ഹർത്താൽ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ പെൺകുട്ടി അറസ്റ്റിൽ

keralanews girl who make bad slogan during harthal were arrested

കാസർകോഡ്:ഹർത്താൽ പ്രകടനത്തിനിടെ  മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ പെൺകുട്ടി അറസ്റ്റിൽ.അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്.വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. സംഭവത്തിനെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്.

ഗാന്ധിയൻ കെ.പി.എ റഹിം പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

keralanews gandhian kpa rahim died during the speech

കണ്ണൂർ:ഗാന്ധിയൻ കെ.പി.എ റഹിം പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.മാഹിയിൽ ഗാന്ധിസ്‌മൃതി യാത്രയുടെ സമാപനച്ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.ഞായറാഴ്ച രാവിലെ 10.10 നു പ്രസംഗം തുടങ്ങി.10.20 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ മാഹി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഗാന്ധി യുവമണ്ഡലം,കേരളം സർവോദയ മണ്ഡലം,ഹിന്ദ് സ്വരാജ് ശതാബ്തി സമിതി,കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി എന്നിവയുടെ പ്രെസിഡന്റായി പ്രവർത്തിച്ചിരുന്നു.ശ്രീനാരായണഗുരു,ഗാന്ധിജി,വാഗ്‌ഭടാനന്ദൻ എന്നിവരുടെ മതസമന്വയ സന്ദേശത്തിന്റെയും സൂഫി ദർശനത്തിന്റെയും പ്രചാരകനായിരുന്നു. ആകാശവാണിയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസപരിപാടിയിൽ പ്രഭാഷണം, ചിത്രീകരണം, പ്രശ്നോത്തരി, പുസ്തകാസ്വാദനം എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഗാന്ധിദർശൻ പ്രോഗ്രാമിന്റെ ഭാഗമായി ദൂരദർശനിൽ ക്ലാസുകൾ സംപ്രേഷണം ചെയ്തിരുന്നു. കെ.ജനാർദനൻ പിള്ള പുരസ്കാരം, സി.എച്ച്.മൊയ്തുമാസ്റ്റർ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.പാനൂരിന്റെ സാംസ്‌കാരിക മുഖമായിരുന്ന റഹീം മാസ്റ്റര്‍ കക്ഷിരാഷ്ട്രിയത്തിനതീതമായി വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമ കൂടിയാണ്.കെ.കെ.വി. മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2003-ൽ വിരമിച്ചു.പരേതരായ പൈക്കാട്ട് അബൂബക്കറിന്റെയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: ലൈല, ജലീൽ,കബീർ .

കണ്ണൂർ പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

keralanews two youth killed when bike collided in peringom kannur

കണ്ണൂർ: പെരിങ്ങോമിനടുത്ത് പൊന്നമ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം.പെരിങ്ങോം സ്കൂളിന് സമീപത്തെ രമേശിന്റെ മകൻ എടാടൻ വീട്ടിൽ രാഹുൽ രമേശ് (22), പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകൻ മാടപ്പാടിൽ അഖിലേഷ് (22) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടത്.മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു.

ശബരിമല മകരവിളക്ക് ഇന്ന്

keralanews sabarimala makaravilkk today

ശബരിമല:ശബരിമല മകരവിളക്ക് ഇന്ന്.മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച്‌ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്നു പൊന്നമ്മബലമേട്ടിൽ മകര ജ്യോതി തെളിയും.ഇന്ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. ഉച്ചയ്ക്കു ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തുംവരെ പമ്ബയില്‍ നിന്നു സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടില്ല. വലിയ തിരക്കുള്ളതുകൊണ്ട് സുരക്ഷാപ്രശ്നം മുൻനിർത്തി യുവതികളേയും ഇന്ന് മല കയറാന്‍ അനുവദിക്കില്ല.നിലയ്ക്കല്‍ മുതല്‍ യുവതികളെത്തുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. യുവതികളെത്തിയാല്‍ സന്നിധാനത്ത് എന്തും സംഭവിക്കാമെന്ന സാഹചര്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണവും നിയന്ത്രണവും കര്‍ശനമാക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ ധാരണ;വർധന ഈ മാസം 18ന് പ്രഖ്യാപിക്കും

keralanews decision to increase electricity rate and will be announced in 18th of this month

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ.നിരക്ക് കൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചു.വര്‍ധന ഈ മാസം 18ന് പ്രഖ്യാപിക്കും.എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവിൽ വരേണ്ടിയിരുന്നത്.എന്നാൽ നിരക്ക് പരിഷ്‌ക്കരണ നടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാർച്ച് വരെ നീട്ടി.പതിനെട്ടാം തീയതി പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകാനും സാധ്യതയുണ്ട്.

പോലീസിന്റെ അനാസ്ഥ;കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ കുറ്റപത്രം റദ്ദായി;പ്രതികൾ രക്ഷപ്പെട്ടു

keralanews police negligence charge sheet canceled in the biggest drug case and accused escaped

തിരുവനന്തപുരം:പോലീസിന്റെ അനാസ്ഥകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ രക്ഷപ്പെട്ടത്.നിർദേശം പാലിക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.കേസെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് പറ്റിയ പിഴവാണ് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്.2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.മെഡിക്കൽ കോളേജ് വളപ്പിൽ നിന്നുമാണ് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടിയത്.ആന്ധ്രായിൽ നിന്നും തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടികൂടി.സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് സിഐ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് കേസിന് തിരിച്ചടിയായത്.നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്‌റ്റില്‍ സുപ്രീം കോടതി നല്‍കിയിരുന്നു.കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു ഇതിലെ പ്രധാനവ്യവസ്ഥ.കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് (എന്‍.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം.ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of cpm worker in payyoli

കോഴിക്കോട്:കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ബോംബേറിൽ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.അക്രമത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ  ശക്തമാക്കിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ട്ടം

Fire in forest
Fire in forest

 

കണ്ണൂർ:അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു.എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള രാസണ്‍സ് ഓയില്‍ മില്ലിനാണ് തീപിടിച്ചത്.കൊപ്ര മില്ലിനോട് ചേര്‍ന്നുള്ള കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. പരിസരത്തുള്ളവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഡ്രയര്‍ യൂണിറ്റില്‍ ഉണക്കാന്‍ വെച്ച കൊപ്രയും സംഭരണ യൂണിറ്റില്‍ സൂക്ഷിച്ചിരുന്ന കൊപ്രകളും കത്തിനശിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നുണ്ട്.

നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്

keralanews temporary employees who were serving in hospitals at the time of nipah virus outbreak will start hunger strike

കോഴിക്കോട്:നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്.സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നത്.മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്. നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.

ശബരിമല മകരവിളക്ക് നാളെ;ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് കമ്മീഷണർ

keralanews sabarimala makaravilakk tomorrow completed all preparations said devaswom board commissioner

ശബരിമല:ശബരിമലയിൽ മകരവിളക്ക് നാളെ.മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും.അതേസമയം ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചതായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറിയിച്ചു. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.