എറണാകുളം: കിഴക്കമ്പലം ആക്രമണക്കേസിൽ 50 അതിഥി തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകുമെന്നാണ് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ കൂടി ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടേയും എസ്‌ഐയുടേയും പരാതിയിലാണ് എഫ്‌ഐആർ. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കിറ്റെക്‌സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് കേസ്. പൊലിസ് വാഹനങ്ങള്‍ തീകത്തിച്ചതടക്കം പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലിസ് പറയുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ;പോലീസ് ജീപ്പിന് തീയിട്ടു;അഞ്ച് പോലീസുകാർക്ക് പരിക്ക്
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്.കിറ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച്, തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടു പൊലീസ് വാഹനങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കു നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തൊഴിലാളികളുടെ ക്യാമ്പിനുള്ളില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തു. പുലർച്ചെ നാലു മണിയോടെയാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ്;കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്രസംഘം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളില്‍ സന്ദർശനം നടത്താനൊരുങ്ങി കേന്ദ്രസംഘം.രാജ്യത്ത് നിലവില്‍ 17 സംസ്ഥാനങ്ങളിലായി 415 ഒമിക്രോണ്‍ രോഗികളുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ചികിത്സയിലുള്ളത്. 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് പിന്നില്‍. കേരളത്തില്‍ 37 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.സർവെയ്‌ലൻസ് ഉൾപ്പടെയുള്ള കോൺടാക്ട് ട്രേസിങ് നോക്കുക, ജിനോം സീക്വൻസിങ്ങിനായി സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുക, ആശുപത്രി കിടക്കകളുടെ ലഭ്യതയും ആംബുലൻസ്, വെന്റിലേറ്റർ, മെഡിക്കൽ ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യതയും പരിശോധിക്കുക, വാക്‌സിനേഷന്റെ പുരോഗതി വിലയിരുത്തുക എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒമിക്രോൺ സാഹചര്യത്തിൽ കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.
രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. ജയ്സല്‍മേറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.മിഗ്- 21 യുദ്ധവിമാനത്തിന്‍റെ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് കൊല്ലപ്പെട്ടത്. ഗംഗ ഗ്രാമത്തിന് സമീപമുള്ള ഡിഎൻപി ഏരിയയിലാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിലിനിടെ പൈലറ്റിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയെങ്കിലും, തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനാൽ രക്ഷിക്കാനായില്ല.പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആണ് ഇതിനു പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം.
36 മണിക്കൂർ പരിശോധന; കാൺപൂരിലെ പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 177 കോടി രൂപ
ലഖ്നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ.പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന.36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപ കണ്ടെടുത്തു. പീയുഷ് ജെയിനിന്‍റെ വീട്ടില്‍നിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. 21 പെട്ടികളിലാക്കിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്നറില്‍ കയറ്റി ബാങ്കുകളിലേക്ക് മാറ്റിയത്.ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്ലെറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ്, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഇയാളുടെ ആനന്ദ്പുരിയിലുള്ള വീട്ടിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധനക്കെത്തിയത്. പിന്നീട് ആദായ നികുതി വകുപ്പും പരിശോധനയ്‌ക്കെത്തി.36 മണിക്കൂറുകൾ കൊണ്ടാണ് പിടിച്ചെടുത്ത 150 കോടി രൂപ ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തിയത്. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണൽ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. ഇദ്ദേഹത്തിന് 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ഇതിൽ രണ്ടെണ്ണം മധ്യേഷ്യയിലാണ്. വ്യാജ കമ്പനിയുടെ വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയാണ് പണത്തിന്റെ കണക്കു സൂക്ഷിച്ചിരുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അമ്പതിനായിരത്തിന്റെ ഇരുനൂറിലേറെ ഇൻവോയ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിൻ.കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമാതാക്കൾ. ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്‌പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്‌പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്‌ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയുടെ ധര്‍മശാല ബി.എഡ് സെന്‍റര്‍ കമ്പ്യൂട്ടർ ലാബില്‍ തീപിടിത്തം
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ ധര്‍മശാല ബി.എഡ് സെന്‍റര്‍ കമ്പ്യൂട്ടർ ലാബില്‍ തീപിടിത്തം.വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്.പൂട്ടിയിട്ട ലാബില്‍നിന്ന് പുക ഉയര്‍ന്നതോടെയാണ് തീപിടിച്ചത് ബി.എഡ് സെന്‍ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കോളജ് അധികൃതര്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് തളിപ്പറമ്പിൽ നിന്ന് അഗ്നിശമനസേനയെത്തി കമ്പ്യൂട്ടർ ലാബിന്റെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. ശക്തമായ പുക കാരണവും വെള്ളം ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഥലമായതിനാലും ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.ലാബിലെ വൈദ്യുതി വയറിങ് സംവിധാനം പൂര്‍ണമായും കത്തിനശിച്ചു. 14ഓളം കംപ്യൂട്ടറുകളും ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളും കരിപുരണ്ട അവസ്ഥയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ക്രിസ്മസ് അവധി ആയതിനാല്‍ ലാബില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. എല്ലാ കംപ്യൂട്ടറുകളുടെയും വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. അതിനാല്‍ കമ്പ്യൂട്ടറുകൾക്ക് കാര്യമായ തകരാറു സംഭവിച്ചിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ നഷ്ടം കണക്കാക്കാന്‍ സാധ്യമാകൂവെന്ന് സര്‍വകാല അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 37ആയി. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. തൃശ്ശൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസുള്ള പെൺകുട്ടിക്കുൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.എയർപോർട്ടിലെ കൊറോണ പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരത്തെത്തിയ ആൾക്കും, ഡിസംബർ 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 17ന് ഖത്തറിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനിക്കും, 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിക്കും ഒമിക്രോൺ ആണെന്ന് പരിശോധനയിൽ കണ്ടെത്തി.കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശ്ശൂർ സ്വദേശി, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശ്ശൂർ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരികരിച്ച വ്യക്തി രോഗമുക്തി നേടി.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയായ 39 കാരനാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ നെഗറ്റീവായെന്ന് കണ്ടെത്തിയിരുന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്.ഭാരതീയ മസ്ദൂര്‍ സംഘ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ ഫെഡറേഷനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, , മോട്ടോര്‍ തൊഴിലാല്‍കള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, സിഎന്‍ജി വാഹനങ്ങളുടെ കാലിബ്രേഷന്‍ പരിശോധന കേരളത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുരാജ്, കേരളാ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്ബി, കേരളാ പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍ മോഹനന്‍ എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കി; മാതാപിതാക്കള്‍ അറസ്റ്റിൽ
കോഴിക്കോട്: മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിൽ മാതാപിതാക്കള്‍ അറസ്റ്റിൽ.കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അജിത, പിതാവ് അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്ത് റിനീഷ് നേരത്തേ അക്രമത്തിന് ഇരയായിരുന്നു.ഡിസംബര്‍ 12 നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാരണം പുറത്തുവന്നത്.
വഡോദരയിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം; നാല് മരണം
ഗുജറാത്ത്: വഡോദരയിലെ രാസവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.മകർപുരയിലെ കാന്റൺ ലബോറട്ടറിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.