തിരുവനന്തപുരം:ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ലോങ്ങ് മാർച്ച് നടത്താനൊരുങ്ങുന്നു.ചേർത്തല കെവിഎം ആശുപത്രി മുതൽ സെക്രെട്ടറിയേറ്റ് വരെ മാർച്ച് നടത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.’വാക് ഫോർ ജസ്റ്റിസ്’എന്നാണ് ലോങ്ങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്.നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി എം ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.മിനിമം വേജ് ഉപദേശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിന്മേല്‍ തീരുമാനമെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോങ്ങ് മാർച്ച് നടത്താൻ നഴ്സുമാർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി വേണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് മുമ്ബാകെ തടസ്സങ്ങളില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.മാനേജ്‌മെന്റുകള്‍ക്കാകട്ടെ നഴ്‌സുമാര്‍ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശമ്ബള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മില്‍ നിന്ന് ലോങ് മാര്‍ച്ചും തുടങ്ങുന്നത്. തങ്ങള്‍ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്‌സുമാര്‍ക്കുണ്ട്.നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.നിരവധി രോഗികളാണ് വെന്റിലേറ്ററിലും മറ്റും കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങും.ഇതിനൊപ്പം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റും. യുഎന്‍എ പോലുള്ള ശക്തമായ സംഘടന സമരത്തിലേക്ക് നീങ്ങുമ്പോൾ ഉചിതമായ നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനാണ്.
വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ കുഴൽപ്പണവും 800 ഗ്രാം സ്വർണ്ണവും പിടികൂടി
ഇരിട്ടി:വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ കുഴൽപ്പണവും 800 ഗ്രാം സ്വർണ്ണവും പിടികൂടി.എക്‌സൈസ് സംഘം കിളിയന്തറ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.ബാഗിലാക്കി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും.സംഭവവുമായി ബന്ധപ്പെട്ട് വയനാട് കമ്പളക്കാട് സ്വദേശി കെ.കെ മുഹമ്മദ് ഇക്‌ബാലിനെ(25) അറസ്റ്റ് ചെയ്തു.ഇരിട്ടിയുള്ള ജ്വല്ലറിലേക്ക് കൊണ്ട് പോവുകയായിരുന്നു സ്വർണ്ണമെന്ന് പറഞ്ഞെങ്കിലും രേഖകളൊന്നും ഉണ്ടായിരുന്നില്ല.പിടികൂടിയ സ്വർണ്ണവും പണവും ഇരിട്ടി പൊലീസിന് കൈമാറി.
കണ്ണൂരിൽ 17 പേർക്ക് മലമ്പനി സ്ഥിതീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ 17 പേർക്ക് മലമ്പനി സ്ഥിതീകരിച്ചു.ഇതിൽ ഒൻപതുപേരും മറുനാടൻ തൊഴിലാളികളാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുമ്പോഴും പനി പടരുന്നത് പൂർണ്ണമായും തടയാനാകാത്തത് ആശങ്കയുളവാക്കുന്നുണ്ട്.രോഗം സ്ഥിതീകരിച്ച എട്ടുപേരിൽ അയൽ സംസ്ഥാനത്ത് പഠിക്കുന്നവരും ലോറി ഡ്രൈവർമാരുമാണ് കൂടുതൽ.പനി പകരുന്നത് കണ്ടെത്താനും പ്രതിരോധിക്കുന്നതിനും ചികിൽസിക്കുന്നതിനുമായി നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിതീകരിക്കാനാകൂ.വീടിനു ചുറ്റും പരിസര പ്രദേശങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് തടയുക,കിണറുകൾ,ടാങ്കുകൾ,വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാം കൊതുക് കടക്കാത്ത വിധത്തിൽ മൂടിവെയ്ക്കുക,ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയവയാണ് പനി പടരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ. ഇടവിട്ടുള്ള പനി,വിറയൽ,പേശിവേദന,തലവേദന എന്നിവയാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. മനംപുരട്ടൽ,ഛർദി,വയറിളക്കം,ചുമ, തൊലിപ്പുറമെയും കണ്ണിനും ഉണ്ടാകുന്ന മഞ്ഞനിറം എന്നിവയും മലമ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
കണ്ണൂർ തോട്ടടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ:കണ്ണൂർ തോട്ടടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.തോട്ടട സമാജ്‌വാദി കോളനിയിലെ സുനിലിന്റേയും ബിപിനയുടെയും രണ്ടുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.കുഞ്ഞിനെ ആദ്യം തോട്ടട ഇഎസ്‌ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്റ്റർ നിർദേശിക്കുകയായിരുന്നു.കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും കണ്ണൂരിലേക്ക് പോകാൻ ഓട്ടോഡ്രൈവർ വിസമ്മതിച്ചതായി പറയുന്നു.പിന്നീട് ബൈക്കിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം ഒരു ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഉള്ളതിനാലാണ് കുട്ടിയെ ഓട്ടോയിൽ കയറ്റാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
കലൂരിൽ നിർമാണത്തിലിരിക്കുന്ന മൂന്നു നില കെട്ടിടം ഇടിഞ്ഞു താണു
കൊച്ചി:കൊച്ചിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടം ഭൂമിയിലേക്ക് ഇടിഞ്ഞു താണു.നിർമാണത്തിലിരിക്കുന്ന പോത്തീസിന്റെ ബഹുനില കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്.30 മീറ്റർ നീളമുള്ള പില്ലറുകൾ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്. രണ്ടു ജെസിബി മണ്ണിനടിയിൽപ്പെട്ടു.ഇന്നലെ രാത്രി പത്തുമണിയോട് കൂടിയാണ് അപകടം നടന്നത്.ആ സമയത്ത് ജോലിക്കാർ സ്ഥലത്തില്ലായിരുന്നു. ഇതുമൂലം വൻദുരന്തം ഒഴിവായി. സമീപത്തുകൂടി കടന്നു പോകുന്ന വലിയ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ മണ്ണിടിഞ്ഞ് പോയതാണ് അപകടകാരണം.ഇതിന് സമീപത്തുകൂടിയാണ് കൊച്ചി മെട്രോ കടന്നു പോകുന്നത്. അപകടത്തെ തുടർന്ന് പില്ലറിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി. വെള്ളിയാഴ്ച മെട്രോ സർവീസ് പാലാരിവട്ടംവരെ മാത്രമേ ഉണ്ടാവുകയുള്ളു. ജില്ലാ കലക്റ്റർ,ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നാലുമാസത്തിനിടെ ഒരു കുടുംബത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നുപേർ;അമ്പരപ്പിൽ ഒരു നാട്;പരിശോധനയ്ക്കായി വിദഗ്ദ്ധസംഘം
തലശ്ശേരി:ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിൽ ഒരു കുടുംബത്തിൽ നാലുമാസത്തിനിടെ മൂന്നു ദുരൂഹ മരണങ്ങൾ.ആറു വർഷം മുൻപും ഈ കുടുംബത്തിലുണ്ടായ ഒരു മരണമടക്കം നാലുപേരും മരിച്ചത് ഛർദിയെ തുടർന്ന്.ഇതിനിടെ വീട്ടിൽ അവശേഷിച്ചിരുന്ന അഞ്ചാമത്തെയാളായ യുവതി കൂടി ഛർദിയെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛർദിയെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ സൗമ്യയെ(28) വിദഗ്ദ്ധ സംഘം പരിശോധിച്ചു.ആറുവർഷം മുൻപായിരുന്നു സൗമ്യയുടെ ഇളയ മകൾ കീർത്തന ഛർദിയെ തുടർന്ന് മരിച്ചത്.അന്ന് കീർത്തനയ്ക്ക് ഒരുവയസ്സായിരുന്നു.മരണത്തിൽ സംശയം ഒന്നും തോന്നാത്തതിനെ തുടർന്ന് കീർത്തനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ല.ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സൗമ്യ.പിന്നീട് ഈ വർഷം ജനുവരി 12 നു സൗമ്യയുടെ മൂത്ത മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഐശ്വര്യയും ഇതേ സാഹചര്യത്തിൽ മരണമടയുകയായിരുന്നു. മരണത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തില്ല.ഇതിനു ശേഷം മാർച്ചിൽ സൗമ്യയുടെ അമ്മ കമലയും ഛർദിയെ തുടർന്ന് മരണപ്പെട്ടു.പിന്നീട് ഏപ്രിലിൽ സൗമ്യയുടെ അച്ഛൻ കരുണാകരനും ഛർദിയെ തുടർന്ന് മരിച്ചു.തുടർച്ചയായി മൂന്നു മരണങ്ങൾ സംഭവിച്ചതോടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.തുടർന്ന് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്താനായില്ല.ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ നിഗമനങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളൂ.ഇത് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ആശുപത്രിൽ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അപകട നില തരണം ചെയ്തിട്ടുണ്ട്.ഇവരുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നാല് മരണങ്ങളെയും കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കുമെന്ന് തലശ്ശേരി സിഐ കെ.ഇ പ്രേമചന്ദ്രൻ അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസുകാരെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:വാരാപ്പുഴയിൽ കസ്റ്റഡിയിലായിരിക്കെ പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ആർടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്ന് പറവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക.ബുധനാഴ്ച രാത്രിയാണ് കളമശ്ശേരി എ ആർ ക്യാമ്പിലെ പോലീസുകാരായ ജിതിൻ രാജ്,സന്തോഷ് കുമാർ,സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ ഇവരാണ് ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഇവരെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം രാത്രി ഏഴരമണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കൊലക്കുറ്റം,അന്യായമായി തടങ്കലിൽ വെയ്ക്കൽ,തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയതെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.
കണ്ണൂരിൽ വനിതാ ഡോക്റ്ററെ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ഡിജിപിക്ക് പരാതി നൽകി
കണ്ണൂർ:തനിക്കെതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് കണ്ണൂർ ടൌൺ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്റ്റർ ഡിജിപിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു.വൈകുന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ഡോ.പ്രതിഭയോട് തയ്യാറാക്കിയ മെഡിക്കൽ രേഖകൾ തിരുത്തണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. വൈകിട്ട് കൊണ്ടുവന്ന പ്രതികളുടെ ദേഹപരിശോധന നടത്താതെ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.ഇത് അനുസരിക്കാത്തതിനെ തുടർന്ന് എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ.പ്രതിഭ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ ഇത് സംബന്ധിച്ച് ഡോക്റ്റർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും ഡോക്റ്ററുടെ പരാതിയിൽ പറയുന്നു.എന്നാൽ ഡോക്റ്ററുടെ പരാതിയിൽ പോലീസ് വിശദീകരണം നൽകിയിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കുനതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തുന്നതിന് വൈകുന്നേരം 4 മണിയോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.രാത്രി 8 മണി ആയിട്ടും വൈദ്യ പരിശോധന നടപടികൾ പൂർത്തിയാവാത്തതിനാൽ 25 ഓളം വരുന്ന പ്രതികൾ ബഹളം വെക്കുകയും അകമ്പടി ഡ്യൂട്ടിയിലുണ്ടായ പോലിസ് ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു.പ്രതികളുടെ ബന്ധുക്കളും സുഹ്യത്തുക്കളും എന്ന് സംശയിക്കുന്ന ഒട്ടേറെ പേർ പ്രതികൾ വന്ന വാഹനം വളയുകയും ചെയ്തു.തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ ഫോഴ്സ് ആശുപത്രി പരിസരത്തെക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. എന്നാൽ 10.30 മണിയായിട്ടും വൈദ്യ പരിശോധന നടത്തുകയോ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്തില്ല.ഇതിനിടയിൽ JFC M I മജിസ്ട്രേറ്റ് കോടതി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടും കോടതിയിൽ ഹാജരാക്കാൻ വൈകിയതിൽ എസ്‌ഐ ശ്രീജിത്ത് കൊടേരിയോട് വിശദികരണം ആവശ്യപ്പെട്ടു.തുടർന്ന് 10.45 മണിയോട് കൂടി ടൗൺ എസ്‌ഐ ജില്ലാ ആശുപത്രിയിൽ എത്തുകയും പ്രതികളുടെയും മറ്റ് ബന്ധുക്കളുടെയും ബഹളവുംമറ്റും കാരണം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടാൻ സാധ്യതയുള്ളതിനാലും മറ്റ് അനിഷ്ട സംഭവങ്ങൾക്കും കാരണമായേക്കാവുന്നതിനാൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണുകയും സ്ഥിതിഗതികളുടെ ഗൗരവം ഡോക്ടറെ മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്തു.എന്നാൽ ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ അതിന്റെ ചർച്ചയുടെ പുരോഗതിക്ക് കാത്തിരിക്കുകയാണെന്നും സമരവുമായി ബന്ധപെട്ട് ഡോക്ടർക്കുള്ള വിഷമങ്ങൾ പറയുകയും തുടർന്ന് ടൗൺ എസ്‌ഐ അവിടെ നിന്നും പോകുകയും ചെയ്തു.ആ സമയം നല്ല രീതിയിൽ പെരുമാറുകയും പിരിയുകയും ചെയ്ത ഡോക്ടർ പിന്നീട് പരാതി കൊടുത്തത് മറ്റാരോ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാവാനാണ് സാധ്യതയെന്നും, അല്ലാതെ ഡോക്ടറുടെ പരാതിയിൽ യാതൊരു കഴമ്പില്ലെന്നും പോലീസ് വിശദീകരിച്ചു.
മെയ് ഒന്നുമുതൽ റേഷനരിക്ക് ഒരു രൂപ കൂടും
തിരുവനന്തപുരം:മെയ് ഒന്ന് മുതൽ അന്ത്യോദയ അന്ന യോജനയിൽപ്പെട്ട ഉപഭോക്താക്കൾക്കൊഴികെ എല്ലാ വിഭാഗങ്ങൾക്കും റേഷനരിക്ക് ഒരു രൂപ കൂടും. ഇപ്പോൾ സൗജന്യമായി അരി ലഭിക്കുന്ന മുൻഗണന വിഭാഗക്കാരും ഇനി മുതൽ കിലോഗ്രാമിന് ഒരുരൂപ നിരക്കിൽ നൽകണം.ഇ-പോസ് മെഷീൻ എല്ലാ റേഷൻ കടകളിലും മെയ് ഒന്ന് മുതൽ നിലവിൽ വരുന്നതോടെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കൂടുതലുള്ള വേതനം നിൽവിൽ വരും.ഇവരുടെ കുറഞ്ഞ വേതനം 16000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.ഇപ്പോൾ കിന്റലിന് 100 രൂപയാണ് വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നത്.ഇത് ഇനി മുതൽ 220 രൂപയാകും.ഈ ഇനത്തിൽ അധികം വേണ്ടിവരുന്ന 120 കോടി രൂപ കണ്ടെത്താനാണ് ഉപഭോക്താക്കളിൽ നിന്നും ഒരു രൂപ അധികം ഈടാക്കുന്നത്.ഈ ഇനത്തിൽ കേന്ദ്രസർക്കാർ സഹായമായി കിന്റലിന് 43.50 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും.റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ 20 ശതമാനം അരി മിച്ചം വരുന്നതായി കണ്ടെത്തിയിരുന്നു.ഈ അരി കിലോയ്ക്ക് 9.90 നിരക്കിൽ പൊതു വിഭാഗത്തിന്(വെള്ള കാർഡ്)നൽകും.
സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര നിലപാടുളള സംഘടയിലെ ഒരുവിഭാഗം പേര്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കഴിഞ്ഞദിവസം ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാർ ഞായറാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാമൂഹ്യമാധ്യമ പ്രചാരണത്തെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിട്ടുള്ളത്. എല്ലാ സ്ഥലങ്ങലും പോലീസിനെ വിന്യസിക്കാനും അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.വ്യാഴാഴ്ച കോഴിക്കോട്ട് എസ്ഡിപിഐ നടത്താനിരുന്ന പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.