മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകിയ കുടുംബത്തിലെ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ജോലി നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തി.ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തിയത്.എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകുന്ന കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയ്ക്കനുസരിച്ച് എയർപോർട്ടിൽ തൊഴിൽ നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിൽ 152 പേർക്ക് ഇനിയും ജോലി ലഭിക്കാനുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്നും ജോലി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.പ്രായപരിധി നോക്കി ഇത് പരിഗണിക്കാമെന്നും മറ്റുള്ളവരെ അടുത്ത ഇന്റർവ്യൂവിൽ പരിഗണിക്കുമെന്നും കിയാൽ എംഡി വി.തുളസീദാസ് ഉറപ്പു നൽകി.വീടും സ്ഥലവും വിട്ടുനൽകിയവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്ക് കൂടി എച് ഐ വി
തിരുവനന്തപുരം:ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവി ബാധിച്ചിരുന്നതായി സ്ഥിതീകരിച്ചു.മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വ്യത്തങ്ങൾ വ്യക്തമാക്കി.അതേസമയം ആർസിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ആർസിസിയിൽ ചികിത്സയിൽ കഴിന്നിരുന്ന മറ്റൊരു കുട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു.ആലപ്പുഴ സ്വദേശിനിയായ ഈ കുട്ടിക്ക് എച് ഐ വി ബാധിച്ചിരുന്നതെയി കണ്ടെത്തിയിരുന്നു.ചികിത്സയ്ക്കിടെ 48 പേരുടെ രക്തം ഈ കുട്ടിക്ക് നൽകിയിരുന്നു.ഇവരിൽ ഒരാൾക്കാണ് എച് ഐ വി ബാധ ഉണ്ടായിരുന്നത്.രോഗം തിരിച്ചറിയാത്തത്ത് വിൻഡോ പിരിഡിൽ രക്തം നല്കിയതിനാലാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
നിർവികാരയായി കൊലപാതകം നടത്തിയ രീതി വിവരിച്ച് സൗമ്യ;പൊട്ടിക്കരഞ്ഞ് സഹോദരി
കണ്ണൂർ:സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ രീതി വീട്ടിൽ വെച്ച് അന്വേഷണ സംഘത്തോട് വിവരിക്കുമ്പോഴും നിർവികാരയായി കേസിലെ പ്രതി സൗമ്യ.എന്നാൽ വിവരണം കേട്ട് സൗമ്യയുടെ സഹോദരി പൊട്ടിക്കരഞ്ഞു.അച്ഛനോടും അമ്മയോടും നീ എന്തിനിതു ചെയ്തുവെന്ന സഹോദരിയുടെ കരഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് മുൻപിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് സൗമ്യ നിന്നത്.കൊലപാതകം നടത്തിയ രീതി സ്വന്തം മുറിയിലെ കട്ടിലിൽ ഇരുന്നുകൊണ്ടാണ് സൗമ്യ അന്വേഷണ സംഘത്തോട് വിവരിച്ചത്. മീനിൽ എലിവിഷം കലർത്തി വറുത്തെടുത്ത ശേഷം ചോറിൽ കുഴച്ചാണു മകൾക്കു നൽകിയത്. അമ്മയ്ക്കു മീൻകറിയിലും അച്ഛന് രസത്തിലും വിഷം ചേർത്ത് നല്കുകയിരുന്നു.മീൻ വറുക്കാനുപയോഗിച്ച ഫ്രൈയിങ് പാൻ, മാതാപിതാക്കൾക്കു കറി വിളമ്പിയ പാത്രങ്ങൾ എന്നിവ അടുക്കളയിലെത്തി അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു.ഐശ്വര്യയുടെ അസുഖത്തെ കുറിച്ച് സൗമ്യ തന്നോട് വീഡിയോ കോൺഫെറൻസിലൂടെയാണ് പറഞ്ഞിരുന്നതെന്ന് സഹോദരി സന്ധ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.ടെസ്റ്റുകൾ ചെയ്യുന്നുണ്ടെന്നും ഡോക്ടർ രോഗം കണ്ടുപിടിച്ചില്ലെന്നും കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതു കൊണ്ടാകാം ഇങ്ങനെയൊക്കെ എന്നാണ് സൗമ്യ പറഞ്ഞത്.ഐശ്വര്യ ഛർദിക്കുന്നതിന്റെ പടങ്ങളും വീഡിയോയും സൗമ്യ തനിക്ക് അയച്ചുതരാറുണ്ടായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.ഐശ്വര്യ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് കുട്ടിക്ക് സീരിയസ്സാണെന്ന് സൗമ്യ വിളിച്ചു പറഞ്ഞിരുന്നു .എന്നാൽ ഭർത്താവിന്റെ നാടായ വൈക്കത്തായിരുന്നതിനാൽ മരിക്കുന്നതിന് മുൻപ് തനിക്ക് കുട്ടിയെ കാണാൻ സാധിച്ചില്ലെന്ന് സന്ധ്യ വ്യക്തമാക്കി.പിന്നീട് അമ്മയ്ക്കും സമാന അസുഖം പിടിപെട്ടപ്പോൾ അന്വേഷിച്ച സന്ധ്യയോട് കിണറിലെ വെള്ളത്തിന്റെ കുഴപ്പമാണെന്നും വെള്ളം പരിശോധിക്കാൻ നല്കിയിട്ടുണ്ടെന്നുമാണ് സൗമ്യ പറഞ്ഞത്.കമലയുടെ മരണത്തോടെ അമോണിയയുടെ അംശം വെള്ളത്തിൽ കൂടുതലുണ്ടെന്നും പരിശോധനാ ഫലം കിട്ടിയെന്നും സൗമ്യ സന്ധ്യയെ അറിയിച്ചു.അമ്മയുടെ മരണശേഷം അച്ഛൻ വൈക്കത്തെ സന്ധ്യയുടെ വീട്ടിൽ പോയിരുന്നു.അവിടെ നിന്നു ഛർദിച്ചപ്പോൾ അച്ഛനെ അവിടുത്തെ ഡോക്ടറെ കാണിച്ചു.സുഖമായതിനെത്തുടർന്നു നാട്ടിലേക്ക് അച്ഛനോടൊപ്പം സന്ധ്യയും വരികയായിരുന്നു.പിന്നീട് നാട്ടിലെത്തിയപ്പോൾ അച്ഛൻ കുഞ്ഞിക്കണ്ണന് അസുഖം കൂടുതലായതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛന്റെയും അമ്മയുടെയും മരണം നടന്നപ്പോൾ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പറഞ്ഞെങ്കിലും വയസ്സായ ആളുകളെ എന്തിനാണ് കീറിമുറിക്കുന്നതെന്ന് പറഞ്ഞ് സൗമ്യ പോസ്റ്റ് മോർട്ടത്തിന് എതിര് നിൽക്കുകയായിരുന്നു.എന്നിട്ടും സൗമ്യ കൊലപാതകം ചെയ്തെന്നു സന്ധ്യ വിശ്വസിച്ചില്ല. പൊലീസ് ചോദ്യംചെയ്തപ്പോൾ സൗമ്യ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണു സന്ധ്യ യാഥാർഥ്യം അറിയുന്നത്.
പിണറായിയിലെ കൂട്ടക്കൊലപാതകം;വിഷം കൊടുത്ത് താൻ ഒറ്റയ്‌ക്കെന്ന് സൗമ്യ
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകിയത് താൻ ഒറ്റയ്‌ക്കെന്ന് പ്രതി സൗമ്യയുടെ മൊഴി.എന്നാൽ കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണു പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സൗമ്യയെ കോടതി റിമാൻഡ് ചെയ്ത ശേഷം നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഭർത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിനിയായ ലൈംഗിക തൊഴിലാളിയുമായി പരിചയത്തിലായ സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.ഇതിൽ രണ്ടുപേരുമായി മോശം സാഹചര്യത്തിൽ മകൾ സൗമ്യയെ കണ്ടതോടെയാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.ചോറിൽ വിഷം കലർത്തി നൽകിയാണ് മകളെ കൊലപ്പെടുത്തിയത്.ഇതിൽ പിടിക്കപ്പെടാതായതോടെ ഇതേ രീതിയിൽ തന്നെ മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് അന്വേഷണ സംഘം സൗമ്യയുമായി പടന്നക്കരയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി.വിഷം കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ, എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേർ വീടിനു ചുറ്റും തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പുകഴിഞ്ഞു പുറത്തിറങ്ങിയ സൗമ്യ നാട്ടുകാർ കൂകി വിളിച്ചു.ചിലർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.കുടുംബാംഗങ്ങളെ മാത്രം ഉള്ളിലാക്കി വീടിന്റെ വാതിൽ അടച്ചായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്.അന്വേഷണ സംഘത്തിന് പുറമെ സൗമ്യയുടെ സഹോദരിയും ഭർത്താവും മക്കളും തെളിവെടുപ്പ് സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.
ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി;ജസ്റ്റിസ് കെ.എം ജോസഫിനെ കേന്ദം വീണ്ടും തഴഞ്ഞു
ന്യൂഡൽഹി:മൂന്നു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്രം അംഗീകാരം നൽകി.വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. എന്നാൽ ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ കേന്ദ്രം തഴഞ്ഞു.എന്തുകാരണത്താലാണ് കെ.എം ജോസഫിനെ തഴഞ്ഞതെന്ന് വ്യക്തമല്ല.അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്‌ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്ര ഇതോടെ സ്വന്തമാക്കി.സുപ്രീം കോടതിയിലെ സീനിയർ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതാ അഭിഭാഷകയായ ഇന്ദു സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഒ.പി മൽഹോത്രയുടെ മകളാണ്.സുപ്രീം കോടതിയിലെ 24 ജഡ്ജിമാരിൽ നിലവിൽ ഒരു വനിത മാത്രമാണ് ഉള്ളത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ,രഞ്ജൻ ഗോഗോയ്,മദൻ പി ലോക്കൂർ,കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് നിയമനങ്ങൾ ശുപാർശ ചെയ്തത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയിരുന്നു.ഇതാകാം കെ.എം ജോസഫിനെ തഴഞ്ഞതിന് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ഇരിട്ടി:ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന എം.ഡി.എം.എ എന്നറിയപ്പെടുന്ന മയക്കുമരുന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി കണ്ണൂർ സ്വദേശിയായ യുവാവ് ഇരിട്ടിയിൽ പിടിയിൽ.ഇരിട്ടി ടൗണിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.പാപ്പിനിശ്ശേരി സ്വദേശി പി.വി അർഷാദിനെ ആണ് ഇരിട്ടി എക്‌സൈസ് ഇൻസ്പെക്റ്റർ സിനു കൊയലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കർണാടകത്തിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് കരുതുന്നു. നാവിനടിയിൽ വെച്ചാൽ എട്ടുമണിക്കൂറോളം ലഹരി തരുന്നവയാണ് എൽഎസ്‌ഡി സ്റ്റാമ്പുകൾ. ഉത്തേജക ലഹരി മരുന്നായ എംടിഎമ്മിന് ഗ്രാമിന് 5000 രൂപയാണ് വില.ഇത് കൈവശം വെയ്ക്കുന്നവർക്ക് പത്തുമുതൽ ഇരുപതു വർഷം വരെയാണ് ശിക്ഷ ലഭിക്കുക.രണ്ടുലക്ഷം രൂപ വരെ പിഴയും നൽകേണ്ടിവരും.പ്രിവന്റീവ് ഓഫീസർമാരായ സി.കെ വിനോദൻ,ഒ.നിസാർ, ഐ.ബി സുരേഷ് ബാബു,സിഇഒമാരായ ജോഷി ജോസഫ്,കെ.കെ ബിജു,സജേഷ് മുക്കട്ടി,കെ.എം രവീന്ദ്രൻ തുടങ്ങിയവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ ബൈപാസ് സ്ഥലം ഏറ്റെടുക്കലിനെതിരെ കോട്ടക്കുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു
കണ്ണൂർ:കണ്ണൂർ ബൈപാസ് സ്ഥലം ഏറ്റെടുക്കലിനെതിരെ കോട്ടക്കുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു.ഇന്നലെ രാവിലെ കോട്ടക്കുന്ന് മുത്തപ്പൻ ക്ഷേത്ര പരിസരത്താണ് സർവ്വേ നടപടികൾ ആരംഭിച്ചത്.പിന്നീട് അറബിക് കോളേജ് പരിസരം,പരിസരത്തെ വയൽ എന്നിവിടങ്ങളിലും സർവ്വേ നടപടികൾ പൂർത്തിയാക്കി.എന്നാൽ പലയിടത്തും സർവ്വേ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള നാട്ടുകാർ മുന്നോട്ട് വന്നു.ഇവർ തമ്മിൽ വാക്കുതർക്കവുമുണ്ടായി. എന്നാൽ സർവ്വേ ഉദോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോയതോടെ ഉച്ചയോടെ പ്രതിഷേധത്തിൽ കുറവുണ്ടായി.കനത്ത പോലീസ് കാവലിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചത്.ചൊവ്വാഴ്ച സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയും സർവ്വേ ഉപകരണങ്ങൾ കിണറ്റിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.ബൈപാസ് നിർമാണം ബാധിക്കില്ലെന്ന് കലക്റ്റർ ഉറപ്പു നൽകിയവരുടെ വീടുകളും ഇപ്പോൾ അടയാളപ്പെടുത്തിയ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കോട്ടക്കുന്നിൽ നിന്നും പുഴാതി വില്ലേജിലേക്കുള്ള ദൂരത്തിലാണ് ഇപ്പോൾ സർവ്വേ നടത്തിയത്. പുഴാതി വില്ലേജിൽ സർവ്വേ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കോട്ടക്കുന്ന് പ്രദേശത്തെ 500 മീറ്ററോളം സ്ഥലത്താണ് ഇനി സർവ്വേ പൂർത്തീകരിക്കാനുള്ളത്.ഇത് ഇന്ന് പൂർത്തിയാക്കും.
ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു
ഉത്തർപ്രദേശ്:ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു. ബസ്സിന്റെ ഡ്രൈവറും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപം കുഷിനഗറിലെ ലെവൽ ക്രോസ്സിലാണ് അപകടം നടന്നത്.എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഡിവൈൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.ഇന്ന് രാവിലെ ആറരമണിയോട് കൂടിയാണ് അപകടം നടന്നത്.പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.ആളില്ലാത്ത ലെവൽ ക്രോസിൽ വെച്ചാണ് അപകടം.മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിൽ കബനി നദിയിൽ അച്ഛനും രണ്ടുമക്കളും മുങ്ങി മരിച്ചു
പുൽപ്പള്ളി:മരക്കടവ് മഞ്ഞാടിക്കടവിൽ കബനി നദിയിൽ അച്ഛനും രണ്ടു മക്കളും മുങ്ങി മരിച്ചു.കബനിഗിരി ചക്കാലക്കല്‍ ബേബി മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടമുണ്ടായതാണെന്ന് കരുതുന്നു.കുടുംബക്കാരായ പെരിക്കല്ലൂര്‍ പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍, നിഥില, ഇവരുടെ മറ്റൊരു ബന്ധുവായ ചുണ്ടേല്‍ സ്വദേശിനി അലീന എന്നിവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. വേറെയും ആളുകളുണ്ടെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അഗ്നിശമനസേന,പൊലീസ് തുടങ്ങിയ സേനാവിഭാഗങ്ങളും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പിണറായിയിലെ കൂട്ടക്കൊലപാതകം;സൗമ്യയെ തെളിവെടുപ്പിനായി എത്തിച്ചു;കൂകിവിളിച്ചും അസഭ്യവർഷം ചൊരിഞ്ഞും നാട്ടുകാർ
കണ്ണൂർ:പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.ഇവരുടെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്.നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു.കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മകള്‍ ആറുവര്‍ഷം മുൻപ് മരിച്ചിരുന്നു. രണ്ടാമത്തെ മകളുടെത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.തന്റെ അവിഹിത ബന്ധത്തിന് മാതാപിതാക്കളും മകളും തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ ഇവരെ ഭക്ഷണത്തിൽ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ സൗമ്യയെ നാലു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച അറസ്റ്റിലായ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മാതാപിതാക്കളും മക്കളും എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിഷം വാങ്ങി നൽകിയത് പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എലിവിഷം സാധാരണ വസ്തുവായതിനാൽ സൗമ്യ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വാങ്ങി നൽകുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.