ബം​ഗ്ലാ​ദേ​ശി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ച്‌ 37 പേ​ര്‍ ​മ​രി​ച്ചു

keralanews 37 died when ship got fire in bengladesh

ധാക്ക:ബംഗ്ലാദേശില്‍ കപ്പലിന് തീപിടിച്ച്‌ 37 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം നടന്നത്.ഇതുവരെ 37 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.എഞ്ചിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. 310 പേരെ വഹിക്കാന്‍ കഴിയുന്ന കപ്പലില്‍ 500 പേരോളം ഉണ്ടായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഒബിജാൻ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

കണ്ണൂരിൽ 45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി; ആശുപത്രിക്കെതിരെ കേസെടുത്തു

keralanews complaint that a 45 day old baby was injected with expired medicine in kannur case registered against hospital

കണ്ണൂർ:45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി.സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുത്തു.മട്ടന്നൂരിലെ ആശ്രയ ആശുപത്രിക്കെതിരെയാണ് കേസ്.ഡിസംബർ പതിനെട്ടിനാണ് മട്ടന്നൂർ സ്വദേശിയായ യുവാവ് കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ ആശുപത്രിയിൽ എത്തിയത്. നവംബറിൽ കാലാവധി കഴിഞ്ഞ പോളിയോ മരുന്നാണ് കുഞ്ഞിന് ആശുപത്രിയിൽ നിന്നും നൽകിയത്. കുഞ്ഞിന് ആശുപത്രിയിൽ നിന്ന് നൽകുന്ന കാർഡിലെ സ്റ്റിക്കറിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ എത്തി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാരും അറിയുന്നത്. സംഭവത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകിയിരുന്നു. ആശുപത്രി അധികൃതരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവർ മോശമായാണ് സംസാരിച്ചതെന്നും, അതിന് ശേഷമാണ് പരാതി നൽകിയതെന്നും കുട്ടിയുടെ രക്ഷിതാവ് വ്യക്തമാക്കി.പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പോലീസ് കേസെടുത്തത്.

രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച; വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; പ്രോട്ടോകോൾ ലംഘനം

keralanews security breach during presidents convoy mayors vehicle entered into convoy protocol violation

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്.രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു.വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. ഇതോടെ, മേയറുടെ വാഹനം കയറ്റിയ പ്രവൃത്തി വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി.

ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

keralanews missing student from aluva found drowned in periyar

കൊച്ചി:ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്.കോട്ടപ്പുറം കെഇഎംഎച്ച്‌ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിനു സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളില്‍ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് പെരിയാര്‍ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.പെരിയാറിന്റെ തീരത്ത് ഉച്ചയ്ക്ക് കുട്ടിയെ കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു.നന്ദനയുടേത് ആത്മഹത്യ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു

keralanews famous director k s sethumadhavan passes away

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ(94) അന്തരിച്ചു.ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, പണി തീരാത്ത വീട്, മിണ്ടാപ്പെണ്ണ് എന്നിവയാണ് പ്രധാന മലയാള സിനിമകൾ.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സിനിമ മേഖലയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2009 ൽ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകിയാണ് സേതുമാധവനെ ആദരിച്ചത്.നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.1931 ൽ സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വിക്ടോറിയ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ കെ രാമനാഥിന്റെ അസിസ്റ്റന്റ് ആയായിരുന്നു തുടക്കം. പിന്നീട് എൽ എസ് പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു തുടങ്ങിയവരുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു.1960 ലാണ് സ്വന്തമായി ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നത്. ജ്‌ഞാനസുന്ദരിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.

കണ്ണൂർ മാട്ടൂലിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍

keralanews two under custody in the incident of youth stabbed to death in kannur mattool

കണ്ണൂർ: മാട്ടൂൽ സൗത്ത് ഫിഷര്‍മെന്‍ കോളനിക്കടുത്ത് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍.മാട്ടൂല്‍ സൗത്തിലെ തൈവളപ്പില്‍ സാജിദ് (30), തൈവളപ്പില്‍ റംഷിദ് (30) എന്നിവരെയാണ് പഴയങ്ങാടി സി.ഐ എം.ഇ. രാജഗോപാല്‍, എസ്.ഐ കെ. ഷാജു എന്നിവര്‍ ചേർന്ന് കസ്റ്റഡിയിലെടുത്തത്.മാട്ടൂല്‍ സൗത്തിലെ പരേതനായ കെ.ഇ. കുഞ്ഞഹമ്മദ്-ഹലീമ ദമ്പതികളുടെ മകന്‍ കടപ്പുറത്ത് ഹിഷാം അഹമ്മദാണ് (31) ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ കുത്തേറ്റുമരിച്ചത്. ഒന്നാം പ്രതിയായ സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിയെ, കൊല്ലപ്പെട്ട ഹിഷാമിന്റെ ബന്ധു ശല്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.ഹിഷാമി‍െന്‍റ സുഹൃത്ത് ഷക്കീബിനും പരിക്കേറ്റിരുന്നു. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹിഷാമി‍െന്‍റ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപതിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാട്ടൂല്‍ സൗത്ത് മുഹിയദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;54 മരണം;3427 പേർ രോഗമുക്തി നേടി

keralanews 2514 corona cases confirmed in the state today 54 deaths 3427 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂർ 192, കണ്ണൂർ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 269 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,861 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3427 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 841, കൊല്ലം 199, പത്തനംതിട്ട 157, ആലപ്പുഴ 72, കോട്ടയം 197, ഇടുക്കി 62, എറണാകുളം 593, തൃശൂർ 183, പാലക്കാട് 60, മലപ്പുറം 165, കോഴിക്കോട് 479, വയനാട് 119, കണ്ണൂർ 248, കാസർഗോഡ് 52 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 26,605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കാസർകോട് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം

keralanews four killed as lorry carrying timber overturns in kasargod

കാസർകോട്: പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധന തുടരുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അപകടത്തിൽ പരിക്കേറ്റ ആറുപേരെ പൂടംകൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ് ലോറി അപകടത്തിൽ പെട്ടത്. കെ ബാബു, രംഗപ്പു, എം കെ മോഹനന്‍, നാരായണന്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ലോറി തലകീഴായാണ് മറിയുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രാജപുരം കല്ലപ്പള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച്‌ തമിഴ്‌നാട് സർക്കാർ

keralanews tamil nadu govt grants one month's parole to rajiv gandhi assassination convict nalini

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച്‌ തമിഴ്‌നാട് സർക്കാർ.നളിനിയുടെ അമ്മ പദ്മ നല്‍കിയ ഹര്‍ജിക്ക് സര്‍കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ ഹര്‍ജി നല്‍കിയത്.തുടര്‍ന്ന് ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂടര്‍ ഹസന്‍ മുഹ്മദ് ജിന്ന മദ്രാസ് ഹൈകോടതിയെ അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്‌നാട് സര്‍കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനും ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.മുപ്പത് വര്‍ഷത്തോളമായി താന്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

keralanews omicron confirmed to five more persons in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അൽബേനിയയിൽ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്.കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.