കർഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്;സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് കർഷക സംഘടനകൾ

keralanews decision to end farmers strike today farmers organizations demand that the government provide written assurances

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം ഇന്ന്.ഉച്ചക്ക് 12 ന് സിംഗുവില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കുക. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ ധാരണ.കർഷകർക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഹരിയാന, യു പി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ രേഖാമൂലം നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഹെലികോപ്റ്റർ അപകടം;ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

keralanews helicopter crash dead body of bipin rawat and others brought to delhi funeral tomorrow

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും സംസ്‌കാരം. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കും. ഇവിടെ നിന്നും വിമാനമാർഗ്ഗമാകും മൃതദേഹങ്ങൾ ഡൽഹിയിലെത്തിയ്‌ക്കുക.ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും ഇന്ന് വൈകിട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ക്യാപ്റ്റൻ വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.മാരകമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹെലികോപ്റ്റർ അപകടം;മരിച്ചവരിൽ മലയാളി സൈനികനും;മരിച്ചത് തൃശൂർ സ്വദേശി എ. പ്രദീപ്

keralanews helicopter crash malayalee soldier from thrissur died

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും.തൃശൂർ സ്വദേശി എ പ്രദീപാണ് മരിച്ചത്.എംഐ 17വി5 ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.അപകടം സംഭവിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളിയും ഉൾപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തൃശൂർ മരത്താക്കര സ്വദേശിയായ സൈനികൻ എ. പ്രദീപും ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജൂനിയർ വാറന്റ് ഓഫീസറാണ് എ. പ്രദീപ്.ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.ഗ്രൂപ്പ് ക്യാപ്റ്റർ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കുകളോടെ ഇദ്ദേഹം വെല്ലിംഗ്ടൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് 12.20ഓടെയായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കത്തി തകർന്ന് വീണത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരിച്ചിരുന്നു.

ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം;ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകമാകും

keralanews helicopter crash kills 13 including bipin rawat black box found will be crucial in the investigation

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തി.ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 എന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സാണ് കണ്ടെത്തിയിരിക്കുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ അറിയാൻ സാധിക്കും. ബ്ലാക്ക് ബോക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട കാരണം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.എംഐ 17 v5 ഹെലികോപ്റ്റർ ആധുനികവും ഏറ്റവും സുരക്ഷിതവുമായ ഹെലികോപ്ടറുകളിലൊന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാൻ സാദ്ധ്യതയില്ല. അങ്ങനെയെങ്കിൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ഏകമാർഗ്ഗം ബ്ലാക്ക് ബോക്‌സ് മാത്രമാണ്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്.

സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;35 മരണം;4039 പേർക്ക് രോഗമുക്തി

keralanews 5038 corona cases confirmed in the state today 35 deaths 4039 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 369, പത്തനംതിട്ട 186, ആലപ്പുഴ 188, കോട്ടയം 44, ഇടുക്കി 173, എറണാകുളം 559, തൃശൂർ 343, പാലക്കാട് 189, മലപ്പുറം 195, കോഴിക്കോട് 431, വയനാട് 136, കണ്ണൂർ 231, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഹെലികോപ്റ്റർ അപകടം;സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു

keralanews helicopter crash joint chiefs of staff bipin rawat were also killed

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു.വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന അറിയിച്ചു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.ബിപിന്‍ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തില്‍ മരിച്ചു.അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്.കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സൈനിക ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; മരിച്ചവരിൽ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും

keralanews death toll rises to 11 in helicopter crash madhulika rawat wife of bipin rawat was among the dead

ഊട്ടി:ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടും.അപകടത്തിൽ ബിപിന്‍ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബിപിന്‍ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച്‌ വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു;നാലുപേർ മരിച്ചു

keralanews helicopter carrying cheif of defence staff bipin rawat and family crashed four died

ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. മൃതദേഹങ്ങൾ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി.തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

സർക്കാരിന്റെ ഉറപ്പ് പാഴായി;ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ

keralanews government has not kept its promise private bus owners strike again from the 21st of this month

കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ.സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രിയുമായി സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.ചർച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോൾ ഉള്ള നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.

പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി പരിശോധന;റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയില്‍

keralanews e d raid in the house of popular front worker in peringathoor

കണ്ണൂര്‍:പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.അതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശം പൊലീസ് വലയത്തില്‍ ആയതിനാല്‍ കൂടുതല്‍ പ്രതിഷേധം അനുവദിച്ചില്ല. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രതിഷേധിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂര്‍ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.