കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു

keralanews six including five from one family died in an accident in kollam

കൊല്ലം:കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു.തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46), മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത, മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.അരുണായിരുന്നു വാഹനമോടിച്ചിരുന്നത്.തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ്  ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച്‌ ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീന്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം;സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേഴ്‌സിക്കുട്ടിയമ്മ

keralanews mining in alappatt govt ready for discussion with protesters

കൊല്ലം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു.അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.തീര സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി.പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഖനനത്തെ ന്യായീകരിച്ച്‌ മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.അതേസമയം,കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.രണ്ടു കമ്പനികളാണ് ഖനനം നടത്തുന്നത്. ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും. ഇവര്‍ വീഴ്ച വരുത്തിയെന്നാണ് സഭാ സമിതി ചൂണ്ടിക്കാട്ടിയത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായിട്ടില്ല.

‘ബെ​സ്റ്റ്’ ബസ് തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഹ്വാനം ചെ​യ്ത പ​ണി​മു​ട​ക്ക് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നു

keralanews mumbai best bus strike enters fifth day

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട് (ബെസ്റ്റ്) തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് ബെസ്റ്റ് ബസിന്‍റെ സേവനം ലഭിക്കുന്നത്. ഇതുകൊണ്ടു തന്നെ ജനജീവിതത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.കടബാധ്യത ഇല്ലാതാക്കുക, ശമ്പള പരിഷ്‌കരണം കൂടാതെ തൊഴിലാളികള്‍ക്ക് ബോണസ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജില്ലയിൽ ശർക്കരയുടെ വിൽപ്പന നിരോധിച്ചു; നിരോധനം മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്

keralanews the sale of jaggery banned in kannur and the presence of deadly chemicals found in it

കണ്ണൂർ:മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ ശർക്കരയുടെ(വെല്ലം)വിൽപ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ ശർക്കരയാണ് നിരോധിച്ചെതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷ്യവസ്തു ഉണ്ടാക്കാനുള്ള അനുമതി പോലും ലഭിക്കാത്തവരാണ് ഇവർ.മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.

പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്;ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമാകും

keralanews suchithwamission report that the use of pvc flex is dangerous and will cause hormone imbalance and cancer

തിരുവനന്തപുരം:പിവിസി ഫ്ലെക്സിന്റെ ഉപയോഗം അപകടകരമാണെന്ന റിപ്പോർട്ടുമായി സംസ്ഥാന ശുചിത്വ മിഷൻ.പ്രത്യുല്‍പാദനത്തിനും ഭ്രൂണവളര്‍ച്ചയ്ക്കും വില്ലനാകുകയും ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകള്‍.മാത്രമല്ല പലതരത്തിലുള്ള ക്യാന്‍സറിനും ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പി.വി സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണ് പിവിസി ഫ്ലെക്സ്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽ മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു

keralanews go air started daily service to mumbai from kannur airport

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു.വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഒരുമണിക്ക്  മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തിച്ചേരും. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച്‌ കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസുകള്‍.

മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ; സമാധാനം നിലനിൽക്കുന്ന ശബരിമലയിലേക്ക് അത് ഇല്ലാതാക്കാനാണോ പോകുന്നതെന്നും കോടതി

keralanews k surendran approached high court seeking permission to visit sabarimala during makaravilakk

കൊച്ചി:മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ.താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണ്. അത് തകര്‍ക്കുമോ എന്നും കോടതി ചോദിച്ചു.അതേസമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമലയിലെത്തിയ  സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 23ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം.

അലോക് വർമ്മ സർവീസിൽ നിന്നും രാജിവെച്ചു

keralanews alok varma resigned from service

ന്യൂഡൽഹി:സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച്‌ രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.അസ്‌താനയ്‌‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.

ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു

keralanews four young ladies came to visit sabarimala from andra

കോട്ടയം:ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു.ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു ഇവരുടെ ലക്ഷ്യം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.ഇതിനിടെ ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും.രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്.