ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി

keralanews the government has canceled the license granted for breweries and distillery

തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ വിവാദ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച്‌ തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച്‌ നടപടിയില്‍ നിന്നും പിന്മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെല്ലാം മുഖ്യന്ത്രി തള്ളി.ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് മദ്യം സംസ്ഥാനത്ത് ഒഴുക്കുക എന്ന ലക്ഷ്യത്തോടെയല്ല. സംസ്ഥാനത്തിന് ആവശ്യമായ മദ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച്‌ നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കും. ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരാമുണ്ട്. ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്‍റെ മാത്രം തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല

keralanews visitors not allowed in kannur airport today and tomorrow

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല.ഇന്നും നാളെയും വിമാനത്താവളത്തിൽ കസ്റ്റംസ്,ഇമിഗ്രേഷൻ പരിശോധന നടക്കുന്നതിനാലാണിത്. ചൊവ്വാഴ്ച വിവിധ വിമാന കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം നടക്കും.സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായ്ന് കസ്റ്റംസ്,ഇമിഗ്രേഷൻ അധികൃതർ എത്തുന്നത്. വിമാനത്താവളത്തിൽ നിന്നും ആദ്യം സർവീസ് തുടങ്ങുന്ന റൂട്ടുകളെ കുറിച്ചും സർവീസ് നടത്തുന്ന കമ്പനികളെ കുറിച്ചും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമാകും.നിലവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിട്ടുള്ള കമ്പനികളുടെ പ്രതിനിധികൾക്ക് പുറമെ താല്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

200 കോടിയുടെ മയക്കുമരുന്ന് കടത്ത്;മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ

keralanews drugs worth 200 crores seized main accused arrested

കൊച്ചി:200 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ(മേത്തലിൻ ഡൈ ഓക്സി മെത്താംഫിറ്റമിൻ)പാർസൽ പായ്ക്കറ്റിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ കടമ്പൂർ കുണ്ടത്തിൽ മീര നിവാസിൽ പ്രശാന്ത് കുമാർ(36)എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ സ്വദേശിയായ പ്രശാന്ത് വളർന്നതും പഠിച്ചതും താമസിക്കുന്നതുമെല്ലാം ചെന്നൈയിലാണ്.ഇയാളും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.എന്നാൽ അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീൺ ട്രാവെൽസ് എന്ന പാർസൽ സർവീസ് കമ്പനി വഴി എഗ്‌മോറിൽ നിന്നും എറണാകുളം രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.ശേഷം ഇവിടെ നിന്നും എറണാകുളം എംജി റോഡിൽ തന്നെ പ്രവർത്തിക്കുന്ന എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ചെന്നൈയിൽ നിന്നും നേരിട്ട് മലേഷ്യയിലേക്ക് പാർസൽ അയക്കാമെന്നിരിക്കെ കൊച്ചി വഴി അയക്കാൻ ശ്രമിക്കതിൽ സംശയം തോന്നിയ കൊറിയർ സർവീസ് ഉടമ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇതിനു മുൻപും ഇതേരീതിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച്‌ മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ്,എൻഫോർസ്‌മെന്റ് ഡയറക്റ്ററേറ്റ്,നാർക്കോട്ടിക് കൺട്രോൾ ബ്യുറോ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെ എക്‌സൈസ് സംഘം പ്രശാന്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് എക്‌സൈസ് ഇൻസ്പെക്റ്റർ ശ്രീരാഗ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി തമിഴ്നാട് നാർക്കോട്ടിക് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ പ്രശാന്തിനെ പിടികൂടുകയുമായിരുന്നു.എംഡിഎംഎ പിടിച്ചവർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

ഒഞ്ചിയത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of c p m leader

കോഴിക്കോട്:ഒഞ്ചിയത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവും റിട്ട അധ്യാപകനുമായ പി പി ചന്ദ്രശേഖരന്‍റെ കെ ടി ബസാറിലെ രയരങ്ങോത്തെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒന്‍പതോടെ ബോംബേറുണ്ടായത്.ഉഗ്രസ്‌‌ഫോടന ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച്‌ വീടിന്‍റെ വരാന്തയിലെ തൂണ് തകര്‍ന്നു.ആർക്കും പരിക്കേറ്റിട്ടില്ല.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവമറിഞ്ഞ് വടകര പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വടകരയില്‍ ഇന്ന് രാവിലെ മുതല്‍ ആര്‍എസ്‌എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശനം;എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും

keralanews sabarimala women entry organizations including nss may present a review petition today

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം.വിധി പുറപ്പെടുവിച്ച്‌ ഒരു മാസം വരെ പുനപരിശോധനാ നല്‍കാം.ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക. ശേഷമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.

നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി

keralanews murder attempt against actor kunchako boban

എറണാകുളം:നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി.ഇക്കഴിഞ്ഞ നാലാം തീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം നടന്നത്.സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോകാന്‍ മാവേലി എക്സ്പ്രസ് കാത്തു നിൽക്കുകയായിരുന്നു താരം.ഇതിനിടെ എറണാകുളം സ്വദേശിയായ യുവാവ് ആദ്യം താരത്തിന്റെ അടുത്ത് എത്തുകയും അസഭ്യ വര്‍ഷം ചെയ്തു.പിന്നീട് ഇയാളുടെ കയ്യിലുള്ള വാള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തീവണ്ടിയില്‍ കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ താളത്തിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി.എറണാകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലുള്ള കാരണം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

വടകരയിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews b j p hartal in vatakara today

കോഴിക്കോട്:ജില്ലയിലെ വടകര നിയോജക മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ.ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹന സര്‍വീസ്, വിമാനത്താവള യാത്ര എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂർ ടൌൺ സി ഐക്കും കുടുംബത്തിനും വധഭീഷണി

keralanews death threat against kannur c i and family

കണ്ണൂർ:കണ്ണൂർ ടൌൺ സി ഐ ടി.കെ രത്നകുമാറിനും കുടുംബത്തിനും നേരെ വധഭീഷണി.സി ഐയുടെ ഭാര്യയുടെ പേരിൽ പോലീസ് ക്വാർട്ടേഴ്സിന്റെ മേൽവിലാസത്തിൽ എത്തിയ കത്തിലാണ് വധഭീഷണി.സിപിഎം നേതാക്കളുടെ നിർദേശത്തിനു വഴങ്ങി നിരപരാധികളെ കൊലക്കേസുകളിൽ പ്രതികളാക്കിയെന്ന് ആരോപിച്ചാണ് ഭീഷണി.കേസിൽ ശിക്ഷിക്കപ്പെട്ടാൽ അപായപ്പെടുത്തി മാത്രമേ ജയിലിലേക്ക് പോകൂ എന്നാണ് കത്തിലെ ഭീഷണി.സഭ്യമല്ലാത്ത ഭാഷയാണ് കത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. കല്യാശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ പി.പി മനോജ് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനാണ് സി.ഐ രത്നാകരൻ.ഈ കേസിൽ കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കാനിരിക്കെയാണ് ഭീഷണിക്കത്ത് വന്നിരിക്കുന്നത്. പിണറായി സർക്കാരാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം

keralanews visitors flow in kannur airport (2)

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം.ഉൽഘാടനത്തിനൊരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ അനുമതി നൽകിയിരുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഇന്നലെ വിമാനത്താവളം സന്ദർശിക്കാനെത്തിയത്.സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ നന്നേ പാടുപെട്ടു.രാവിലെ പത്തുമണി മുതലാണ് വിമാനത്താവളത്തിലേക്ക് സന്ദർശകരെ അനുവദിച്ചതെങ്കിലും എട്ടു മണി മുതൽ തന്നെ വിമാനത്താവള കവാടത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ടെർമിനൽ ബിൽഡിംഗ് നിറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ ഗേറ്റ് അടച്ചു. ബിൽഡിങ്ങിലെ ജനങ്ങൾ ഇറങ്ങിയതിനു ശേഷമാണ് വീണ്ടും ജനങ്ങളെ കയറ്റിയത്.സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു.സന്ദർശകരുടെ തിരക്ക് കാരണം മട്ടന്നൂർ ടൗണിലും പരിസരപ്രദേശത്തും രൂക്ഷമായ ഗതാഗത കുരുക്കാണ്  അനുഭവപ്പെട്ടത്.ഉച്ചവരെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.കണ്ണൂർ റോഡിൽ കൊതേരി വരെയും ഇരിട്ടി റോഡിൽ കോടതി പരിസരം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിമാനത്താവളത്തിലേക്കുള്ള കണ്ണൂർ അഞ്ചരക്കണ്ടി റോഡ് പൂർണ്ണമായും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉച്ചയോടെ വിമാനത്താവളത്തിന്റെ ഗേറ്റ് അടച്ചു.പിന്നീട് തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഗേറ്റ് വീണ്ടും തുറന്നത്. ടെർമിനൽ കെട്ടിടത്തിലും എസ്‌കലേറ്ററിലും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് നിസ്സാര പരിക്കേറ്റു.അവധി ദിവസമായ ഇന്നും വിമാനത്താവളത്തിലെ തിരക്ക് വർധിച്ചേക്കും.

ബസ് ചാർജ് വർധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

keralanews transport minister said that the bus charge will not be increased

കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്‌നങ്ങളോട് സര്‍ക്കാരിന് അനുകമ്ബയാണുള്ളത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തു. ടാക്‌സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു. 20 വര്‍ഷമാക്കി.ആറ് മാസം മുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് സമര പ്രഖ്യാപനം. ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച്‌ വിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തതാണ്.ഇവർക്ക് നേരത്തെ നോട്ടീസ് നല്‍കിയതാണ്. കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലത്തവരാണ് അവര്‍ എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.