മുംബൈ:ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.ഫ്‌ളിപ്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് വാങ്ങി.1600 കോടി ഡോളറിനാണ്(ഏകദേശം 1.08 ലക്ഷം കോടി രൂപ) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാൾമാർട്ട് സിഇഒ ഡൗഗ് മാക് മില്യനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബെൻസാലും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.ഫ്‌ളിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള വിവിധ മുൻനിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാൾമാർട്ടിന് കൈമാറുക.നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടെത്തിയ ആമസോണിനെ പിന്തള്ളിയാണ് വാൾമാർട്ട് ഫ്ളിപ്പ്കാർട്ടിനെ ഏറ്റെടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ച് 2007 ലാണ് ബിന്നി ബെൻസാലും സച്ചിൻ ബെൻസാലും ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്.ആമസോണിൽ നിന്നും പിരിഞ്ഞ ശേഷമാണ് ഇവർ ഫ്ലിപ്പ്കാർട്ടിന് തുടക്കമിട്ടത്. വൻതോതിൽ വിദേശമൂലധനമെത്തിയതോടെ ഇന്ത്യയിലെ മുൻനിര ഓൺലൈൻ കമ്പനിയായി ഫ്ലിപ്പ്കാർട്ട് മാറി.ഏറ്റെടുക്കൽ പൂർത്തിയായതോടെ സച്ചിൻ ബൻസാൽ കമ്പനിയിൽ നിന്നും പിന്മാറും.വാൾമാർട്ടിന്‍റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.
കർണാടക തിരഞ്ഞെടുപ്പ്;ഇന്ന് കൊട്ടിക്കലാശം
ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്.തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ചയാണ് കർണാടകത്തിലെ 223 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണത്തിനാണ് കർണാടക ഇത്തവണ സാക്ഷ്യം വഹിച്ചത്.ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ നിലവിലെ ഭരണ കക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരാണ് മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനു കർണാടകയിൽ നേതൃത്വം നൽകിയത്. കോൺഗ്രസിൽനിന്നു അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 21 റാലികളെയാണ് കർണാടകയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി തുടങ്ങി നിരവധി പ്രമുഖർ ബിജെപിക്കായി പ്രചാരണത്തിന് കർണാടകയിൽ എത്തിയിരുന്നു.ശക്തമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ്സും കർണാടകയിൽ സംഘടിപ്പിച്ചത്.രാഹുല്‍ഗാന്ധി 30 ദിവസമാണ് കർണാടകയിൽ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകയിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രചാരണങ്ങൾക്കായി കർണാടകയിൽ എത്തി.
ഇരട്ടക്കൊലപാതകം;കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന ചർച്ച
കണ്ണൂർ:കണ്ണൂരിലും മാഹിയിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന യോഗം നടക്കും.ജില്ലാ കളക്റ്ററാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വൈകുന്നേരം നാലുമണിക്ക് കണ്ണൂർ കളക്റ്ററേറ്റിലാണ് യോഗം നടക്കുക.ഇരുപാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയോട് ഗവർണ്ണർ വിശദീകരണവും തേടിയിരുന്നു. അന്വേഷണം നടക്കുന്നതിനോടൊപ്പം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന യോഗം നടത്തുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൊച്ചിയിൽ നടുറോഡിൽ യുവതി കുത്തേറ്റ് മരിച്ചു;ഭർത്താവ് അറസ്റ്റിൽ
കൊച്ചി:കൊച്ചിയിൽ നടുറോഡിൽ യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു.പുന്നപ്ര സ്വദേശിനി സുമയ്യ ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു.ദാമ്പത്യകലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.സജീറുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സുമയ്യ കൊച്ചിയിലെ ഒരു ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.ഇന്ന് വൈകുന്നേരം ഹോസ്റ്റലിലെത്തിയ സജീർ സുമയ്യയെ ഹോസ്റ്റലിന് പുറത്തേക്ക് വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.നാട്ടുകാർ സുമയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവശേഷം കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ട സജീറിനെ പോലീസ് പിടികൂടി.
കണ്ണൂർ കൊലപാതകങ്ങൾ;ഗവർണ്ണർ സർക്കാരിനോട് റിപ്പോർട്ട് തേടി
കണ്ണൂർ:മാഹിയിലും കണ്ണൂരിലുമായി നടന്ന കൊലപാതകങ്ങളിൽ ഗവർണ്ണർ സർക്കാരിനോട് വിശദീകരണം തേടി.കൊലപാതകങ്ങളും അക്രമങ്ങളും തടയാനായി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദീകരണം നല്‍കണം എന്നാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.തുടരെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതിലെ ആശങ്കയും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേ സമയം കൊലപാതകങ്ങളില്‍ പുതുച്ചേരി പോലീസുമായി ചേര്‍ന്നുള്ള സംയുക്ത അന്വേഷണ സംഘം ഉണ്ടാവില്ലെന്ന് ഡി ജി പി ലോക്നാഥ് ബേഹ്‌റ വ്യക്തമാക്കി. സംഭവത്തില്‍ പുതുച്ചേരി പൊലീസുമായി സഹകരിച്ച് കേരള പൊലീസിലെ പ്രത്യേക സംഘം അന്വേഷണം നടത്തും എന്നും ഡി ജി പി പറഞ്ഞു
മാഹി ഇരട്ട കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവർ
മാഹി:സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു,ആർഎസ്എസ് പ്രവർത്തകൻ ഷമേജ് എന്നിവരെ വീട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇരുവരുടെയും കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവരാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.എട്ടംഗ ആർഎസ്എസ് പ്രവർത്തകർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ രണ്ട് വെട്ടുകൾ ബാബുവിന്‍റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആഴത്തിലുള്ള ഈ രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരൽചൂണ്ടുന്നത്.പുതുച്ചേരി ഡിജിപി സുനിൽ കുമാർ ഗൗതം, എസ്എസ്പി അപൂർവ ഗുപ്ത എന്നിവർ ഇന്ന് മാഹിയിൽ എത്തുന്നുണ്ട്. മാഹി സിഐ ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. ആർഎസ്എസ് പ്രവർത്തകൻ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഷമേജിന്‍റെ ശരീരത്തിൽ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തിൽ വെട്ടുകൾ മാത്രം ഒൻപതെണ്ണമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കുപിന്നിൽ വെട്ടേറ്റ് തലയോട്ടി പിളർന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്ലസ് വൺ ഏകജാലക പ്രവേശനം;ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി.ഹയർ സെക്കണ്ടറി ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.തുടര്‍ന്ന‌് 25ന‌് ട്രയല്‍ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന‌് മെയിന്‍ അലോട്ട്മെന്റും തുടര്‍ന്ന‌് പ്രവേശനവുമാണ‌്. 11ന‌് രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ജൂണ്‍ 13ന‌് ക്ലാസ‌് ആരംഭിക്കും. വിവിധ അലോട്ട‌്മെന്റുകള്‍ക്കിടയില്‍ ഓപ‌്ഷന്‍ മാറ്റിക്കൊടുക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക‌് അവസരമുണ്ടായിരിക്കും.ജില്ലയിലെ സ‌്കൂളുകളിലേക്കുള്ള പ്രവേശനത്തിന‌് ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.മറ്റ‌് ജില്ലകളിലേക്ക‌് പ്രത്യേകം വേണം. വെബ്സൈറ്റ് വഴിയാണ‌് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓപ‌്ഷനുകള്‍ തെരഞ്ഞെടുക്കുന്നത‌് സംബന്ധിച്ച‌് വിദ്യാര്‍ഥികര്‍ക്ക‌് അവബോധം നല്‍കാന്‍ സര്‍ക്കാര്‍, എയ‌്ഡഡ‌് സ‌്കൂളുകളില്‍ ഹെല്‍പ‌് ഡെസ‌്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത‌് എസ‌്‌എസ‌്‌എല്‍സി മാര്‍ക്ക‌് ലിസ‌്റ്റിന്റെ പ്രിന്റ് ഔട്ട്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.ബോണസ് പോയിന്റ് ലഭിക്കാനുള്ള അര്‍ഹത ഉണ്ടെങ്കിൽ അത് സംബന്ധിച്ച കാര്യങ്ങളും കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം(എസ‌്‌എസ‌്‌എല്‍സി, ആധാര്‍, ബോണസ് പോയിന്റ് തെളിയിക്കുന്ന രേഖകള്‍) അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫീസായി 25 രൂപയും അടയ‌്ക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചു വെയ്ക്കണം.ഇത് നഷ്ടപ്പെട്ടാല്‍ അലോട്ട‌്മെന്റ‌് പരിശോധിക്കാനോ തിരുത്താനോ സാധിക്കില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും.
വരാപ്പുഴ കസ്റ്റഡി മരണം;ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ തയാറാക്കിയ വ്യാജമൊഴിയേക്കുറിച്ച് ജോർജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എ.വി ജോർജിന്റെ മൊഴിയെടുക്കുന്നത്.വരാപ്പുഴയിൽ മരിച്ച വസുദേവന്‍റെ മകൻ വിനീഷിന്‍റെ മൊഴിയാണ് ശ്രീജിത്തിനെതിരെ വ്യാജമായി രേഖപ്പെടുത്തിയത്. വരാപ്പുഴ സ്റ്റേഷനിൽ വെച്ചാണ് മൊഴി തയാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.അന്ന് സ്റ്റേഷൻ ചുമതയുണ്ടായിരുന്ന റൈറ്റർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി.ഇത് സംബന്ധിച്ചുള്ള നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപം നൽകി.2017 ജൂൺ ഒന്നിന് മലയാള ഭാഷ നിയമം ഗവർണ്ണർ അംഗീകരിച്ച് നിലവിൽ വന്നിരുന്നെങ്കിലും കഴിഞ്ഞ അധ്യയന വർഷം ഇത് നടപ്പിലാക്കിയിരുന്നില്ല.എന്നാൽ നിയമസഭാ സബ്‌ജക്റ്റ് കമ്മിറ്റി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതോടെ ഈ അധ്യയന വർഷം മുതൽ നിയമം നടപ്പിലാക്കും. ഇതനുസരിച്ച് സിബിഎസ്ഇ,ഐ സി എസ് ഇ തുടങ്ങിയ കേന്ദ്ര സിലബസ് സ്കൂളുകൾ,ഭാഷ ന്യൂനപക്ഷ സ്കൂളുകൾ,ഓറിയന്റൽ സ്കൂളുകൾ എന്നിവിടങ്ങളിലടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബദ്ധമായും പഠിപ്പിക്കണം. മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് എല്ലാ അധ്യയന വർഷാരംഭത്തിലും സ്കൂളുകളിൽ പരിശോധന നടത്തും.വിദ്യാഭ്യാസ ഓഫീസർമാർ,സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പാനലാണ് പരിശോധന നടത്തുക.എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന പാഠപുസ്തകം ഉപയോഗിച്ച് മാത്രമേ പഠിപ്പിക്കാവൂ എന്നും നിബന്ധനയുണ്ട്.മൂല്യനിർണയത്തിന് പരീക്ഷയും നടത്തും.ഭാഷ ന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് മലയാളം നിർബന്ധമല്ല.എന്നാൽ ഇത്തരം സ്കൂളുകൾക്ക് എസ്.സി.ഇ.ആർ.ടി പ്രത്യേക പാഠപുസ്തകം നൽകും.ഇവിടെയും പരീക്ഷ നടത്തും.മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ താമസം മാറിവരുന്ന വിദ്യാർത്ഥികൾക്കും ഇളവുകളോടെ മലയാള ഭാഷ പഠനം നിർബന്ധമാക്കി.എന്നാൽ പരീക്ഷ നിർബന്ധമാക്കില്ല. മലയാളം പഠിപ്പിക്കാൻ സൗകര്യമൊരുക്കാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകനിൽ നിന്നും പിഴ ഈടാക്കാനും തീരുമാനമുണ്ട്.ശമ്പളത്തിൽ നിന്നും പിഴ ഈടാക്കാനാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. അൺഎയ്ഡഡ് സ്കൂളുകളിലാണ് മലയാളം പഠിപ്പിക്കാതിരിക്കുന്നതെങ്കിൽ മൂന്നാം ലംഘനത്തിന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കും.സിബിഎസ്ഇ,ഐ.സി.എസ്.ഇ സ്കൂളുകളാണെങ്കിൽ പ്രധാനാധ്യാപകനും മാനേജ്മെന്റിനും നോട്ടീസ് നൽകിയ ശേഷം സ്കൂളിന് സർക്കാർ നൽകിയ നിരാക്ഷേപപത്രം റദ്ദാക്കും.മലയാള ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളർഷിപ്പും ഏർപ്പടുത്തും.പത്താം ക്ലാസ്സിൽ മികച്ച വിജയം നേടുന്നവർക്കായി തുടർന്നുള്ള രണ്ടുവർഷം മലയാളം പഠിക്കുന്നതിന് സ്കോളർഷിപ്പ് നൽകും.ഓരോ സ്കൂളിലും മലയാളം പഠിക്കുന്ന അഞ്ചുശതമാനം കുട്ടികൾക്കും സ്കോളർഷിപ്പ് നൽകും.
പഴനിക്കടുത്ത് വാഹനാപകടം;ഏഴു മലയാളികൾ മരിച്ചു
ചെന്നൈ:പഴനിക്കടുത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴു മലയാളികൾ മരിച്ചു.കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, സജിനി എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ പഴനിക്കടുത്ത് സിന്തലാംപട്ടിയില്‍ 8 അംഗ മലയാളി സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന,ശശി,വിജയമ്മ ,സുരേഷ്,മനു എന്നിവര്‍ ഇന്നലെ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ 4 പേരെ പഴനി, ദിണ്ടിഗല്‍, മധുര സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ഇതില്‍ മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അഭിജിത്,ലേഖ,സജിനി എന്നിവരാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പരുക്കേറ്റ ആദിത്യന്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.