സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നൽകാമെന്ന് ഉത്തരവ്

keralanews possibility of heavy rain order to give leave for schools afternoon

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നല്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിട്ടു. വിദ്യാഭ്യാസ ഉപഡയറക്റ്റർമാർക്കാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകട സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദേശമെന്നും ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.

ശബരിമല വിഷയത്തിൽ സർക്കാരുമായുള്ള ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിൻവാങ്ങി

keralanews the thantri family withdrew from the discussions with the government on sabarimala issue

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി ചര്‍ച്ചയെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന തീരുമാനം സര്‍ക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്ത്രിമാരെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. അതേസമയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തന്ത്രിമാരും രാജകുടുംബാംഗങ്ങളും താല്പര്യം അറിയിച്ചിട്ടില്ല. സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.

അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു;സംഭവം കണ്ണൂർ മമ്പറത്ത്

keralanews second standard students nerve injured after the teacher beat him by steel scale

കണ്ണൂർ:അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു.മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ ക്രൂരത അറങ്ങേറിയത്. പരീക്ഷ എഴുതിയില്ല എന്ന കാരണത്താല്‍ സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. കുഴിയില്‍പീടിക സ്വദേശിയായ ആറുവയസുകാരനാണ് മര്‍ദനമേറ്റത്.കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം

keralanews private bus strike from november 1st demanding charge hike

തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയിൽ നിന്നും പത്തു രൂപയാക്കണം,മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ്സുകളുടെ ഡീസൽ വിലയിൽ ഇളവ് നൽകണം.വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസ്സുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

keralanews the remand period of franco mulakkal extended for 14days

കോട്ടയം:കന്യാസ്ത്രീയെ പീജിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.ഈ മാസം ഇരുപതാം തീയതി വരെയാണ് റിമാൻഡ് കാലാവധി.റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി.കേസ് പരിഗണിച്ച ജഡ്ജി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്തതിനാല്‍ തന്നെ റിമാന്‍ഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും.

വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of b j p worker in vatakara

കോഴിക്കോട്:വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.ചോളം വയല്‍ ശ്രീജേഷിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി അണക്കെട്ട് ഇന്ന് 11 മണിക്ക് തുറന്നുവിടും

keralanews idukki dam will open today at 11am

ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനം;തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തും

keralanews sabarimala woman entry govt will hold discussion with thanthri family

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറും തന്ത്രിമാരുമായി ചര്‍ച്ച നടത്തും.കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരോടാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്നും സര്‍ക്കാരിനോടു സിപിഎം ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിൽ നാലംഗ കർഷക കുടുംബം ആത്മഹത്യ ചെയ്തു

keralanews four member of a family committed suicide in waynad

മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.തോപ്പില്‍ വിനോദ് ,ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു.ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും

keralanews kannur international airport will be inaugurated on december 9

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭിച്ചതിനു പിന്നാലെയാണ് ഉൽഘാടന തീയതി പ്രഖ്യാപിച്ചത്.ലൈസസ്‌ ലഭിച്ചതോടെ 3050 മീറ്റർ റൺവേ 4000 ആക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.ഒരേസമയം 20 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമാണ് വിമാനത്താവളത്തിനുള്ളത്.വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കിയാൽ അധികൃതർ അറിയിച്ചു.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും 6 ആഭ്യന്തര കമ്പനികളും തയ്യാറായിട്ടുണ്ട്. എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബായ്,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ ഐർവേസ്‌,ഗൾഫ് എയർ,സൗദി എയർവേയ്‌സ്,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നീ രാജ്യാന്തര കമ്പനികളും ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ജെറ്റ് എയർവേയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ ദിവസം മുതൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.ഇന്ന് മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.