എഎസ്പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും;കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന

keralanews inquiry report against asp chaithra theresa john will be submitted today

തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.എ ഡി ജി പി മനോജ് എബ്രഹാമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.എസ്പിക്കെതിരായി കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച്‌ പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയിൽ റിഫൈനറി വികസന പദ്ധതി ഉത്ഘാടനം ചെയ്യും

keralanews narendramodi will reach kerala today and inaugurate kochin refinary project

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍.കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും.രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും.വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി പിന്നീട് ദില്ലിക്ക് തിരിക്കും.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ്;എഎസ്പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം

keralanews raid in cpm district committee office department level investigation against acp chaithra teresa john

തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‌ഡുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം.പാര്‍ട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്ന സി.പി.എമ്മിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ പൊലീസ് സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എന്നാല്‍ ആരെയും കണ്ടെത്താനായില്ല.പൊലീസ് എത്തുമ്ബോള്‍ ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേര്‍ മാത്രമേ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ.സംഭവം വിവാദമായതോടെ അന്വേഷിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നല്‍കിയിരുന്നത്. ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു. നിലവില്‍ ചൈത്ര കന്റോണ്‍മെന്റ് എ.സി.പിയാണ്.

കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ;ഒരു സ്ത്രീ മരിച്ചു;11പേർ ആശുപത്രിയിൽ

FOOD POISONING red Rubber Stamp over a white background.

ബെംഗളൂരു:കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ.ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഒരു സ്ത്രീ മരിച്ചു.ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്.ഛര്‍ദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തില്‍ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകള്‍ പ്രസാദമായി ഭക്തര്‍ക്ക് ഹലുവ നല്‍കുകയായിരുന്നു. ഇത് കഴിച്ച ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണമായ പ്രസാദം ക്ഷേത്രത്തില്‍നിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.

സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി

keralanews serial artists ambili devi and jayan adithyan got married

കൊല്ലം:സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി.കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്.അമ്പിളിദേവിയുടെ രണ്ടാമത്തെയും ആദിത്യന്റെ നാലാമത്തെയും വിവാഹമാണിത്. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്.മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍.മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്.ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്.അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു.

ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാനൂർ സ്റ്റേഷനെ തിരഞ്ഞെടുത്തു

keralanews panoor station selected as the best police station in the district

കണ്ണൂർ:ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാനൂർ സ്റ്റേഷനെ തിരഞ്ഞെടുത്തു. സ്റ്റേഷൻ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും വൃത്തിയും, പോലീസ് സ്‌റ്റേഷനിലെ കേസുകളുടെ അന്വേഷണ പുരോഗതികളും, കേസുകളുടെ കുറവും, വാറണ്ടുകൾ പിടിച്ചതും, ജനമൈത്രീ ഇടപെടലുകൾ തുടങ്ങിയവയാണ് സ്റ്റേഷനെ അവാർഡിന് അർഹമാക്കിയത്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡിൽ വ്യവസായ , യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി വി.വി പുരസ്ക്കാരം ഏറ്റു വാങ്ങി.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി

keralanews bharatharathna award for former president pranab mukharjee

ന്യൂഡൽഹി:ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഭാരത രത്ന അവാർഡ് പ്രഖ്യാപിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി ലഭിച്ചു.സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ.ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകുമെന്ന് രാഷ്ടപതി ഭവൻ അറിയിച്ചു.ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.2008ൽ പത്മവിഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. നിരവധി പസ്തകങ്ങളും പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്.1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം. 2004ൽ ലോക്സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എഡിബിയുടെ ബോർഡ് ഓഫ് ഗവർണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നടൻ മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

keralanews padmabhooshan award for mohanlal and nambi narayanan

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് നടൻ മോഹൻലാലിനും നമ്പി നാരായണനും പത്മ പുരസ്ക്കാരം ലഭിച്ചു.ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊൽക്കത്ത ടാറ്റ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മന്‍ ചാണ്ടി എന്നിവർക്ക് പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചു.അന്തരിച്ച ഹിന്ദി നടൻ കാദർ ഖാന്‍ (മരണാനന്തരം) ഉൾപ്പെടെ 94 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്.ബോളിവുഡ് നടൻ മനോജ് ബാജ്പേയ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‍രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പത്മപുരസ്കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽവച്ചാണ്. സർക്കാരിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്‌;ഡിസിപി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി; ഡിസിപി സ്ഥാനത്തു നിന്നും നീക്കി

keralanews police raid in cpm district committee office at midnight cm asked explanation from sp chaithra theresa john

തിരുവനന്തപുരം:പാർട്ടിയെ ഞെട്ടിച്ച് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്‌.ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓഫീസിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്‌. ബുധനാഴ്ച രാത്രിയോടെ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നു.ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.പ്രതികള്‍ മേട്ടുക്കടയിലുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുളളതായി പോലീസിന് വിവരം ലഭിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ ഡിസിപി തീരുമാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ  പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു.റെയ്ഡ് നടത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്തെങ്കിലും പരിശോധന നടത്താതെ തിരിച്ച്‌ പോകില്ലെന്ന് ഡിസിപി വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങി.എന്നാൽ റെയ്‌ഡിൽ ആരെയും പിടികൂടാനായില്ല. റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ശബരിമല ഡ്യൂട്ടിക്ക് ശേഷം നാല് ദിവസത്തേക്ക് മെഡിക്കല്‍ ലീവില്‍ ആയിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി തിരിച്ച്‌ വിളിച്ചു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു. റെയ്‌ഡ്‌ നടത്തിയ സംഭവത്തിൽ ഡിസിപി യുടെ ചുമതല വഹിച്ചിരുന്ന എസ്പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തു.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നിന്നും കേരളം പുറത്ത്;വിദര്‍ഭക്കെതിരെ ഇന്നിംഗ്‌സ് തോല്‍വി

keralanews kerala out from renji trophy cricket innings defeat against vidarbha

കൃഷ്ണഗിരി:രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളം പരാജയപ്പെട്ടത്.രഞ്ജിയിൽ ചരിത്രത്തിലാദ്യമായി ഫൈനൽ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് എല്ലാവരും പുറത്തായി.വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടിന്നിങ്സിലുമായി കേരളത്തിന്റെ 12 വിക്കറ്റുകളാണ് ഉമേഷ് യാദവ് എറിഞ്ഞിട്ടത്.102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്ബത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്ബി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സ് നേടി 102 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ പേസര്‍ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് ഒതുക്കാന്‍ സഹായിച്ചത്. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നും സന്ദീപ് വാര്യര്‍ സ്വന്തമാക്കി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ക്ഷണത്തില്‍ തന്നെ നിലംപൊത്തുന്നതാണ കൃഷ്ണഗിരിയില്‍ കണ്ടത്.വിദര്‍ഭ സമ്മാനിച്ച ചെറു ലീഡിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അടിപതറി. രണ്ടക്കം കാണിക്കാതെ ജലജ് സക്സേനയെ മടക്കി അയച്ചത് ഉമേഷ് യാദവ്. ഉമേഷിന്റെ പാത പിന്തുടര്‍ന്ന യാഷ് താക്കൂറും കേരളത്തിന്റെ ബാറ്റിങ് നിരയെ വിറപ്പിച്ചു. രണ്ടാം ഊഴത്തില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തിന്റെ നിരയില്‍ രണ്ടക്കം കണ്ടത്. ചീട്ടുകൊട്ടാരം പോലെയായിരുന്നു കേരളത്തിന്റെ തകര്‍ച്ച.ഒന്ന് പൊരുതാന്‍പോലുമാകാതെയാണ് കേരളം കീഴടങ്ങിയത്.തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം.