കൊല്ലം:കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുത്ത് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം.റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്ഷന് പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.സര്‍വേ നടപടികള്‍ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തടഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിൻമാറേണ്ടി വന്നിരുന്നു.
ഇരട്ട കൊലപാതകം;ആലപ്പുഴയിൽ സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി
ആലപ്പുഴ:ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകൾ നിശ്ചയിച്ച സമയത്തായിരുന്നു സർവ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.ആലപ്പുഴ കളക്ട്രേറ്റിൽ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിലാണ് സർവ്വകക്ഷി സമാധാന യോഗം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെയും, രഞ്ജിത്തിന്റേയും കൊലപാതകം നാല് സംഘങ്ങളാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു.തിരുവനന്തപുരം ജില്ലയിൽ പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി.രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. 17 കാരന്റെ അമ്മയ്ക്കും, അമ്മൂമ്മയ്ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും കൊറോണ പോസിറ്റീവ് ആയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ജനിതക പരിശോധനാ ഫലത്തിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്.ഇതിന് പുറമേ യുകെയിൽ നിന്നെത്തിയ യുവതി, നൈജീരിയയിൽ നിന്നും വന്ന യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.യുകെയിൽ നിന്നെത്തിയ 27 കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇവർ തിരുവനന്തപുരം സ്വദേശിനിയാണ്. ഈ മാസം 16 ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ യുവതി ഉൾപ്പെട്ടിരുന്നു. നൈജീരിയയിൽ നിന്നും എത്തിയ യുവാവിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹവും നിരീക്ഷണത്തിലായിരുന്നു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 ഓളം പേർക്ക് പരിക്കേറ്റു
ശബരിമല: എരുമേലി- പമ്പ പാതയിലെ കണമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചോളം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും വളവില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രയില്‍ നിന്നുമെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ.പമ്പാ വാലിയിലെ ഇറക്കത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു.അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
സുധീഷ് വധക്കേസ്;മുഖ്യപ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിവീഴ്ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് എന്ന ഒട്ടകം രാജേഷ് ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾ തമിഴ്നാട്ടിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി അവിടെയെത്തിയ സംഘം രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാജേഷിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് സംഭവ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് പോലീസുകാരൻ മുങ്ങിമരിച്ചത്. രാജേഷ് കടയ്ക്കാവൂരിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. രാജേഷ് കൂടി അറസ്റ്റിലായതോടെ സംഭവത്തിൽ ആകെ പിടിയിലായവരുടെ എണ്ണം 11 ആയി.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സുധീഷിനെ അവിടെയെത്തി വെട്ടുകയായിരുന്നു. തുടർന്ന് കാൽവെട്ടിമാറ്റി റോഡിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം ഇന്ന്; പങ്കെടുക്കില്ലെന്ന് ബിജെപി
ആലപ്പുഴ:ഇരട്ടക്കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സർവകക്ഷി യോഗം ഇന്ന്. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.അതേസമയം ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ബഹിഷ്ക്കരിക്കുമെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചു. കലക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അറിയിച്ചു.നേരത്തെ മൂന്ന് മണിക്കാണ് സര്‍കക്ഷി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്.എന്നാൽ ബി ജെ പി അസൗകര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യോഗം അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ സമയത്തും പങ്കെടുക്കാനില്ലെന്ന നിലപാടിലാണ് ബി ജെ പി.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് യോഗം നിശ്ചയിച്ചതന്നായിരുന്നു ബി ജെ പി ആദ്യം പറഞ്ഞത്. എന്നാല്‍ മന്ത്രി സജി ചെറിയാന് ഇടപെട്ട് യോഗം അഞ്ചിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സംസ്കാര നടപടികള്‍ കഴിഞ്ഞ് അഞ്ച് മണിക്ക് എത്താനാകില്ലെന്നാണ് ബി ജെ പി നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.മൃതദേഹത്തോട് പൊലീസും സര്‍ക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ച് യോഗം ബഹിഷ്കരിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു
മലപ്പുറം: മലപ്പുറത്ത് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേർ മരിച്ചു.മൂന്നുപേർക്ക് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ചണ്ടിയൻമൂച്ചി അസൻ കൂട്ടി, ചേപ്പൂർ കുരിമണ്ണിൽ പൂവജത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.ഉച്ചയോടെ വള്ളിക്കാപ്പറ്റയിലായിരുന്നു സംഭവം.ചെറിയ റോഡിലൂടെ പോകുന്നതിനിടെ ഓട്ടോറിക്ഷ കല്ലിൽ തട്ടി മറിയുകയായിരുന്നു. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾക്കാണ് പരിക്കേറ്റത്.ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്ഡിപിഐ, ഒബിസി മോര്‍ച്ച നേതാക്കളുടെ കൊലപാതകം;ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ;സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍
ആലപ്പുഴ: 12 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഇന്നലെ അർദ്ധരാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഇന്ന് പുലർച്ചയോടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു.തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എഡിജിപി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.
ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ;കൊല്ലപ്പെട്ടത് എസ് ഡി പി ഐ, ബി ജെ പി പ്രവർത്തകർ
ആലപ്പുഴ: ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ.ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിലാണ് ജില്ലയിൽ വീണ്ടും രാഷ്ട്രീയകൊലപാതകം നടന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അഞ്ചംഗ സംഘമാണ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാൻ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരന്നു സംഭവം. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍.
കുറക്കൻമൂലയിലെ കടുവാ വേട്ട;വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം;മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്
വയനാട്: കുറക്കൻമൂലയിലെ കടുവാ വേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായ സംഭവത്തിൽ മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്.വിപിൻ വേണുഗോപാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസിന്റെ നടപടി. ഇന്നലെ രാവിലെ പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വിപിൻ വേണുഗോപാൽ തർക്കത്തിലേർപ്പെട്ടിരുന്നു.രാത്രി 12.30 ഓടെ പ്രദേശത്ത് കടുവയെ കണ്ടെത്തിയത് അറിയിച്ചിട്ടും ഒരു ബീറ്റ് ഓഫീസറും ഡ്രൈവറും മാത്രമാണ് സ്ഥലത്ത് എത്തിയത്. വിപിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് എല്ലാ വീടുകളിലും മുന്നറിയിപ്പ് നൽകിയത്. ഇത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിലേക്ക് നീണ്ടത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 ദിവസമായി ഇവിടെ കടുവയെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണ്.മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.അതിനിടെ ഇന്ന് രാവിലെയും കുറുക്കൻ മൂല പി.എച്ച്.എസ്.സിക്ക് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.