കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

keralanews 23 old aged parents found abandoned in kozhikkode beach hospital

കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച ശേഷം ബന്ധുക്കൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.മൂന്നു സ്ത്രീകൾ ഉൾപ്പെടെ അൻപതുവയസ്സിലേറെ പ്രായമുള്ളവരാണ് ഇവരെല്ലാം.മലയാളത്തിന് പുറമെ കന്നഡ,തമിഴ്,ഹിന്ദി,തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും ഇവരോടൊപ്പമുണ്ട്.ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന തെരുവിന്റെ മക്കൾ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് ഇവരുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.രണ്ടുമാസമായി ഈ പ്രവർത്തകരാണ് ഇവർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.സംഭവമറിഞ്ഞ് ലീഗൽ അതോറിറ്റി സെക്രെട്ടറി എ.പി ജയരാജ് ആശുപത്രിയിൽ എത്തി ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ഇവരെ സംരക്ഷിക്കാതെ ഉപേക്ഷിച്ച ബന്ധുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ടാങ്കർലോറി മറിഞ്ഞ് വാതകം ചോരുന്നു;വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

keralanews tanker lorry accident in malappuram and gas leaked people are shifted from there

മലപ്പുറം: ദേശീയ പാതയില്‍ മലപ്പുറം പാണമ്ബ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ഇതേ തുടർന്ന് സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്ബ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്ബ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.അപകടം നടന്ന സ്ഥലത്തിന് സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.

ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളിൽ നിന്നും മാറ്റി വത്തിക്കാൻ ഉത്തരവ്;ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിനു സാധ്യത

keralanews vathiccan order to remove bishop franco from official duties the questioning continues the possibility of arrest

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും നീക്കി വത്തിക്കാൻ ഉത്തരവ്.പകരം ചുമതല ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.മുംബൈ രൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്.അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്നാൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്.

യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം;മുബൈയിൽ വിമാനം തിരിച്ചിറക്കി

keralanews flight returns after passengers suffer nasal ear bleeding due to cabin preassure issues

മുംബൈ:യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നതിനെ തുടർന്ന് മുബൈയിൽ വിമാനം തിരിച്ചിറക്കി.166 യാത്രക്കാരുമായി മുംബൈയിൽ നിന്നും ജയ്‌പൂരിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത്.വിമാനത്തിനുള്ളിൽ മർദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം ക്യാബിൻ ക്രൂ പ്രവർത്തിപ്പിക്കാൻ മറന്നുപോയതിനെ തുടർന്ന് വിമാനത്തിനുള്ളിൽ മർദ്ദം കുറഞ്ഞുപോയതാണ് രക്തം വരാൻ കാരണം.വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന 9w 697 വിമാനത്തിലാണ് സംഭവം.മർദം കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്‌ക്കുകൾ പുറത്തുവരികയും ചെയ്തു.ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.മുപ്പതോളം യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നു.യാത്രക്കാർക്ക് തലവേദനയും അനുഭവപ്പെട്ടു.യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായും എല്ലാവർക്കും ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൃത്യവിലോപം കാണിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

അഭിമന്യു വധം;മുഖ്യപ്രതി കീഴടങ്ങി

keralanews abhimanyu muder case main accused surrendered

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രെട്ടറിയും പെരുമ്പാവൂർ സ്വദേശിയുമായ ആരിഫ് ബിൻ സലാം ആണ് കീഴടങ്ങിയത്.കൊലപാതകശേഷം ഒളിവിൽ പോയ ആരിഫ് അടക്കം കേസിലെ എട്ടുപ്രതികൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരിഫ് കീഴടങ്ങിയിരിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് ആരിഫ് കോളേജ് പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താൻ ആളുകളെ ഏർപ്പെടുത്തി എന്നതാണ് ആരിഫിനെതിരെയുള്ള കുറ്റം.ആരിഫിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ പതിനാറു പ്രതികളിൽ ഒൻപതുപേർ പോലീസ് പിടിയിലായി.

കണ്ണൂരിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി

keralanews first passenger flight landed in kannur airport

മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്. ഇത് ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഇറങ്ങിയത്.ഇന്ന് രാവിലെ 9.57ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി.അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ആറാമത്തെ തവണ റണ്‍വേയിലിറങ്ങി. ഇതോടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായി.ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ‍ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്റെ മൊഴിയെടുക്കൽ തുടരുന്നു;അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

keralanews taking statement from bishop is continuing arrest may happen today

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃപ്പുണിത്തുറയില്‍ ഹൈടെക്ക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയിരുന്നു.ഇത് ദൂരീകരിക്കാനാണ് ഇന്നും ചോദ്യം ചെയ്യൽ തുടരുന്നത്.കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പുണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്.ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നത്തെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് വഴിവെയ്ക്കാൻ സാധ്യത ഉണ്ട്. കന്യാസ്ത്രീയുടെ രഹസ്യ മൊഴി തെളിവായി സ്വീകരിച്ച്‌ ബിഷപ്പിന് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങളും തിരച്ചടിയായിട്ടുണ്ട്.ഇന്നലത്തെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചത് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ആ വിരോധം തീര്‍ക്കാനാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോകുകയോ കന്യാസ്ത്രീയെ കാണുകയോ ചെയ്തിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

സംസ്ഥാനത്തുടനീളം കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ധാന്യ ശേഖരം പിടികൂടി

keralanews seized less quality cereals in the inspection conducted in consumerfed godowns across the state

തിരുവനന്തപുരം:കൺസ്യൂമർഫെഡ് വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറവാണെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.വിജിലൻസ് ഡയറക്റ്റർ ബി.എസ് മുഹമ്മദ് യാസിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ 11 മണിമുതൽ കൺസ്യൂമർ ഫെഡിന്റെ 36 ഗോഡൗണുകളിലും തിരഞ്ഞെടുത്ത ഔട്‍ലെറ്റുകളിലും ഒരേസമയത്തായിരുന്നു പരിശോധന.ഇതിൽ പലയിടങ്ങളിൽ നിന്നും നിലവാരം കുറഞ്ഞ ധാന്യങ്ങൾ പിടിച്ചെടുത്തു.ഓണത്തിന് ഉപഭോക്താക്കൾക്ക് സബ്സിഡിയിനത്തിൽ സാധനങ്ങൾ നൽകിയതിൽ വ്യപകമായ ക്രമക്കേട് നടന്നതായി നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. വെളിച്ചെണ്ണ,പരിപ്പ്,പയർ,മുളകുപൊടി എന്നിവയിലാണ് പ്രധാനമായും പരാതിയുള്ളത്.കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തെ ഒഴിവാക്കി കോഴിക്കോട്ടെ ഒരു കമ്പനി വഴിയാണ് പയറും മുളകുമെല്ലാം വാങ്ങിയത്.ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കിയ ഏജൻസി അംഗങ്ങൾ അടങ്ങുന്നതാണ് ഈ കമ്പനിയെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.പാലക്കാട് ജില്ലയിലെ നൂറണി,കോഴിക്കോട് ജില്ലയിലെ തടമ്പാട്ടുതാഴം,മീനങ്ങാടി,വടകര,കോഴിക്കോട് സിറ്റി,കാസർഗോഡ് മതിയാനി, കോട്ടയത്തെ പുത്തനങ്ങാടി,മലപ്പുറത്തെ പെരിന്തൽമണ്ണ എന്നീ ഗോഡൗണുകളിൽ നിന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.ചിലയിടങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത ഉൽപ്പന്നങ്ങളും കണ്ടെത്തി.ഒട്ടുമിക്ക ഗോഡൗണുകളിലും ഔട്‍ലെറ്റുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡ,വിജയ,ദേന ബാങ്കുകൾ തമ്മിൽ ലയിപ്പിക്കും

keralanews plan to merge bank of baroda vijaya bank and dena bank

കൊച്ചി:ബാങ്ക് ഓഫ് ബറോഡ,വിജയ,ദേന ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം.ലയനം സാധ്യമാകുന്നതോടെ ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രെട്ടറി രാജീവ് കുമാർ വ്യക്തമാക്കി.മൂന്നു ബാങ്കുകളുടെയും ഡയറക്റ്റർ ബോർഡിനോട് ലയന നീക്കം ചർച്ച ചെയ്യാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരെ സംരക്ഷിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉറപ്പു നൽകി.എസ്ബിടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യിൽ  ലയിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വരും വർഷങ്ങളിൽ പൊതു മേഖലയിൽ കൂടുതൽ ബാങ്ക് ലയനങ്ങൾ  ഉണ്ടാകുമെന്നാണ് സൂചന.

മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ് ശുപാർശ

keralanews arjuna award reccomendation for jinson johnson

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്കും മലയാളി അത്‌ലറ്റ് ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ 20 കായിക താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡിനും ശുപാർശ.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്‍റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ, ക്രിക്കറ്റ് പരിശീലകന്‍ തരക് സിന്‍ഹ എന്നിവരുള്‍പ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേല്‍ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാര തുക. മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്.