ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച്‌ രാജിവെച്ചു

keralanews indian football coach resigned after asian cup defeat

ഷാർജ:ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ബഹ്റൈനെതിരായി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു.വിം കോവർമാൻ സിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 ആം സ്ഥാനത്തുനിന്ന് 97 ആം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. നേരത്തെ 2002-2005 വര്‍ഷങ്ങളിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിട്ടുള്ള കോണ്‍സ്റ്റന്റൈന്‍, തന്റെ രണ്ടാം വരവില്‍ ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിക്കുകയായിരുന്നു‌.എന്നാല്‍ ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ ഈ അന്‍പത്തിയാറുകാരന്‍ തീരുമാനിക്കുകയായിരുന്നു.

ഏഷ്യൻ കപ്പ് ഫുട്ബോൾ;ഇന്ത്യ പുറത്ത്

keralanews india out from asian cup football

ഷാർജ:എഎഫ‌്സി ഏഷ്യന്‍ കപ്പ‌് ഫുട‌്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്റൈനോട‌് തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്ത്. ‌എതിരില്ലാത്ത ഒരു ഗോളിനാണ‌് ബഹ‌്റൈന്റെ ജയം. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജമാല്‍ റഷീദ‌ാണ‌് വിജയഗോള്‍ നേടിയത‌്.ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി.തുടക്കംമുതല്‍ ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്റൈനെ പ്രതിരോധക്കരുത്തിലാണ‌് ഇന്ത്യ അവസാനംവരെ തടഞ്ഞുനിര്‍ത്തിയത‌്. യുഎഇയെ നേരിട്ട ഇന്ത്യന്‍നിരയില്‍ ഒരു മാറ്റവുമായാണ‌് പരിശീലകന്‍ സ‌്റ്റീഫന്‍ കോണ്‍സ‌്റ്റന്റൈന്‍ ടീമിനെ വിന്യസിച്ചത‌്.മൂന്നു മത്സരങ്ങളില്‍ തായ്‌ലന്‍ഡിനെതിരായ ജയത്തില്‍നിന്ന‌് ലഭിച്ച മൂന്ന‌് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ഗ്രൂപ്പിലെ രണ്ടാംമത്സരത്തില്‍ യുഎഇയെ ഒരു ഗോളിന‌് സമനിലയില്‍ തളച്ച തായ്‌ലന്‍ഡ്, ഗ്രൂപ്പില്‍ മൂന്നാമതെത്തി. ഒരു ജയവും രണ്ട‌് സമനിലയും ഉള്‍പ്പെടെ അഞ്ച‌് പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയവും സമനിലയും ഉള്‍പ്പെടെ നാല‌് പോയിന്റുമായി ബഹ്റൈന്‍ രണ്ടാംസ്ഥാനത്തെത്തി.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചു

keralanews the prohibitory order in sabarimala withdrawn

ശബരിമല:ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനമായത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായാൽ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

keralanews kerala police against the wedding ragging

തിരുവനന്തപുരം:അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്.വിവാഹദിനത്തില്‍ ഓഡിറ്റോറിയത്തിലും വധു വരന്മാരുടെ വീടുകളിലും നടക്കുന്ന ആഘോഷങ്ങള്‍ ക്രമസമാധന പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച്‌ ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന ആശയങ്ങളൊന്നും വിവാഹവീട്ടില്‍ നടപ്പാക്കാന്‍ പാടില്ലന്നാണ് പൊലീസ് പറയുന്നത്.കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ റാഗിങിന് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പെന്ന് പൊലീസ് വിശദമാക്കുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

keralanews supreme court will not consider the review petition regarding sabaimala women entry in january 22nd

ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന് കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയെടുത്തിരിക്കുന്ന ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് കേസ് കേള്‍ക്കുന്ന പുതിയ തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അൻപതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. എല്ലാ ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ അറിയിച്ചിരുന്നു.

മുനമ്പം മനുഷ്യക്കടത്ത്;കൂടുതൽ വിവരങ്ങൾ പുറത്ത്;കൊച്ചിയിൽ നിന്നും ഒന്നില്‍കൂടുതല്‍ ബോട്ടുകള്‍ പോയതായി സൂചന

keralanews more news about munambam human trafficking more than one boats leave from kochi

കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നില്‍കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുൻപും കൊച്ചി വഴി സമാനരീതിയില്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.അതേസമയം സംഭവത്തിന് പിന്നിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ബോട്ടു വാങ്ങിയത് ശ്രീകാന്തന്‍, സെല്‍വം എന്നിവരാണെന്നാണ് തിരിച്ചറിഞ്ഞത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍.ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച  കൊടുങ്ങല്ലൂരെത്തിയ ശ്രീകാന്തന്‍ ഇവിടുത്തെ ഒരു ലോഡ്ജിലാണ് താമസിച്ചത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ശ്രീകാന്തന്‍ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.രണ്ടുദിവസം മുൻപാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.

ശബരിമല ദർശനം കഴിഞ്ഞെത്തിയ കനകദുർഗയെ ഭർത്താവിന്റെ വീട്ടുകാർ മർദിച്ചതായി പരാതി

keralanews kanakadurga who visited sabarimala was beaten by her husbands family

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് അവര്‍ക്ക് മര്‍ദനമേറ്റത്. ഇതേതുടര്‍ന്ന് കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശബരിമല ദർശനത്തിനു ശേഷം ബിജെപി അനുകൂലികളായ ഭർത്താവിന്റെ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. കനകദുര്‍ഗയും, കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദുവും ചേര്‍ന്ന് ഡിസംബര്‍ 24 നാണ് ശബരിമല ദര്‍ശനം നടത്തിയത്.

കൊല്ലം ബൈപാസ് ഉൽഘാടനം;ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

keralanews prime minister narendramodi will reach kerala to inaugurate kollam bypass

കൊല്ലം:കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കേരളത്തിലെത്തും.കൊല്ലത്തും തിരുവനന്തപുരത്തുമായാണ് സന്ദര്‍ശനം. വൈകിട്ടു 4മണിക്ക് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോഡി, ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും വേദിയിലുണ്ടാകം. ശേഷം, 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും.

മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്.അതേസമയം, ബൈപ്പാസ് ഉദ്ഘാടനത്തിന് വേദിയില്‍ ഇടം നല്‍കാതെ അപമാനിച്ചെന്ന് കാണിച്ച്‌ ബൈപ്പാസ് കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ രംഗത്തെത്തി.ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കിയിട്ടില്ല.ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എംഎല്‍എ എം മുകേഷിനു മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്. എം നൗഷാദിനെയും വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവിനും ഒഴിവാക്കി.അതേസമയം ബിജെപിയുടെ എംഎല്‍എയായ ഒ രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടവും നല്‍കി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു, എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

keralanews famous director lenin rajendran passed away

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും.രണ്ടാഴ്ച മുൻപ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍,ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം രണ്ടു തവണ ഒറ്റപ്പാലത്തു നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്‍. നാരായണനെതിരെ മത്സരിച്ചത് ലെനിൻ രാജേന്ദ്രനായിരുന്നു.ഭാര്യ:ഡോ.രമണി, മക്കൾ:ഡോ.പാർവതി,ഗൗതമൻ.

കേരളത്തെ ഞെട്ടിച്ച് മനുഷ്യക്കടത്ത്;കൊച്ചി മുനമ്പം ഹാർബർ വഴി നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സൂചന

keralanews human trafficking in kochi more than 40 people have crossed over to australia via kochi munambam harbor

കൊച്ചി:കേരളത്തെ ഞെട്ടിച്ച് കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യക്കടത്ത്.മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യകടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.ശനിയാഴ്ച്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്നത്  നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ ,കുടിവെളളം, ഫോട്ടോകള്‍ ,ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുളള വിമാനടിക്കറ്റുകള്‍,കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം ഉണ്ടായെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘം സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍  നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു.

അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചു.ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘം ചെറായിയിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്ബായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച്‌ സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി.മുനമ്പം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച്‌ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.മുനമ്ബത്തെ പെട്രോള്‍ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുടിവെളളം ശേഖരിക്കാന്‍ മുനമ്പത്ത് നിന്നും അഞ്ച് ടാങ്കുകള്‍ വാങ്ങി. ഒരു മാസത്തേക്കുളള മരുന്നുകളും ശേഖരിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ ആകാം ലക്ഷ്യമെന്ന് കരുതുന്നു. മുനമ്ബം തീരത്ത് നിന്നും പുറപ്പെട്ടാന്‍ ഓസീസ് തീരത്തെത്താന്‍ 27 ദിവസമെങ്കിലും വേണ്ടി വരും. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.