കോഴിക്കോട്:നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി.നൈട്രജൻ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ച് അതിശീതീകരിച്ച ഐസ്ക്രീമുകൾ ഈയിടെ കേരളത്തിൽ വൻ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജൻ അതിവേഗം ബാഷ്പ്പമാകുന്നതിനാൽ ‘പുകമഞ്ഞ് ഐസ്ക്രീം’ എന്നാണ് ഇത് കേരളത്തിൽ അറിയപ്പെട്ടിരുന്നത്.ഇത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടു കൂടിയാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്.എന്നാൽ നൈട്രജൻ ആരോഗ്യത്തിന് ദോഷകരമായ മൂലകമല്ലെന്നും പക്ഷെ ദ്രവീകരിച്ച നൈട്രജൻ പൂർണ്ണമായി ബാഷ്പീകരിക്കുന്നതിനു മുൻപ് ശരീരത്തിലെത്തിയാൽ അപകടമുണ്ടായേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സ്വദേശിവൽക്കരണം;കുവൈറ്റിൽ ആയിരം വിദേശികളെ ജൂലൈ ഒന്നിന് പിരിച്ചുവിടും
കുവൈറ്റ് സിറ്റി:സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആയിരം വിദേശികളെ ജൂലൈ ഒന്നിന് പിരിച്ചുവിടും.ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ലഭിച്ച പട്ടിക പാർലമെന്റ് സ്വദേശിവൽക്കരണ കമ്മിറ്റിക്ക് കൈമാറി.സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 27 കോടി കുവൈറ്റ് ദിനാർ(ഏകദേശം 4700 കോടി രൂപ) നീക്കിവെയ്ക്കാനും തീരുമാനിച്ചു.സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ പര്യാപ്തമായ തൊഴിലവസരങ്ങൾ നൽകുന്നതിന് വേണ്ട പദ്ധതികൾ ആവിഷ്‌ക്കരിക്കാനും തുടങ്ങിയിട്ടുണ്ട്.സ്വകാര്യ മേഖലയിലും നടപടികൾ ശക്തമാക്കുന്നതോടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കുവൈറ്റിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാകും.
ജില്ലയിൽ ഈ മാസം പത്തു മുതൽ റേഷൻ വിതരണം ഇ-പോസ് വഴിയാകും
കണ്ണൂർ:ജില്ലയിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് റേഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്.ഈ മാസം പത്താം തീയതി മുതൽ ജില്ലയിലെ മുഴുവൻ റേഷൻ കടകളിലെയും റേഷൻ വിതരണം ഇ പോസ് മെഷീൻ വഴിയാകും. ആദ്യഘട്ടത്തിൽ മാർച്ചിൽ കണ്ണൂർ താലൂക്കിലെ 45 റേഷൻ കടകളിൽ ഇ.പോസ് മെഷീൻ വഴി റേഷൻ വിതരണം നടത്തിയിരുന്നു.റേഷൻ കാർഡ് അംഗങ്ങളുടെ വിരലടയാളം ആധാറുമായി ബന്ധിപ്പിച്ച് റേഷൻ അനുവദിക്കുന്ന പദ്ധതിയാണ് ഇ-പോസ്. ആധാർ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞാൽ കാർഡിന് അർഹമായ ഭക്ഷ്യ ധാന്യങ്ങളുടെ അളവ്,വില എന്നിവ സ്‌ക്രീനിൽ തെളിയും.ആവശ്യമായ അളവ് രേഖപ്പെടുത്തിക്കഴിയുമ്പോൾ മെഷീനിലൂടെ ബില് ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച ശബ്ദരൂപത്തിൽ അറിയിപ്പും ലഭിക്കും.ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ റേഷൻ വിഹിതം സംബന്ധിച്ച എസ്എംഎസ് സന്ദേശവും ലഭിക്കും. ഇ-പോസ് മെഷീൻ നിലവിൽ വരുന്നതോടെ ജില്ലയിലെ മുഴുവൻ റേഷൻ കടകളിലെയും ഭക്ഷ്യധാന്യ വിതരണ വിവരങ്ങൾ നെറ്റ് വർക്കിലൂടെ നിരീക്ഷിക്കാൻ സിവിൽ സപ്ലൈ വകുപ്പിന് സാധിക്കും. ഇതോടെ ജില്ലയിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാകും.ഇ-പോസ് സംവിധാനം നിലവിൽ വരുന്നതിനാൽ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്ത മുഴുവൻ റേഷൻ ഉപഭോക്താക്കളും ഈ മാസം പത്തിനകം ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കണ്ണൂർ തില്ലങ്കേരിയിൽ നിന്നും വൻ ബോംബ് ശേഖരം കണ്ടെത്തി
മട്ടന്നൂർ:തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ ചാളപറമ്പിൽ നിന്നും വൻ ബോംബ് ശേഖരം കണ്ടെത്തി.ആളൊഴിഞ്ഞ പറമ്പിൽ നിന്നും 11 ഐസ്ക്രീം ബോളുകളും 14 ബോംബ് നിർമിക്കുന്നതിനുള്ള കണ്ടെയിനറുകളുമാണ് കണ്ടെത്തിയത്.കണ്ണൂരിൽ നിന്നും എത്തിയ ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് പടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോട്ടത്തിൽ നിന്നും ബോംബുകൾ കണ്ടെത്തിയത്.കാടിനുള്ളിൽ ബക്കറ്റിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ബോബുകൾ കണ്ടെത്തിയത്.പിടികൂടിയ ബോംബുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം തില്ലങ്കേരി കാർക്കോട് അമ്മു അമ്മ സ്‌മൃതി മന്ദിരത്തിനു സമീപത്തു നിന്നും ആളൊഴിഞ്ഞ പറമ്പിൽ മൺപൊത്തിനകത്ത് സൂക്ഷിച്ച നിലയിൽ അഞ്ചു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.ഈ പരിശോധനയിലാണ് വീണ്ടും ബോംബുകൾ കണ്ടെടുത്തത്.
ഹൈ ഹീൽഡ് ചെരിപ്പ് ധരിച്ച് കല്യാണത്തിനെത്തിയ മാതാവിന് ബാലൻസ് നഷ്ട്ടപ്പെട്ടു;കയ്യിലിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു
മുംബൈ:കല്യാണ ചടങ്ങിന് ഹൈ ഹീൽഡ് ചെരുപ്പ് ധരിച്ചെത്തിയ മാതാവിന് സ്റ്റെപ് ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു മരിച്ചു.ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് കുഞ്ഞ് താഴേക്ക് വീണത്.വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ഒന്നാം നിലയിലെ ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു കുട്ടിയുടെ മാതാവ് ഫെമിദയും ഭർത്താവ്.പെട്ടെന്ന് ബാലൻസ് നഷ്ട്ടപ്പെട്ട ഫെമിദയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.രക്തത്തിൽ കുളിച്ച കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കണ്ണൂർ:കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.കണ്ണൂരിലും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്നാണിത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
ഒരു മണിക്കൂറിനിടയിൽ രണ്ടു കൊലപാതകം; കണ്ണൂരും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു
കണ്ണൂർ:ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ.മാഹി പള്ളൂരിൽ ഒരു മണിക്കൂറിനിടെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേർ.സിപിഎം പള്ളൂർ ലോക്കൽകമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാബുവിന് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഈ വാർത്ത പുറത്തു വന്ന ഒരുമണിക്കൂറിനുള്ളിലാണ് ആർഎസ്എസ് പ്രവർത്തകൻ ഷമോജിന് നേരെ ആക്രമണം ഉണ്ടായത്.രാത്രി പത്തുമണിയോട് കൂടി മാഹി പാലത്തിനു സമീപത്തുവെച്ചാണ് ഷമോജിന് വെട്ടേറ്റത്.മാരകമായി വെട്ടേറ്റ ഷമോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.കൊലപാതകത്തിൽ ഇരു പാർട്ടിക്കാരും പരസ്പ്പരം പഴിചാരി. ആർഎസ്എസിന്റെ കൂത്തുപറമ്പിലെ ആയുധ പരിശീലന ക്യാമ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബാബുവിന് നേരെ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.ഷാമോജിന്റെ കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ആരോപിച്ചു.രണ്ടു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.എന്നാൽ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ഷമോജിന്റെ കൊലപാതകമെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കുറെ നാളുകളായി സമാധാനം നിലനിൽക്കുന്ന മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്.സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിലും മാഹിയിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മാഹിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു;കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ
മാഹി:മാഹി പള്ളൂരിൽ സിപിഐ(എം)പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.പള്ളൂർ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവാണ് മരിച്ചത്.മാഹി മുൻ കൗൺസിലറുമായിരിന്നു ബാബു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും നാളെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി സിപിഎം നേതൃത്വം വ്യക്തമാക്കി.
ഇടുക്കി ജില്ലയിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്.തൊടുപുഴ, ഉടുമ്പൻചോല,ദേവികുളം,പീരുമേട് എന്നീ താലൂക്കുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താലൂക്ക് ഓഫീസുകളിൽ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾക്ക് അടിയന്തര സന്ദേശം കൈമാറി.കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണിത്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്;മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം:കെ എം മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.ചെങ്ങന്നൂരിൽ വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്.അക്കാര്യം നിയോജകമണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും.യുഡിഎഫ് സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. അതിനിടെ ചെങ്ങന്നൂരിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.