ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

keralanews historic victory for india in australia

സിഡ്‌നി:ഓസ്‌ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു.അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്ബര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി.പരമ്പരയിലെ കേമനും പുജാര തന്നെയാണ്.നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 2-1 നാണ് ഇന്ത്യന്‍ ജയം. അഡലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും, മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന് ഓസീസ് ജയം നേടുകയായിരുന്നു.

48 മണിക്കൂർ ദേശീയപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

keralanews 48hours national strike will begin from today midnight

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.സംഘടിതമേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറാനാണ് സാധ്യത.പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്‍പ’ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്

keralanews kasarkode district hospital got kayakalpa award for best hospital in the state

കാസർകോഡ്:സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്‍പ’ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്.സംസ്ഥാനത്തെ 50 ഓളം ജില്ലാ-ജനറല്‍ ആശുപത്രികളില്‍ നിന്നുമാണ് കാസര്‍കോട് ജില്ലാ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രിയായി തിരഞ്ഞെടുത്തത്.ഗ്രാമീണ ആരോഗ്യ മിഷന്റെ ഈ പുരസ്‌കാരം ലഭിക്കുന്ന മലബാര്‍ മേഖലയിലെ ലഭിക്കുന്ന ആദ്യ ആശുപത്രിയെന്ന നേട്ടവും  ഇതോടെ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി സ്വന്തമാക്കി.50 ലക്ഷം രൂപയാണ് പുരസ്‌കാര തുക.തിരുവനന്തപുരത്ത് വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസറുടെ നേതൃത്വത്തിൽ വൃത്തി, പരിസര ശുചിത്വം, ഭൗതിക സാഹചര്യങ്ങള്‍, രോഗീ ബോധവത്കരണം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്‌കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് മികച്ച ആശുപത്രിയെ തിരഞ്ഞെടുത്തത്.ജില്ലയിലെ ആശുപത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാല്‍ ലക്ഷം രോഗികളാണ് ഒ പി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയത്. 16,000 രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി, ആര്‍എംഒ ഡോ. റിജിത് കൃഷ്ണന്‍, ഡോ. റിയാസ്, ജില്ലാ ക്വാളിറ്റി ഓഫീസര്‍ ലിബിയ എം. സിറിയക്, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ലിസി,രജനി, കോ ഓര്‍ഡിനേറ്റര്‍ ദിനേശ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സേതുമാധവന്‍, ഹെഡ് നഴ്‌സ് അച്ചാമ്മ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി നടത്തിയ പ്രവർത്തനങ്ങളാണ് ആശുപത്രിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

പയ്യന്നൂരിൽ ഇലക്ട്രിക്ക് കടയിൽ വൻ തീപിടുത്തം

keralanews massive fire broke out in an electric shop in payyannur

കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിൽ ഇലക്‌ട്രിക് കടയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ 7.15 ഓടെ തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വാഹനയാത്രക്കാരാണ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. അസിസ്റ്റന്റ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയിൽ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. അരകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കണ്ണൂർ ജില്ലയിൽ അക്രമങ്ങൾ തുടരുന്നു;വീണ്ടും ബോംബേറ്;തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews violence continues in kannur bomb attack again prohibitory order in thalasseri

കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേ സമയം സംസ്ഥാനത്ത് അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.

ശബരിമല പതിനെട്ടാം പടിക്ക് സമീപം ആൽമരത്തിന് തീപിടിച്ചു

keralanews banyan tree in sabarimala catches fire

ശബരിമല:ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് തീക്കനൽ ആല്മരത്തിലെ ഉണങ്ങിയ ഇലകളിൽ വീണാണ് തീപടർന്നതു.രാവിലെ 11.30-ന് ആണ് തീ പിടിച്ചത്.ഉടൻതന്നെ ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുത്തുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .

ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.

keralanews seven including six students died when school bus fell into george in himachalpradesh

ഷിംല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.സിര്‍മോര്‍ ജില്ലയിലെ ദാവ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പലരുടേയും നില ഗുരുതരമായ തുടരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി .

ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ്‌ ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം

keralanews strict advice of the director of public education not to take action if the students wear color dress on their birthday

തിരുവനന്തപുരം:ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ്‌ ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം.കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മോലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.

ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് സൗജന്യ നിയമസഹായവുമായി അഭിഭാഷകർ

keralanews advocates with free legal help for those who have lost due to hartal

എറണാകുളം:ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവരെ സഹായിക്കാൻ സൗജന്യ നിയമസഹായവുമായി എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി. എറണാകുളം ജില്ലയിലെ ഏഴു  കേന്ദ്രങ്ങളിൽ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന അതോറിറ്റി ഓഫീസിൽ നിന്നും നിയമസഹായം ലഭിക്കുന്നതാണ്.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനാണ് നിയമസഹായം നൽകുന്നത്.സാധാരക്കാരായ കച്ചവടക്കാർക്കും മറ്റുമാണ് ഈ സഹായം ലഭിക്കുക.വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കുറവുള്ളവർക്ക് സിവിൽ കോടതിയിൽ കേസ് നടത്താൻ സൗജന്യമായി അഭിഭാഷകരെ ചുമതലപ്പെടുത്തും.എന്നാൽ സ്ത്രീകൾക്ക് വരുമാനപരിധി ബാധകമല്ല.ഹർത്താൽ മൂലം കടകമ്പോളങ്ങൾ അടച്ചിടുകമൂലം ക്രിമിനൽ സ്വഭാവമുള്ള പരാതികൾ പോലീസ് സ്വീകരിക്കാറില്ല.കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ നൽകുന്ന സംരക്ഷണം പര്യാപ്തമല്ല.സിവിൽ സ്വഭാവമുള്ള കേസുകളായതിനാൽ വിചാരണ ദിവസം മാത്രം കോടതിയിൽ വാദി ഹാജരായാൽ മതി.അതുവരെ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനൽ ലോയേഴ്സ് കേസുകൾ ഹാജരാക്കും.നിയമസഹായം ആവശ്യമുള്ളവർ കഴിഞ്ഞ മൂന്നുവർഷത്തെ വരുമാന നഷ്ട്ടം തെളിയിക്കുന്ന രേഖകൾ സഹിതം അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിക്കേണ്ടതാണ്.

ഫോൺ നമ്പറുകൾ:
കണയന്നൂർ:9495159584
മൂവാറ്റുപുഴ:04852837733
നോർത്ത് പറവൂർ:04842446970
ആലുവ:8304845219 കൊച്ചി:8330810100
കോതമംഗലം:8304859290
കുന്നത്തുനാട്:8304832564

സുപ്രീം വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി റിപ്പോർട്ട്

keralanews report says 9ladies visited sabarimala after supreme court verdict

പത്തനംതിട്ട:സുപ്രീം  വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി പോലീസ് റിപ്പോർട്ട്.ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 50 വയസില്‍ താഴെയുള്ള ഒന്‍പതു യുവതികള്‍ ഇതുവരെ ദര്‍ശനം നടത്തിയെന്നാണു പോലീസ് ഉന്നതര്‍ പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം.മലേഷ്യയില്‍ നിന്നു മൂന്നു യുവതികള്‍ ഇന്നലെ പോലീസ് സഹായത്തോടെ ദര്‍ശനം നടത്തി. 25 അംഗ മലേഷ്യന്‍ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയില്‍ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തര്‍ക്കമുണ്ടായപ്പോള്‍ തങ്ങള്‍ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യന്‍ സ്ത്രീകള്‍ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല.