ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു

keralanews bjp hunger strike infront of secretariate has been withdrawn

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാറായ സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം.എന്നാൽ സുപ്രീം കോടതി ഇരുപത്തിരണ്ടാം തീയതി കേസ് പരിഗണിക്കില്ലെന്ന് അറിയിച്ചതോടെയാണ് മണ്ഡലകാലം അവസാനത്തോടെ നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു

keralanews kerala entered ranji trophy cricket semi finals

കൃഷ്ണഗിരി(വയനാട്):ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. കൃഷ്ണഗിരിയില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം ആദ്യ സെമി പ്രവേശം സാധ്യമാക്കിയത്.ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് എടുത്തത്.എന്നാല്‍, പേസര്‍മാര്‍ 162 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടതോടെ കേരളത്തിന് വിജയ സാധ്യത കണ്ടുതുടങ്ങി. 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു.വിദര്‍ഭയായിരിക്കും സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. വയനാട്ടില്‍ വെച്ച് തന്നെയാണ് സെമിഫൈനലും നടക്കുന്നത്.

ജീവന് ഭീഷണി;മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു

keralanews threat to life bindu and kanakadurga approached supreme court seeking full time protection

ന്യൂഡൽഹി:ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്  മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു.ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയെയും വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശിനി ബിന്ദുവും ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിനു ശേഷം വധഭീഷണിയെ തുടര്‍ന്ന് കുറെ നാള്‍ രണ്ടുപേരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും

keralanews spice also ready to operate service from kannur airport

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സ്‌പൈസ് ജെറ്റും തയ്യാറെടുക്കുന്നു.ഇതിനു മുന്നോടിയായി കമ്പനി പ്രതിനിധികൾ കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തി.സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇവർ കിയാൽ പ്രതിനിധികളുമായി ചർച്ച നടത്തി.കണ്ണൂരിൽ നിന്നും അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ നടത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.സർവീസ് നടത്തുന്ന തീയതികളും കേന്ദ്രങ്ങളും ഉടൻതന്നെ പ്രഖ്യാപിക്കും.ഉഡാൻ പദ്ധതിയിൽ ഉൾപ്പടുത്തിയുള്ള സർവീസുകളും ആരംഭിക്കാം പദ്ധതിയുണ്ട്.ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കേന്ദ്രങ്ങളിലേക്ക് ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളും ഈ മാസം 25 ന് ആരംഭിക്കും.ഫെബ്രുവരി ഒന്ന് മുതൽ ഗോ എയർ അബുദാബി,മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളും തുടങ്ങും.ജനുവരി അവസാനത്തോടെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം സജ്ജമാകുന്നതോടെ എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങൾക്കും കണ്ണൂരിൽ ഇറങ്ങാൻ സാധിക്കും.ഇതോടെ ഡൽഹി ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യയും സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്.

കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ് കോമ്പൗണ്ടിൽ തീപിടുത്തം

keralanews fire broke out in bsnl office compound kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ് കോമ്പൗണ്ടിൽ തീപിടുത്തം.ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ഉണ്ടായത്.ഓഫീസ് കോമ്പൗണ്ടിലെ ജനറേറ്റർ റൂമിനോട് ചേർന്ന് കേബിളുകളും പഴയ ഫോണുകളും കൂട്ടിയിട്ടിടത്താണ് തീപിടുത്തമുണ്ടായത്.വലിയ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തീയണച്ചതിനാൽ തൊട്ടടുത്ത ജനറേറ്റർ മുറിയിലേക്കും ഡീസൽ ടാങ്കിലേക്കും തീ പടരുന്നത് തടയാനായി. തൊട്ടടുത്ത് തന്നെയാണ് ബിഎസ്എൻഎൽ ടവർ,കെഎസ്ഇബി ട്രാൻസ്‌ഫോർമർ എന്നിവയും.കൂത്തുപറമ്പ്,പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് തീയണച്ചത്.

മേഘാലയ ഖനി അപകടം;ഒരാളുടെ മൃതദേഹം കണ്ടെടുത്തു

keralanews mine accident in mekhalaya the deadbody of one person found

ദില്ലി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.2018 ഡിസംബര്‍ 13ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.മറ്റുള്ളവർക്കായി നാവികസേന തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് ഖനിക്കുള്ളിൽ വെള്ളം കയറിയത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു.ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.

ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി ശബ്ദസന്ദേശം

keralanews voice messege that the man who joined in is from kannur has been killed

കണ്ണൂർ:ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി ശബ്ദസന്ദേശം ലഭിച്ചു.കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്‌സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.അന്‍വറിനു പുറമേ ഭാര്യ അഫ്‌സീല,ഇവരുടെ മൂന്നു മക്കള്‍,പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.കണ്ണൂര്‍ പാപ്പിനിശേരിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അന്‍വറും കുടുംബവും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്; കെഎസ്ആർടിസി പണിമുടക്ക് മാറ്റിവെച്ചു

keralanews indefinite strike announced by ksrtc has been withdrawn

തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് സമരസമിതി പ്രതിനിധികൾ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണ റിപ്പോര്‍ട്ട് ഈ മാസം 21ന് നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.മന്ത്രിക്കും യൂണിയന്‍ നേതാക്കള്‍ക്കും പുറമെ സിഎംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പണിമുടക്കിൽ മാറ്റമില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്ത സമരസമിതി

keralanews no change in ksrtc strike from today midnight

കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരിക്കുന്ന കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി.കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും എന്നാല്‍ പണിമുടക്ക് മാറ്റില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ യോഗം അറിയിച്ചു.നേരത്തെ, കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ കോടതി തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സി.എം.ഡി വ്യക്തമായ തീരുമാനം അറിയിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ച് സമരത്തെ നേരിടുമെന്ന് തച്ചങ്കരി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

keralanews high court stayed the indefinite strike announced by ksrtc employees from today midnight

കൊച്ചി:കെഎസ്‌ആര്‍ടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.ജീവനക്കാരുടെ അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിച്ചത് ജെയിംസ് വടക്കന്‍ നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനായിരുന്നു.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ന്റെ ശക്തമായ വാദമുഖങ്ങള്‍ പരിഗണിച്ച്‌ തന്നെയാണ് സമരം നിയമവിരുദ്ധമെന്ന്‌ഹൈക്കോടതി പറഞ്ഞത്.1994 ലെ എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്‌ട് പ്രകാരം സമരത്തിന് ന്യായീകരണമില്ലെന്നാണ് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഹര്‍ജിയില്‍ വടക്കന്‍ വ്യക്തമാക്കിയത്. സമരം നിയമവിരുദ്ധമാണ്. സമരം തടഞ്ഞുകൊണ്ട് ഇടക്കാല വിധി വേണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് യൂണിയനുകള്‍ സമരം വഴി തടയുന്നത്. ആവശ്യസര്‍വീസ് നിയമപ്രകാരമാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സമരം കാരണം ആവശ്യസര്‍വീസ് തന്നെയാണ് തടസപ്പെടുന്നത്. കോടികളുടെ ബാധ്യത നിലനില്‍ക്കവെയാണ് യൂണിയനുകള്‍ അത് മറന്നു സമരത്തില്‍ ഏര്‍പ്പെടുന്നത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞത്. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ് മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച്‌ പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്റാണെന്നും കോടതി നിരീക്ഷിച്ചു.