ശ്രീജിത്തിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

keralanews custodial death of sreejith no need of cbi investigation

കൊച്ചി:വാരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട  സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശ്രീജിത്തിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേസിൽ ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സർക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. പോലീസുകാർ പ്രതിയായ കേസ് പോലീസുകാർ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.അഖിലയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 22ലേക്ക് മാറ്റി.

മുംബൈ എ ഡി ജി പിയും എ ടി എസ് മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു

keralanews mumbai adgp and former head of ats himanshu roy committed suicide

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.രാജ്യം ശ്രദ്ധിച്ച നിരവധി കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്.മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു. അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം സർവീസിൽ നിന്നും അവധിയിലായിരുന്നു.രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.1988 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. ഐപിഎൽ കോഴക്കേസ്, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകൾ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ഹിമാൻഷു റോയിയുടെ നേതൃത്വത്തിലാണ്.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി

keralanews court rejected the demand of hospital management to stay the notification of increasing the salary of nurses

കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്‌മെറ്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.ശമ്ബള വര്‍ധന ഏക പക്ഷീയമായ തീരുമാനമാണെന്നും തങ്ങള്‍ കേട്ടിട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ വാദമുന്നയിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ മറികടക്കാന്‍ പര്യാപ്തമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.വിജ്ഞാപനം അനുസരിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാണ്.ജനറൽ,ബിഎസ്‌സി നഴ്സുമാർക്ക് ഈ ശമ്പളമാണ് ലഭിക്കുക.പത്തുവർഷം സർവീസുള്ള എഎൻഎം നഴ്‌സുമാർക്കും ഇതേ വേതനം തന്നെ ലഭിക്കും.

ഗായകൻ ജോയ് പീറ്ററിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

keralanews singer joy peter found dead

തലശ്ശേരി:പ്രമുഖ ഗായകനും മെലഡി മേക്കേഴ്‌സ് ഓർക്കസ്ട്ര സ്ഥാപകനുമായ ചാലിൽ ഈങ്ങയിൽ പീടികയിലെ ജോയ് പീറ്ററിനെ(55) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി എട്ടരമണിയോട് കൂടി പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മാഹി ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ റാണി ഗായികയാണ്.മക്കൾ:ജിതിൻ,റിതിൻ.ജിതിൻ പീറ്ററും ഗാനമേള വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

ഹയർ സെക്കണ്ടറി ഫലം;കണ്ണൂർ ഒന്നാം സ്ഥാനത്ത്

keralanews higher seconday result kannur in the first place

കണ്ണൂർ:തുടർച്ചയായി മൂന്നാം വർഷവും ഹയർ സെക്കണ്ടറി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാസ്ഥാനം കണ്ണൂരിന്.86.75 ശതമാനവുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്.ജില്ലയിൽ 158 സ്കൂളുകളിൽ നിന്നായി 29,623 കുട്ടികൾ പരീക്ഷ എഴുതിയതിൽ 25,699 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.1408 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.ആറു സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച് എസ്,റാണി ജയ് എച്.എസ്.എസ് നിർമ്മലഗിരി,ചപ്പാരപ്പടവ് എച്.എസ്.എസ്,സേക്രട്ട് ഹാർട്ട് എച്.എസ്.എസ് അങ്ങാടിക്കടവ്,സെക്രെറ്റ് ഹാർട്ട് എച്.എസ്.എസ് കണ്ണൂർ,കാരക്കുണ്ട് ഡോൺബോസ്‌കോ സ്പീച് ആൻഡ് ഹിയറിങ് എച്.എസ്.എസ് പരിയാരം എന്നിവയാണ് നൂറുമേനി നേടിയ സ്കൂളുകൾ.നൂറു ശതമാനം വിജയം നേടിയതിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് സ്കൂളാണ്.സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പരിശ്രമിച്ച വിദ്യാഭ്യാസ വകുപ്പിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പി.ടി.എക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനം അറിയിച്ചു.

ആയിക്കരയിൽ വ്യാജ ബോംബ് ഭീഷണി

keralanews fake bomb threat in ayikkara

കണ്ണൂർ:ജനങ്ങളെ പരിഭ്രാന്തരാക്കി ആയിക്കരയിൽ വ്യാജബോംബ് ഭീഷണി.ഇന്നലെ രാവിലെ കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിലേക്കാണ് കായിക്കര ഹാർബർ പ്രദേശത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശമെത്തിയത്. ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന പ്രദേശമാണിത്.മാത്രമല്ല കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന കണ്ണൂർ സിറ്റി ഫെസ്റ്റിവലിന്റെ വേദിയുമാണ് ഈ സ്ഥലം.അതുകൊണ്ടു തന്നെ സന്ദേശം ലഭിച്ചയുടനെ പോലീസ് ജഗരൂകരാകുകയും സ്ഥലത്ത് കർശന പരിശോധന നടത്തുകയും ചെയ്തു. ആയിക്കര ഹാർബർ പ്രദേശത്തും പരിസരങ്ങളിലും പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ബോംബിന് സമാനമായ വസ്തു കണ്ടെത്തിയങ്കിലും ഇത് യഥാർത്ഥ ബോംബല്ലെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്‌ക്കൊടുവിലാണ് സന്ദേശം വ്യാജമാണെന്ന് മനസ്സിലായത്.

തളിപ്പറമ്പ് പാലക്കുളങ്ങരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്

keralanews 10 injured in street dog bite in palakkulangara

തളിപ്പറമ്പ്:തളിപ്പറമ്പ് പാലക്കുളങ്ങരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്.പരിക്കേറ്റ ടി.വി മോഹനൻ(50),ശ്രെയ(8),പി.ബാലകൃഷ്ണൻ(70),കെ.കാർത്യായനി(65),സഞ്ജയ്(11),സുരേന്ദ്രൻ(55),ശ്രീഹരി(10),അംബിക(31),കൃഷ്ണൻ നമ്പൂതിരി(66),മൂസ(39) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പലയിടങ്ങളിൽ വെച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്.സംഭവമറിഞ്ഞ് ഒരു കൂട്ടം യുവാക്കൾ നാട്ടിൽ കാവലിരുന്നുവെങ്കിലും നായയെ കണ്ടെത്താനായില്ല.നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈകുന്നേരത്തോടെ പോലീസും സ്ഥലത്തെത്തിയിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണം;നാല് പോലീസുകാർ കൂടി പ്രതിപട്ടികയിൽ

keralanews varappuzha custodial death four police are included in the list of accused

കൊച്ചി:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ നാല് പൊലീസുകാരെ കൂടി പ്രതിചേർത്തു.വരാപ്പുഴ സ്റ്റേഷന്റെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജയാനന്ദൻ,സംഭവദിവസം ജി.ഡി ചാർജിലുണ്ടായിരുന്ന സന്തോഷ് ബേബി,പാറാവുകാരായിരുന്ന സുനിൽ കുമാർ,പി.ആർ ശ്രീരാജ് എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.ഇതിൽ സന്തോഷ് ബേബിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം രാത്രി ഒരുമണി വരെ സ്റ്റേഷന്റെ താൽക്കാലിക ചുമതല ഗ്രേഡ് എസ്‌ഐക്കായിരുന്നു.ഒരുമണിക്ക് ശേഷമാണ് സ്റ്റേഷന്റെ ചുമതലക്കാരനായ എസ്‌ഐ ദീപക് വരാപ്പുഴ സ്റ്റേഷനിലെത്തുന്നത്.ശ്രീജിത്തിന് സ്റ്റേഷനിൽ വെച്ച് മർദ്ദനമേൽക്കുമ്പോൾ ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതാണ് പ്രതിചേർക്കാനുള്ള കാരണമായി അന്വേഷണ സംഘം പറയുന്നത്.ശ്രീജിത്തിനെ മർദിക്കുന്നതിന് എസ്‌ഐ ദീപക്കിന് ഇവർ ഒത്താശ ചെയ്തു കൊടുത്തതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രതിചേർക്കപ്പെട്ട ഒൻപതു പോലീസുകാരുൾപ്പെടെ പത്തു പോലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് ഇതുവരെ നടപടിയെടുത്തിട്ടുള്ളത്.

അൻപതിലേറെ മലയാളികൾ ഐ.എസ്സിൽ ചേർന്നതായി എൻഐഎ റിപ്പോർട്ട്

keralanews nia report says more than 50 malayalees join in isis

കൊച്ചി:കേരളത്തിൽ നിന്നും അൻപതിലേറെ പേർ ഐഎസ്സിൽ ചേർന്നതായി എൻഐഎ റിപ്പോർട്ട്.കണ്ണൂർ വളപട്ടണത്തു നിന്നും ഐഎസ് പ്രവർത്തകർ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് വെളിപ്പെടുത്തൽ.കേരളത്തിൽ നിന്നും സ്ട്രീകളും കുട്ടികളും അടക്കം ഇരുപതിനടുത്ത് ആളുകൾ ഐഎസ്സിലെത്തിയതായുള്ള മുൻ റിപ്പോർട്ട് തെറ്റാണെന്നും ഏകദേശം അൻപതിലേറെ മലയാളികൾ സിറിയയിൽ ഐഎസ്സിൽ ചേർന്ന് പ്രവർത്തിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു.വിദേശത്ത് ജോലിക്കെന്ന പേരിൽ പോയവരിൽ ഐഎസ്സിൽ ചേർന്നവരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രന്റ് മേഖല പ്രസിഡന്റ് മുഹമ്മദ് സമീർ ആണ് ഇത്തരത്തിൽ സിറിയയിലേക്ക് കടന്ന ആദ്യവ്യക്തിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പെരുമ്പാവൂർ സ്വദേശി സഫീർ റഹ്‌മാൻ,താമരശ്ശേരി സ്വദേശി ഷൈബു നിഹാർ,കൊയിലാണ്ടി സ്വദേശി ഫാജിദ് എന്നിവരെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കേസിൽ ഇവർ പ്രതികളല്ല.ബഹറിനിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇവർ മൂന്നുപേരും കുടുംബസമേതം സിറിയയിലേക്ക് കടന്നത്.നേരെത്തെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത തലശ്ശേരി സ്വദേശികളായ യു.കെ ഹംസ,അബ്ദുൽ മനാഫ് എന്നിവരാണ് ഇവരെ ഐഎസ്സിൽ എത്തിച്ചത്.ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

മാഹി ഇരട്ടക്കൊലപാതകം;ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് നേതാക്കളുടെ ഉറപ്പ്

keralanews mahe murder leader guarenteed that everything will be done to restore peace in the district

കണ്ണൂർ:മാഹിയിൽ ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഉണ്ടായിരിക്കുന്ന സംഘർഷം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി-സിപിഎം നേതാക്കൾ ഉറപ്പ് നൽകി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ ഉറപ്പ് നൽകിയത്.പാർട്ടി പ്രവർത്തകർക്കിടയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴേത്തട്ടിൽപോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും  യോഗത്തിനുശേഷം സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. സഹദേവൻ പറഞ്ഞു. ഇരു കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും വീഴ്ചകൾ ഇരു പാർട്ടികളും പരിശോധിക്കുമെന്നു കലക്ടറെ അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും യോഗത്തിൽ സംബന്ധിച്ചു.സിപിഎമ്മിനെ പ്രതിനിധീകരിച്ച് തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറും ബിജെപിയെ പ്രതിനീധികരിച്ച് ആർഎസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സഹകാര്യവാഹ് കെ.വി. ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.