കോട്ടയം: വൈക്കത്ത് അയല്‍വാസി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച വളര്‍ത്തുപൂച്ച ചത്തു.വൈക്കം തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു സുജാത എന്നിവരുടെ എട്ടുമാസം പ്രായമുള്ള ചിന്നുവെന്ന് വിളിപ്പേരുള്ള വളര്‍ത്തു പൂച്ചയാണ് ചൊവ്വാഴ്ച രാത്രിയോടെ ചത്തത്.തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസി രമേശന് പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. പിന്നാലെ പൂച്ചയെ കോട്ടയം വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നു. വെടിവെപ്പില്‍ പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു.വെറ്റിനറി ഡോക്ടറുടെ അടിയന്തര ഇടപെടലില്‍ പൂച്ചയുടെ ജീവന് രക്ഷിക്കാനാവുകയും ആരോഗ്യ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്നലെ പൂച്ച ചത്തത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം;ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും.സര്‍ക്കാര്‍ സ്കൂളിൽ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇത് ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരേ വേഷം ഒരേ സമീപനം എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. കോഴിക്കോട് ബാലുശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഇരിക്കൂറിൽ ഓട്ടോഡ്രൈവര്‍ പിടിയില്‍
കണ്ണൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഇരിക്കൂറിൽ ഓട്ടോഡ്രൈവര്‍ പിടിയില്‍.പെരുവളത്തുപറമ്പിലെ എം. റിയാസിനെയാണ് (29) ഇരിക്കൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 300 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.നാട്ടുകാര്‍ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സിദ്ദീഖ് നഗറില്‍ ഇയാളുടെ ബൈക്ക് തടയുകയും പേഴ്സിൽ സൂക്ഷിച്ച ലഹരി മരുന്ന് പിടികൂടുകയുമായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;28 മരണം;4073 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂർ 306, കണ്ണൂർ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസർഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂർ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂർ 246, കാസർഗോഡ് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേര് നടപ്പാക്കാനൊരുങ്ങി കേരളം;അനുമതി നൽകി കേന്ദ്രസർക്കാർ;ഭൂമി വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേര് നടപ്പാക്കാനൊരുങ്ങി കേരളം. ഇതോടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാർ കേരളത്തിന് അനുമതി നൽകിയിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് അനുമതി നൽകിയത്. തുടർന്ന് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. സംവിധാനം നടപ്പിലാക്കുന്നതോടെ ഭൂമിക്ക് 13 അക്കങ്ങളുള്ള തണ്ടപ്പേരുണ്ടാകും.പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ തണ്ടപ്പേര് എന്ന് പറയുന്നത്. ഭൂരേഖയുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയാണ് യുണീക്ക് തണ്ടപ്പേര്. പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിയ്ക്കും 13 അക്കമുള്ള ഒരു തണ്ടപ്പേരാകും ഉണ്ടാവുക. ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇത് പരിശോധിച്ചാൽ മനസിലാകും. ഭൂമി ഉടമയിൽ നിന്നും സമ്മതപത്രം വാങ്ങിയ ശേഷമാകും ആധാറുമായി വിവരങ്ങൾ ബന്ധിപ്പിക്കുക.സംവിധാനം നിലവിൽ വരുന്നതോടെ ഒരാളുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച കൃത്യമായ വിവരം സർക്കാരിന് ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകും. അതേസമയം വിവിധയിടങ്ങളിലുള്ള ഭൂമിയ്ക്ക് ഒറ്റതണ്ടപ്പേരാകുമ്പോൾ ബാങ്ക് വായ്പ്പ എടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.
വി സി നിയമന വിവാദം; കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: വി സി നിയമന വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് സര്‍വകലാശാലയുടെ പ്രധാന കവാടത്തിനുമുന്നില് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ‘പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല’ എന്നെഴുതിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവാടത്തിന് മുന്നില്‍ സ്ഥാപിച്ചു.തന്റെ നിയമനം നിയമപരമല്ലെങ്കില്‍ എന്തിന് ഗവര്‍ണര്‍ ഒപ്പിട്ടുവെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി സി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് മുന്‍പ് ചോദിച്ചിരുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് നല്കിയ കത്തുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.
ബസ് ചാർജ് വർദ്ധന മകരവിളക്കിന് ശേഷം; വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം:ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചർച്ച നടത്തും.ബസുടമകളുടെ ആവശ്യവും, വിദ്യാർത്ഥി സംഘടനകളുടെ ആവശ്യങ്ങളും ചർച്ച ചെയ്യും. മികച്ച രീതിയിലുള്ള ഗൃഹപാഠം നടത്തിയേ തീരുമാനം എടുക്കാനാകു. അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു.ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാവില്ല. ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തതാണ്. ഇത് സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും എന്ന് മന്ത്രി അറിയിച്ചു. അതേസമയം അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ പറഞ്ഞിരുന്നു.ബസ് ചാർജ് വർദ്ധിപ്പാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാടാണ് ബസുടമകൾ എടുത്തിരിക്കുന്നത്. നിലവിലെ നിരക്കായ 8 രൂപ മാറ്റി 12 രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയും തുക വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ, വിദ്യാർത്ഥികളുടെ കൺസഷനുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്.നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക്. എന്നാൽ ഇത് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ കൺസെഷൻ നിരക്ക് ഒന്നര രൂപയാക്കാം എന്നാണ് സർക്കാർ നിലപാട്.ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്.
കാഞ്ഞിരക്കൊല്ലി റിസോർട്ടിലെ അതിക്രമം;പ്രതികൾ സൈനികർ അടക്കം ആറുപേർ അറസ്റ്റിൽ
കണ്ണൂർ:ശ്രീകണ്ഠപുരം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ അക്രമം നടത്തിയ സംഭവത്തിൽ സൈനികരടക്കം ആറുപേർ അറസ്റ്റിലായി.മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടില്‍ അഭിലാഷ് (29), ഊരാട ലിതിന് (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തന്‍പുരയില്‍ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. രൂപേഷും അഭിലാഷും ലിതിനും പ്രണവും സൈനികരാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടിലായിരുന്നു അതിക്രമം.റിസോര്‍ട്ടില്‍ രാത്രിയില്‍ അടുത്ത മുറിയിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതില്‍ ഇടപെട്ട റിസോര്‍ട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ഏകദേശം കാല്‍ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ നശിപ്പിച്ചുവെന്നാണ് പറയുന്നത്. ഇതോടെ ജീവനക്കാര്‍ പയ്യാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യാവൂര്‍ എസ്ഐ. കെ.കെ.രാമചന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി.ദീപു എന്നിവരെ മുറിയില്‍ പൂട്ടിയിടുകയും വടിയും മറ്റുമുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.ജീവനക്കാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ വിവരമറിയിച്ചതോടെ ഇന്‍സ്പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തിലെത്തിയ സംഘം പൊലീസുകാരെ മോചിപ്പിച്ചു. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവമറിഞ്ഞ് പയ്യാവൂര്‍ ഇന്‍സ്പെക്ടര്‍ പി.ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രാത്രിതന്നെ ആറുപേരെയും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ പരാക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോര്‍ജിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ പ്രതികളായ സൈനികർക്ക് ജോലി നഷ്ടപ്പെടും.കേസുമായി ബന്ധപ്പെട്ട് പൊലീസ് സൈന്യത്തിന് റിപ്പോര്‍ട്ടും നല്കി.
ഒമിക്രോണ്‍;സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതുധാരണ ഉണ്ടാക്കണം. സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്താന്‍ പരിശോധനകളും നിരീക്ഷണവും വ്യപകമാക്കും. ഇത്തരം ക്ലസ്റ്ററുകളില്‍ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കും.മാസ്ക് ധരിക്കുന്ന കാര്യത്തില്‍ കര്‍ശന നിലപാട് തുടരണം. മൂന്ന് പാളി മാസ്ക്കോ എന്‍ 95 മാസ്ക്കോ ആയിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു;ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ പി ജി ഡോക്ടർമാരുടെ സമരം 14 ദിവസം കടന്നു.എമർജൻസി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച.പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും. എന്നാല്‍ 4 ശതമാനം സ്റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍.അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്.കൊറോണ കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി കൂടുതൽ ഭാരമാകുകയാണ്. പകരം ഡോക്ടർമാരെ നിയമിക്കുകയോ പിജി പ്രവേശനം നടത്തുകയോ ചെയ്യണം. പിജി ഡോക്ടർമാർക്ക് നൽകുന്ന സ്റ്റൈപ്പൻഡും വർദ്ധിപ്പിക്കണം. തീരുമാനം വൈകുകയാണെങ്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്.