ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്

keralanews bomb attack against barber shop in dharmadam chirakkuni

തലശ്ശേരി:ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ബോംബേറുണ്ടായത്.സ്‌ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ജനലുകള്‍ തകരുകയും ചെയ്തു.കെട്ടിട ഉടമയും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗില്‍ പിടി സനല്‍ കുമാറിന്റെ വീടിനുനേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങള്‍ക്ക് പിന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തര്‍ക്കമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഷൊര്‍ണൂരില്‍ ചെന്നൈ- മംഗലാപുരം ട്രെയിന്‍ പാളം തെറ്റി;ആളപായമില്ല

keralanews chennai mangalore train derailed in shornur

ഷൊര്‍ണൂര്‍: ചെന്നൈ – മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആര്‍ക്കും പരിക്കില്ല. ഇന്നുരാവിലെ 6.45നായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ചാണ് എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ തെന്നിമാറിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ – പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

keralanews investigation officer in actress attack case has been transfered

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.പെരുമ്പാവൂർ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്.നടന്‍ ദിലീപ് പ്രതിയായ കേസിന്റെ നിര്‍ണായകഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് സൂചന.കേസിന്റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് നേതൃത്വത്തിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനൊപ്പം ബൈജുവിനെ ദൂരസ്ഥലത്തേക്ക് മാറ്റിയതും ഇവരില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.സംഭവത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും കടുത്ത ആശങ്കയുണ്ടെന്നാണ് അറിയുന്നത്. കേസന്വേഷണത്തെ ഒരുതരത്തിലും സ്ഥലംമാറ്റം ബാധിക്കില്ലെന്നാണ് ഔദ്യോഗികതലങ്ങളില്‍നിന്നുള്ള പ്രതികരണം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ വിചാരണ കൃത്യമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ പറയുന്നത്.

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച്‌ താഴെയിട്ടു

keralanews pakistani drone shot down near gujrath boarder

അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച്‌ താഴെയിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ പുലര്‍ച്ചെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം ആറരയോടെയാണ് ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച്‌ ഇട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.ഇന്ന് പുലർച്ചെയാണ് പുൽവാമ അക്രമണത്തിനെതിരായി ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയത്.ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍  മൂന്ന് ജയ്ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെ‍ഡ്ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച്‌ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.

കാസര്‍ഗോഡ് ഇരട്ടക്കൊല;കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരത്തിന് ഇന്ന് തുടക്കമാകും

keralanews kasarkode double murder case the 48hours hunger strike of congress will start today

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് ഇന്ന് തുടക്കമാകും.പത്ത് മണിമുതല്‍ കാസര്‍ഗോഡ് സിവില്‍സ്റ്റേഷന് മുന്നിലാണ് ഉപവാസം. മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.ശരത് ലാലിനെയും കൃപേഷിനേയും സംസ്കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക.

ഹർത്താൽ നിയന്ത്രണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു

keralanews cm will hold an all party meeting to discuss hartal
തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്തിനുള്ള ചര്‍ച്ച നടത്തുന്നതിനായി  മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം 14 ന് തിരുവനന്തപുരത്ത് സര്‍വ കക്ഷിയോഗം വിളിച്ചു.മുഖ്യ മന്ത്രി നേരത്തെ തന്നെ ഹര്‍ത്താല്‍ വിഷയത്തില്‍ നിയമ സഭയില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് വ്യക്തമാക്കി.ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും .

ഇന്ത്യൻ തിരിച്ചടി;വ്യോമസേനാ പൈലറ്റുമാർക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി

keralanews rahul gandhi salutes indian airforce pilots for air strike on pakistan

ന്യൂഡൽഹി:പുല്‍വാമ ഭീകരാക്രണത്തിന് പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട് നൽകി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ന്ധി. ‘സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ്’ എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.ഭീകരവാദികള്‍ക്ക് എതിരെ സൈന്യവും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന ഏത് നടപടികൾക്കും പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കിയിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി

keralanews the attack was directly under modis direction and was designed and implemented precisely

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സൈന്യം വ്യോമാതിര്‍ത്തി ലംഘിച്ച്‌ ഭീകരക്യാംപുകള്‍ ആക്രമിച്ചത്. അല്‍പസമയത്തിനകം ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതലയോഗം ചേരും.പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരുള്‍പ്പടെ യോഗത്തിനെത്തും. ഇപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. ഇതിനുശേഷം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടായേക്കും.പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രാഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയ സൈന്യം ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് സൈന്യം ആക്രമണം നടത്തി മടങ്ങിയത്.പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും കനത്ത ജാഗ്രതയിലായിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.

സൈന്യം കനത്ത ജാഗ്രതയിൽ;അതിർത്തിയിൽ പാകിസ്താന്റെ തുടർച്ചയായ വെടിവെയ്പ്പ്

keralanews soldiers in tight alert pakisthans continuous firing in boarder

ശ്രീനഗര്‍: പാകിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്.നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്.

ശക്തമായ തിരിച്ചടി നൽകി ഇന്ത്യ;പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങളിൽ വ്യോമസേനയുടെ ബോംബാക്രമണം

keralanews airforce attack in terrorist places in pakisthan

ന്യൂഡൽഹി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്  ശക്തമായി തിരിച്ചടി നൽകി ഇന്ത്യ.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു.12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍‌ പങ്കെടുത്തത്.വ്യോമസേനയെ ഉദ്ധരിച്ച്‌ എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വര്‍ഷത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്.നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാശ്മീരിൽ വ്യോമസേനാ ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരതവളത്തിൽ ബോംബ്  മിറാഷ് യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.യുദ്ധവിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സൈന്യം പറഞ്ഞു.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.