സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

keralanews omicron confirmed in 76 more in the state

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍കോട് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരിൽ 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.തൃശൂർ യുഎഇ 9, ഖത്തർ 2, ജർമനി 1, പത്തനംതിട്ട യുഎഇ 5, ഖത്തർ 1, കുവൈറ്റ് 1, ആയർലാൻഡ് 2, സ്വീഡൻ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തർ 1, കണ്ണൂർ യുഎഇ 7, ഖത്തർ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തർ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തർ 1, കോഴിക്കോട് യുഎഇ 4, കാസർകോട് യുഎഇ 2, എറണാകുളം ഖത്തർ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

അക്രമ ഭീഷണി; കെ.​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ വീട്ടിനും കണ്ണൂര്‍ ഡി.സി.സി ഓഫീസിനും പൊലിസ് സുരക്ഷ ശക്തമാക്കി

keralanews threat of attack police strengthen security at the house of k sudhakaran m p and kannur d c c office

കണ്ണൂര്‍:അക്രമ ഭീഷണിയെ തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ എംപിയുടെ ന ടാലിലെ വീട്ടിനും കണ്ണൂര്‍ ഡി.സി.സി ഓഫീസിനും പൊലിസ് സുരക്ഷ ശക്തമാക്കി.കമാന്‍ഡോകളുടേത് അടക്കമുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സുധാകരന് നിലവില്‍ രണ്ടു ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്‍റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്പെഷല്‍ ബ്രാഞ്ച് സംവിധാനത്തിന്‍റെ നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തി.സുധാകരന്‍റെ വീട്ടിലേക്കു സിപിഎം മാര്‍ച്ച്‌ നടത്തിയ സാഹചര്യത്തില്‍ വീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആക്രമണ സാധ്യത കണക്കിലെടുത്തു പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രമുഖ നേതാക്കളുടെ സുരക്ഷാ സംവിധാനവും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോടു നിര്‍ദേശിച്ചിട്ടുണ്ട്.

ധീരജ് വധക്കേസ്;മുഖ്യപ്രതി നിഖില്‍ പൈലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

keralanews dheeraj murder case investigation team collects evidence with main accused nikhil paili

ഇടുക്കി: ധീരജ് വധക്കേസില്‍ മുഖ്യപ്രതി നിഖില്‍ പൈലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം.ധീരജിനെ കൊലപ്പെടുത്തിയതിന് ശേഷം കളക്‌ട്രേറ്റ് പരിസരത്ത് കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ആയുധം പൊലീസിന് കണ്ടെത്താനായിട്ടില്ല. അല്‍പ്പ സമയത്തിനകം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതി നിഖിൽ പൊലീസിന് നൽകിയിട്ടുള്ളത്. ഇപ്പോൾ പ്രതി നിഖിലുമായി ഇടുക്കി പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ അന്വേഷണ സംഘം തിരിച്ചെത്തി.വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കും.

നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

keralanews actress attack case secret statement of balachandra kumar will be recorded today

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പ്രകാരം എറണാകുളം ജെ എഫ് സി എം രണ്ടാം കോടതിയാണ് രഹസ്യമൊഴിയെടുക്കുക. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടിൽ പോയപ്പോൾ തനിക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും അത് താൻ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ തുടരന്വേഷണം ആരംഭിക്കുകയുമുണ്ടായി. സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുത്തിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്;ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരി​ഗണിക്കുന്നത് മാറ്റി; വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

keralanews case of attempting to endanger policemen dileeps anticipatory bail plea postponed no arrests until friday

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യഹരജി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയത്.മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസെന്നും നാലു വർഷത്തിന് ശേഷം ചിലർ വെളിപ്പെടുത്തൽ നടത്തുന്നത് സംശയകരമാണെന്നും ജാമ്യഹരജിയിൽ പറയുന്നു.പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ് സഹോദരീ ഭര്‍ത്താവ് സുരാജ്. ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വിഐപി, സുഹൃത്ത് ബൈജു, അപ്പു എന്നിവര്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നല്‍കിയത്.

സംസ്ഥാനത്ത് ഇന്ന് 9066 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;19 മരണം;2064 പേർക്ക് രോഗമുക്തി

keralanews 9066 corona cases confirmed in the state today 19 deaths 2064 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9066 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂർ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂർ 158, കാസർഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മൃതദേഹം വിലാപയാത്രയായി തളിപ്പറമ്പിലേക്ക് കൊണ്ടുപോകും

keralanews post mortem of dheeraj killed in idukki engineering college today body will be taken to taliparamba

ഇടുക്കി:പൈനാവ് ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പൊലീസ് സർജന്‍റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുക.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ തളിപ്പറമ്പിൽ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വൈകീട്ട് നാലു മണി മുതലാണ് ഹര്‍ത്താല്‍.

ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; കെഎസ്‌യു പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ

keralanews murder of s f i worker in idukki engineering college k s u worker nikhil piley under custody

ഇടുത്തി: പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ.ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിനിടെ കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ ധീരജിനെ നിഖിലും സംഘവും ചേർന്ന് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴുത്തിന് കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് കൂടി പരിക്കേറ്റിരുന്നു.കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.കേസിൽ മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി;ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

keralanews drug party in private resort in wayanad 15 including t p murder case accused kirmani manoj under custody

വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയിലായി.വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്.എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജ് അടക്കമുള്ള പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാംപ്രതിയാണ് കിര്‍മാണി മനോജ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്;മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

keralanews dileep has approached the high court seeking anticipatory bail in a case of trying to endanger an investigating officer

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.ദിലീപും, സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 29ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിൽ പോലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.