്യാപകമായി പ്രചരിക്കുകയായിരുന്നു.ഞായറാഴ്ച്ച രാത്രി പന്ത്രണ്ടു മണിമുതൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഹർത്താൽ എന്നായിരുന്നു വ്യാജ പ്രചാരണം. കണ്ണൂർ ടൌൺ സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്ത 25 പേരും പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ ഇരിട്ടിയിൽ മൂന്നുപേരുമാണ് റിമാന്റിലായത്. ഹർത്താൽ അനുകൂലികളുടെ അക്രമത്തിൽ ഇരിട്ടി എസ്‌ഐക്ക് പരിക്കേറ്റിരുന്നു. കണ്ണൂരിൽ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ ആറു പോലീസുകാർക്ക് പരിക്കേറ്റു.അപ്രഖ്യാപിത ഹർത്താൽ പ്രചാരണം നടത്തി കടയടപ്പിച്ചതിനും റോഡ് തടസ്സപെടുത്തിയതിനും സംഘം ചേർന്ന് പ്രകടനം നടത്തിയതിനും കാസർകോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം നല്കിയവരെയും ഈ മെസ്സേജുകൾ പ്രചരിപ്പിച്ചവരെയും കണ്ടെത്താൻ പോലീസ് ഊർജിത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.നിരവധി ഫോണുകൾ ഇന്നലെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇത് വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.
മക്ക മസ്ജിദ് കേസിൽ വിധിപറഞ്ഞ ജഡ്ജി മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചു
ഹൈദരാബാദ്:2007 ഇൽ ഹൈദരാബാദിലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഢി രാജിവെച്ചു.കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി വെച്ചത്.വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമർപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ രാജിക്ക് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പതിനൊന്ന് വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിലെ ചാർമിനാറിനടുത്തു മക്ക മസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒൻപതു പേർ മരിക്കുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എൻഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു
കണ്ണൂർ:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പലയിടത്തും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ നിരത്തിലിറങ്ങിയില്ല.പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും കല്ലേറും റോഡ് തടസ്സപ്പെടുത്തലും കാരണം പിന്നീട് ഓട്ടം നിർത്തിവെച്ചു. മലബാറിലെ ജില്ലകളിലാണ് ഹർത്താൽ കാര്യമായി ബാധിച്ചത്.പലയിടത്തും അക്രമങ്ങളുണ്ടായി. ആറ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു.കണ്ണൂരിൽ ടൌൺ സ്റ്റേഷനിലേക്ക് പ്രകടനമായി എത്തുകയും സ്റ്റേഷനിലേക്ക് തള്ളി കയറുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 20 ഓളം വരുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നേരത്തെ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത 15 ഓളം പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാൻ ടൌൺ സ്റ്റേഷനിലെത്തിയ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ താനൂരിൽ ഹർത്താൽ അക്രമാസക്തമായി. ഹർത്താൽ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റു.താനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.