കൊച്ചി:സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ. ഭീഷണിപ്പെടുത്തി നേടിയ ശമ്പള വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി മാനേജ്മെന്റുകൾ.പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും അല്ലാത്തപക്ഷം ചികിത്സ നിരക്ക് കൂട്ടേണ്ടി വരുമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു.വിഷയം ചർച്ച ചെയ്യാൻ മാനേജ്‌മന്റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും.അതേസമയം വർധിപ്പിച്ച ശമ്പളം ഈ മാസം മുതൽ നഴ്സുമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രികൾക്ക് നോട്ടീസ് നൽകി. ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം;ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണത്തിനു പിന്നിലെ കുരുക്കഴിയുന്നു.ഏറ്റവും ഒടുവിൽ മരിച്ച കമലയുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇവരുടെ ഉള്ളിൽ അലുമിനിയം ഫോസ്‌ഫേറ്റ് എത്തിയതായി കണ്ടെത്തി. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു.അലുമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു നേരിയ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും ഛർദിയും ശ്വാസം മുട്ടലും ഉണ്ടാകും.രക്തസമ്മർദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്റ്റർമാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയെ ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ തന്നെ ഈ മരണങ്ങൾ കൊലപാതകമാണെന്നതിന്റെ ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നു പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദ്ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസ് നിഗമനം. നാലുപേരും രോഗം പൂര്‍ണ്ണമായി ഭേതമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി. വെള്ളം സ്വന്തം നിലയ്ക്കു ശേഖരിച്ചു കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണം എന്നും വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭൂഗര്‍ഭജല വകുപ്പ് പടന്നക്കരയില്‍ എത്തി സൗമ്യയുടേതുള്‍പ്പടെ 25 വീടുകളില്‍ നിന്നു ജലം ശേഖരിച്ചു പരിശോധന നടത്തിയതില്‍ കിണറുകളിലെ ജലത്തിനു കുഴപ്പമുള്ളതായി കണ്ടെത്തിട്ടില്ല. 2012 ലാണ് സൗമ്യയുടെ ഒരു മകൾ ഛർദിയും വയറുവേദനയും കാരണം മരണമടഞ്ഞത്.ഇതേ രോഗ ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ മകൾ ഐശ്വര്യയും മരിച്ചത്.പിന്നീട് സൗമ്യയുടെ അമ്മയും അച്ഛനും ഇതേ സാഹചര്യങ്ങളിൽ മരണമടയുകയായിരുന്നു.തുടർച്ചയായി നാല് മരണങ്ങൾ നടന്നതോടെ സൗമ്യയുടെ ഒരു ബന്ധുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സൗമ്യയും സമാന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ആവുകയും ചെയ്തു.ഇതും ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗമ്യയെയും വീടുമായി അടുപ്പമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു;തീരുമാനം ശമ്പള വർദ്ധനവിനെ തുടർന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ശമ്പള പരിഷ്‌ക്കരണ ഉത്തരവിനെ തുടർന്നാണ് തീരുമാനം.ചൊവ്വാഴ്ച ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നഴ്സുമാർ നടത്താനിരുന്ന ലോങ്ങ് മാർച്ചും പിൻവലിച്ചു.പുതിയ ഉത്തരവനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയിൽ നിന്നും 20000 രൂപയാക്കി.ശമ്ബളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ട്.100 കിടക്കകൾ വരെ ഉള്ള ആശുപത്രികളിലാണ് അടിസ്ഥാന ശബളം 20000 രൂപയാക്കി ഉയർത്തിയത്.101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 22000 രൂപയാണ്.301 മുതൽ 500 വരെ 24000 രൂപ,501 മുതൽ 700 വരെ 26000 രൂപ,701 മുതൽ 800 വരെ 28000 രൂപ,800 നു മുകളിൽ 30000 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനോടൊപ്പം അമ്പതു ശതമാനം വരെ അധിക അലവൻസും കിട്ടും.ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16000 രൂപ മുതൽ 2209 വരെയാണ് അടിസ്ഥാന ശമ്പളം.ഏതായാലും ശമ്ബളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത്.സമരം പിന്‍വലിച്ചെങ്കിലും നഴ്സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.
ടാറ്റ നെക്‌സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍;ബുക്കിംഗ് ആരംഭിച്ചു
മുംബൈ:പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി അടുത്ത മാസം വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു.11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.2018 ലെ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്.ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് ഇനി മുതല്‍ മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക.പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും ആയിരിക്കും.ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയിൽ ഇറക്കുക.മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പിന്റെ സവിശേഷതകളാണ്. തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.
കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അറസ്റ്റിൽ
പുത്തൂർ:കാരിക്കലിൽ കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അറസ്റ്റിൽ.കാരിക്കൽ കൊല്ലാറഴിക്കകത്ത് വീട്ടിൽ അമ്പിളി(24),ഭർത്താവ് മഹേഷ്(26) എന്നിവരാണ് അറസ്റ്റിലായത്.ഗർഭിണിയാണെന്ന വിവരം എല്ലാവരിൽ നിന്നും മറച്ചുവെച്ച അമ്പിളി കഴിഞ്ഞ പതിനേഴാം തീയതി വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.ശേഷം ഇവർ കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ കുഴിച്ചു മൂടുകയുമായിരുന്നു.പിന്നീട് തെരുവുനായ്ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു.നാലുമാസം ഗർഭിണിയായിരുന്നപ്പോൾ ഇവർ പലതവണ ഗർഭഛിദ്രത്തിന് ശ്രമിച്ചിരുന്നെങ്കിലും ഡോക്റ്റർമാർ സമ്മതിച്ചിരുന്നില്ല. ഭാര്യയ്‌ക്കൊപ്പം പലതവണ ഗർഭഛിദ്രത്തിന് ശ്രമിച്ചു എന്നുള്ളതാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.പ്രണയ വിവാഹം കഴിച്ച ഇവർക്ക് രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്.
പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒൻപതു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു.സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‍റെ അനുമതിയോടെയാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.ഇക്കഴിഞ്ഞ ജനുവരി 21 നാണ് ഛർദിയും വയറിളക്കവും കാരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഐശ്വര്യ മരണമടഞ്ഞത്.ഐശ്വര്യയുടെ അമ്മ സൗമ്യയെയും കഴിഞ്ഞ ദിവസം ഇതേ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് സമാനമായ രീതിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍.നാലു പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സംഭവത്തിൽ ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്‍റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നാല് പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നാല് പേരും ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്.
കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോതമംഗലം:കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചാത്തമറ്റത്ത് കാക്കുന്നേൽ ശശി,ഭാര്യ ഓമന,മകൻ ശ്രീകൃഷ്ണൻ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിഷദ്രാവകം പോലെ കരുതുന്ന കുപ്പികളും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.ശ്രീകൃഷ്ണനെ കൂടാതെ മൂന്നുപെണ്മക്കളും ശശിക്കുണ്ട്.പാലക്കാട് ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണൻ നാട്ടിലെത്തിയതിനു ശേഷം മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചോറ്റാനിക്കരയിലും മറ്റും തീർത്ഥാടനം കഴിഞ്ഞ ശേഷം ഇന്നലെ വൈകുന്നേരമാണ് ഇവർ വീട്ടിലെത്തിയത്.ശ്രീകൃഷ്‌ണൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബവുമായി വിവാഹ ധാരണയിൽ എത്തിയിരുന്നെങ്കിലും പിന്നീട് വിവാഹകാര്യത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ലീഗയുടെ മരണം;ഉന്നതതല അന്വേഷണം നടത്തണമെന്ന് സഹോദരി
തിരുവനന്തപുരം: ലിത്വനിയ സ്വദേശിനിയായ ലീഗയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലീഗയുടെ സഹോദരി ഇൽസി.ലിഗ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ഇൽസി പറഞ്ഞു.ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നുമാണ് ലീഗയുടെ മൃതദേഹം കണ്ടെത്തിയത്.ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്.വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്. പോത്തൻകോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയിൽ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.
ജില്ലയിൽ രൂക്ഷമായ കടലേറ്റം;പെട്ടിപ്പാലത്ത് രണ്ടുപേർക്ക് പരിക്കേറ്റു,അറുപതോളം വീടുകളിൽ വെള്ളം കയറി
കണ്ണൂർ:ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി.അറുപതോളം വീടുകളിൽ വെള്ളം കയറി.തലശ്ശേരി പെട്ടിപ്പാലം,ഏഴര കടപ്പുറം, മുഴപ്പിലങ്ങാട്,തോട്ടട,കിഴുന്ന, പുതിയങ്ങാടി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ഏഴര അങ്കണവാടിക്ക് സമീപം കടലേറ്റത്തിൽ പതിനൊന്നോളം വീടുകളിൽ വെള്ളം കയറി.രണ്ടു ഫൈബർ ബോട്ടുകളും തകർന്നു.സമീപത്തെ തോടുകളിലും വെള്ളം കയറി.മുഴപ്പിലങ്ങാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് ഡ്രൈവിംഗ് നിർത്തിവെച്ചു.ബീച്ചിലെ ടോൾ ബൂത്തു വരെ വെള്ളം കയറി.കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ ഒഴുകി പോയി.മൽസ്യത്തൊഴിലാളികൾ അതിസാഹസികമായി ബോട്ടുകൾ കരയ്‌ക്കെത്തിച്ചു.തോട്ടട,കിഴുന്ന ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ്,നീരൊഴുക്കുംചാൽ,ചൂട്ടാട്,പുതിയവളപ്പ്,മാട്ടൂൽ കക്കാടൻചാൽ,അരിയിൽ ചാൽ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കടലേറ്റം വൈകുന്നേരത്തോടെ രൂക്ഷമായി.നീരൊഴുക്കുംചാലിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.കിണറുകളിലെ വെള്ളം ഉപ്പുവെള്ളമായതിനെ തുടർന്ന് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.ഈ ഭാഗങ്ങളിലെ തീരദേശ റോഡുകൾ പൂർണ്ണമായും തകർന്നു.തലശ്ശേരി പെട്ടിപ്പാലത്ത് 20 അടി ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങി.തിരമാല അടിച്ചുകയറുമ്പോൾ ഹോളോബ്രിക്സ് ദേഹത്ത് തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. വീടുകൾക്ക് ഉള്ളിലേക്ക് തിരയടിച്ചു കയറിയതിനെ തുടർന്ന് ജനങ്ങൾ മണിക്കൂറുകളോളം വീടിനു പുറത്ത് തമ്പടിച്ചു. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി.പെട്ടിപ്പാലത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഇതാദ്യമായാണെന്ന് ദേശവാസികൾ പറഞ്ഞു.പ്രദേശത്തെ മുഴുവൻ കുടിലുകളിലും വെള്ളം കയറിയതിനെ തുടർന്ന് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കിടക്കകളും വെള്ളത്തിൽ കുതിർന്നു.കടൽഭിത്തി ഉണ്ടെങ്കിലും അതിനു മുകളിലൂടെയാണ് വെള്ളം അടിച്ചു കയറിയത്.
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം;തൃശൂർ അഴീക്കോട്ട് യുവതിയെ കാണാതായി
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തീര പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ തൃശൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവതിയെ കാണാതായി.മാള അഷ്ടമിച്ചിറ സ്വദേശിനി അശ്വിനിയെയാണ് കാണാതായത്.മാള മെറ്റ്‌സ് എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.അശ്വിനിയുടെ അമ്മ ഷീല,സഹോദരി ദൃശ്യ,ബന്ധു അതുല്യ എന്നിവർക്ക് പരിക്കേറ്റിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം ബീച്ചിലെത്തിയത്. മുനക്കൽ ബീച്ച് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ.തിരുവനന്തപുരത്തും കണ്ണൂരിലും പൊന്നാനിയിലും കടൽ പ്രക്ഷുബ്ധമാണ്.ഇന്നും കേരളതീത്ത് മൂന്നു മീറ്റർ ഉയരത്തിൽ തിരകളടിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.