ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ

keralanews mahindra thar offered to guruvayoor temple is now owns amal muhammed

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ നല്‍കുമെന്ന് ദേവസ്വം ഭരണസമിതി.15,10000 രൂപക്കായിരുന്നു അമല്‍ മുഹമ്മദ് ഥാര്‍ ലേലം ഉറപ്പിച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാര്‍ കുറച്ച്‌ ദിവസം മുൻപാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഈ മാസം നാലാം തീയതിയാണ് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. ലേലത്തിലൂടെ അമല്‍ മുഹമ്മദലി ഥാര്‍ സ്വന്തമാക്കിയെങ്കിലും വാഹനം വിട്ട് നല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നുളള ദേവസ്വത്തിന്റെ നിലപാട് വിവാദമായിരുന്നു. വിദേശത്തുള്ള അമലിന് പകരമായി സുഹൃത്ത് സുഭാഷ് പണിക്കരായിരുന്നു ലേലം വിളിക്കാനെത്തിയത്. എന്നാല്‍, ഭരണസമിതി യോഗത്തില്‍ കൂടിയാലോചിച്ച ശേഷം മാത്രമേ ലേലം അംഗീകരിക്കാനാകൂവെന്നാണ് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചത്.25 ലക്ഷം രൂപ വരെ ലേലം വിളിക്കാന്‍ അമല്‍ ഒരുക്കമായിരുന്നുവെന്ന് സുഭാഷ് പണിക്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 21 ലക്ഷം രൂപ വാഹനത്തിന് നല്‍കാമോയെന്നും ഭരണസമിതി അമലിനോട് ചോദിച്ചിരുന്നു. 13 ലക്ഷം വിലയുള്ള വാഹനമാണ് 15.10 ലക്ഷത്തിന് വാങ്ങിയതെന്നും ജിഎസ്ടി കൂടി ചേരുന്നതോടെ 18 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്നും അമല്‍ അറിയിച്ചു. തുടര്‍ന്നാണ് ലേലം വിളിച്ച തുകയ്‌ക്ക് തന്നെ താക്കോല്‍ കൈമാറാന്‍ തീരുമാനിച്ചത്. ആദ്യമായിട്ടാണ് മഹീന്ദ്രയുടെ ഒരു വാഹനം ഗുരുവായൂരപ്പന് കാണിക്കയായി ലഭിക്കുന്നത്. ടിവിഎസ് കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ ആദ്യ മോഡലുകള്‍ ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കാണിക്കയായി ലഭിക്കുന്ന വാഹനം ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തിയറ്റു; ആറ് പേര്‍ക്ക് പരിക്ക്

keralanews blast in tea shop in pathanamthitta mallappalli six injured

പത്തനംതിട്ട: മല്ലപ്പള്ളിയിൽ ചായക്കടയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാളുടെ കൈപ്പത്തിയറ്റു പോകുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സണ്ണി ചാക്കോ, ബേബിച്ചന്‍, പിഎം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടെ കൈപ്പത്തിയാണ് അറ്റുപോയത്.ഇന്ന് രാവിലെ ഒമ്പതരയോടെ ആനിക്കാട്ട് ജംഗ്ഷന് സമീപത്തെ പുളച്ചമാക്കല്‍ ബഷീറിന്റെ ചായക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.ചായക്കട നടത്തുന്നതിനൊപ്പം കടയുടമ കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ്. ഇയാളുടെ കടയോട് ചേര്‍ന്നുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്.പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാല് പേരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തില്‍ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടിയിട്ടുണ്ട്.

പഠിക്കാത്തതിന് വീട്ടുകാർ വഴക്കു പറഞ്ഞു; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

keralanews family scold for not study 13 year old girl committed suicide

കോട്ടയം:പഠിക്കാതിരുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് പതിമൂന്നുകാരി ആറ്റിൽ ചാടി ജീവനൊടുക്കി . തിരുവല്ല നെടുമ്പ്രം കുറ്റിപ്പറമ്പിൽ സന്തോഷ്–സീമ ദമ്പതികളുടെ മകൾ നമിതയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം.നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ പാലത്തിൽ നിന്നും ആണ് പെൺകുട്ടി ചാടിയത്. തുടർന്ന് പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ എട്ടു മണിയോടെ മൃതദേഹം കണ്ടെടുത്തു.തിരുവല്ല എസ്‌സിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് .പഠിക്കാതിരുന്നതിന് വീട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി 100 മീറ്റർ അകലെ ഓട്ടാഫീസ് കടവ് പാലത്തിനോടു ചേർന്നുള്ള ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് സൂചന . മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ‌‌

ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

keralanews aishwarya rai will be questioned again today by the enforcement directorate

മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.കഴിഞ്ഞ 15 വർഷങ്ങളിൽ താരം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.കഴിഞ്ഞ ദിവസം താരത്തിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഉച്ചയ്‌ക്ക് 1:30 ന് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 മണി വരെ നീണ്ടിരുന്നു.ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിവരങ്ങൾ ഇഡി ചോദിച്ചറിഞ്ഞതായാണ് വിവരം.അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു.നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്‍ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.മാധ്യമപ്രവർത്തകരുടെ കൂട്ടായ്‍മായായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

keralanews president ramnath kovind will arrive in kerala today

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.30ന് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കും. ഇതിനു ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും.22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും. തുടർന്ന് ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയിൽ പി.എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനവും രാഷ്‌ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50ന് ഡൽഹിയിലേക്ക് മടങ്ങും.

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 2 മലയാളി യുവാക്കള്‍ മരിച്ചു

keralanews two malayalee youths killed when bikes collided in bangalore

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 2 മലയാളി യുവാക്കള്‍ മരിച്ചു.വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകന്‍ സോനു സോണി (27) എന്നിവരാണ് മരിച്ചത്. ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.ഹുസ്കൂര്‍ ഗേറ്റിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തല്‍ക്ഷണം മരിച്ചു. ജിതിനെ ഹെബ്ബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി സര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്‍.

കണ്ണൂരിൽ സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു;കൈക്കും കാലിനും നെഞ്ചിനും പരിക്ക്

keralanews children brutally beat their mother for property in kannur injured hand leg and chest

കണ്ണൂർ: കണ്ണൂരിൽ സ്വത്തിന് വേണ്ടി തൊണ്ണൂറ് വയസായ അമ്മയെ മക്കൾ ക്രൂരമായി മർദ്ദിച്ചു.മാതമംഗലത്ത് മീനാക്ഷയമ്മയെയാണ് മക്കൾ ക്രൂരമായി മർദ്ദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്.മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.കഴിഞ്ഞ പതിനഞ്ചാം തീയ്യതിയായിരുന്നു സംഭവം. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിപ്പിക്കുകയായിരുന്നു. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഈ സംഭാഷണം റെക്കോർഡ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.പത്ത് മക്കളാണ് മീനാക്ഷിയമ്മയ് ഉള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു.ഇതിൽ മരിച്ച ഓമന എന്ന മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; 4 പേര്‍ കസ്റ്റഡിയിലായതായി സൂചന

keralanews murder of bjp leader ranjith sreenivasan in alappuzha four under custody

ആലപ്പുഴ:ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയിലായതായി സൂചന.ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ഒരു ബൈകും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുള്ള സൂചനകളും നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.അതേസമയം ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി. ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ന് വൈകിട്ട് നാലിന് കളക്‌ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;14 മരണം;3722 പേർക്ക് രോഗമുക്തി

keralanews 2230 corona cases confirmed in the state today 14 deaths 3722 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 405 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3722 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 681, കൊല്ലം 346, പത്തനംതിട്ട 145, ആലപ്പുഴ 57, കോട്ടയം 422, ഇടുക്കി 147, എറണാകുളം 527, തൃശൂർ 349, പാലക്കാട് 29, മലപ്പുറം 108, കോഴിക്കോട് 531, വയനാട് 87, കണ്ണൂർ 202, കാസർഗോഡ് 91 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

keralanews lok sabha passed an amendment bill to link the name in the voter list with the aadhaar number

ന്യൂഡൽഹി:വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്‍ പാസാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.എന്നാൽ കള്ളവോട്ട് തടയാനാണു സര്‍ക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യു ഐഡിഎ ഐയും കേന്ദ്രസര്‍ക്കാരും സമ്മതിച്ചാല്‍ ആധാറും വോട്ടര്‍കാര്‍ഡും യോജിപ്പിക്കാന്‍ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാര്‍ നിയമം (2016) എന്നിവയില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല.2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയില്ല. പകരം എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നല്‍കിയാല്‍ കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാര്‍ഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാര്‍.ആധാര്‍ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഫലപ്രദമായി തടയിടും.