ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

keralanews the deadbody of si found in a lodge in kannur

കണ്ണൂർ:ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു മാസം മുന്‍പ് കാണാതായ ആലപ്പുഴ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബര്‍ 29ന് വീട്ടില്‍നിന്ന് ഇറങ്ങിയ ഇദ്ദേഹം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ്‌ഐ.യെ മരിച്ചനിലയില്‍ കണ്ടത്.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായാണ് വിവരം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

കണ്ണൂരിൽ അക്രമം രൂക്ഷം;കേന്ദ്ര സേനയെ വിന്യസിച്ചു;ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews violence in kannur aligned central force and cpm worker injured in iritty

കണ്ണൂർ:ഹർത്താലിനെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വി.കെ.വിശാഖിനാണ് വെട്ടേറ്റത്.വിശാഖിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്‍റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശേരിയില്‍ ക്യാമ്ബ് ചെയ്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി വരികയാണ്.

കണ്ണൂരിൽ വ്യാപക അക്രമം;എ.എൻ ഷംസീറിന്റെയും പി.ശശിയുടെയും വീടിനു നേരെ ബോംബേറ്;ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു

keralanews wide attack in kannur bomb attack against the houses of a n shamseer and p sasi bjp office fired in cheruthazham

കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ തുടരുന്നു.എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായി.എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ബൈക്കിലെത്തിയ ആര്‍ എസ്‌എസ് ക്രിമിനല്‍ സംഘം കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീര്‍ ഈ സമയം തലശേരി എഎസ‌് പി ഓഫീസില്‍ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വാട്ടര്‍ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു.ബിജെപി എം പി വി മുരളീധരന്റെ തലശേരി എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്.കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിരുന്നില്ല.കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ  കണ്ണൂരിലെ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്;ഇന്ത്യ 622 റൺസിന്‌ ഡിക്ലയർ ചെയ്തു; പൂജാരയ്ക്കും ഋഷഭ് പന്തിനും സെഞ്ചുറി

keralanews fourth cricket test against australia india decleared for 622runs poojara and rishabh panth got century

സിഡ്‌നി:ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 622 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറി സ്വന്തമാക്കി ഔട്ടാവാതെ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 189 പന്തിൽ നിന്നും 159 റൺസെടുത്ത് ഋഷഭ് പന്ത് ഇന്ത്യയുടെ റണ്‍സ് 600 കടത്തുകയായിരുന്നു. 15 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ഋഷഭ് പന്ത്.ഇന്ത്യന്‍ സ്കോര്‍ 418ല്‍ നില്‍ക്കുമ്പോഴായിരുന്നു പുജാരയുടെ വിക്കറ്റ് നഷ്ടമായത്.193 റണ്‍സെടുത്തായിരുന്നു പുജാര പുറത്തായത്.തുടര്‍ന്നു വന്ന രവീന്ദ്ര ജഡേജ പന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പെട്ടെന്ന് പടുത്തുയര്‍ത്തുകയായിരുന്നു. 114 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും (23) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ രാഹുലിന് (ഒമ്പത്) ഈ ഇന്നിങ്‌സിലും കഴിഞ്ഞില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗര്‍വാളിനൊപ്പം രാഹുല്‍ ഓപണിങ്ങിനെത്തി.ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുല്‍ ഹാസല്‍വുഡിന്റെ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങി.എന്നാല്‍, അഗര്‍വാളിന് പുജാര കൂട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഓസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ച അഗര്‍വാളും ഒത്തുചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി.

സ്‌കോര്‍ 126ലെത്തിയപ്പോള്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗര്‍വാള്‍ മടങ്ങി. തുടര്‍ന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഓസിസ് പുറത്തെടുത്തത്.മൂന്നാം വിക്കറ്റില്‍ പുജാര – കോഹ്‍ലി സഖ്യം 54ഉം നാലാം വിക്കറ്റില്‍ പുജാര രഹാനെ ജോടി 48ഉം റണ്‍സെടുത്തു. ഋഷഭ് പന്തും പുജാരയും കൂടെ 89 റണ്‍സെടുത്തപ്പോള്‍ പന്ത് ജഡേജയോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോഡിലേക്ക് ചേര്‍ത്തത് 204 റണ്‍സാണ്.രണ്ടാം ദിനം കളി തീരുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സുമായി ഓസ്ട്രേലിയ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 19 റണ്‍സുമായി മാര്‍ക്കസ് ഹാരിസും അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

ജനുവരി 8,9 തീയതികളിലെ ദേശീയപണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

keralanews vyapari vyavasayi ekopana committee will not co operate with the national strike on january 8th and 9th

കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി.ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കി.

ശബരിമല നടയടച്ച സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്ന് തന്ത്രിക്ക് ദേവസ്വം ബോർഡ് നിർദേശം

keralanews devaswom board ordered to give explanation in the incident of sabarimala temple closed

ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ് നിർദേശം.തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രെസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് പിന്നാലെ നടയടച്ച തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

keralanews supreme court criticism against nestle company

ന്യൂഡൽഹി:നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങള്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെക്കെതിരെ കേന്ദ്രസർക്കാർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു.എന്നാൽ 2015ല്‍ മാഗിക്കെതിരായ കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂരിലെ ഫുഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനു നിര്‍ദേശവും നല്‍കി.ഇവര്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്. മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡ് അടങ്ങിയിട്ടുള്ളുവെന്നും മാത്രമല്ല എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും നെസ്‌ലെക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി വാദിച്ചു.ഇതേ തുടർന്നാണ് നെസ്‌ലെ കമ്പനിക്കെതിരെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ലെഡ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനാണ് കഴിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ലാബ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന്‍ തന്നെ നടപടിയെടുക്കട്ടെയെന്നും വ്യക്തമാക്കി.

ശ്രീലങ്കൻ സ്വദേശിനിയായ യുവതി ശബരിമലയിൽ ദർശനം നടത്തിയതായി പോലീസ് സ്ഥിതീകരണം

keralanews police confirmed that sreelankan lady visited sabarimala

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലാണ് പുറത്തുവിട്ടത്.പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ശശികല ദർശനം നടത്തിയത്.സന്നിധാനത്തെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ്  പുറത്തുവന്നിരിക്കുന്നത്. പോലീസിന്റെ അറിവോടെയാണ് ശശികലയും സംഘവും പമ്പയിലെത്തുന്നത്.രാത്രി പത്തുമണിയോടെ സന്നിധാനത്തെത്തിയ സംഘം പിന്നീട് വഴിപിരിയുകയായിരുന്നു.എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയതെന്നും ശശികലയ്‌ക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നുമാണ് ശശികലയുടെ ഭർത്താവ് ശരവണമാരൻ പറഞ്ഞത്.തുടർന്ന് ശരവണമാരനും മകനും മലയിറങ്ങി.പമ്പയിലെ ഔട്പോസ്റ്റിൽ ഇവർ വിശ്രമിച്ചു.അപ്പോഴൊന്നും ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയ്യാറായില്ല.അല്പസമയത്തിനു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ശശികലയും പമ്പയിലെത്തി. ഇവിടെവെച്ച് ശശികലയെ തിരിച്ചറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തനിക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നാണ് ശശികല പ്രതികരിച്ചത്.പമ്പയിൽ നിന്നും മടങ്ങിയ ഇവർക്ക് പത്തനംതിട്ടവരെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.ഇവർ എവിടേക്കാണ് പോയതെന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.

ഹർത്താലിനിടെ അക്രമികൾ നശിപ്പിച്ച ബസ്സുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര

keralanews ksrtc staged a mourning procession with buses damaged in harthal

തിരുവനന്തപുരം:ശബരിമല കർമസമിതി ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ തകര്‍ത്ത ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസിയുടെ വിലാപയാത്ര. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെയും സമീപ ഡിപ്പോകളിലേയും 15 ബസുകളാണ് പ്രതിഷേധ വിലാപയാത്രയില്‍ പങ്കെടുത്തത്. കെഎസ്‌ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധ യാത്രയിൽ പങ്കെടുത്തു.തിരുവനന്തപുരത്ത് മാത്രം 23 ബസുകള്‍ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടു. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടം രണ്ടു ദിവസംകൊണ്ട് കെഎസ്‌ആര്‍ടിസിക്കുണ്ടായെന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

കാസർകോഡ് മഞ്ചേശ്വരത്ത് മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു

keralanews three rss workers injured in kasarkode manjeswarm

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത്‌ മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്‌നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്ബള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.കടമ്ബാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തായാണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്.മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്‍റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. കുമ്ബള ഷിറിയ സ്‌കൂളിന് സമീപത്താണ് വസന്തന് കുത്തേറ്റത്.ഷിറിയ സ്കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകൻ ചരൺ രാജിനെ ഒരു സംഘം മർദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് വെട്ടേറ്റത്.കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.