കണ്ണൂർ:സിൽവർ ലൈനിന് എതിരെ വീണ്ടും പ്രതിഷേധം ശക്തം.മാടായിപ്പാറയില്‍ പ്രതിഷേധക്കാർ എട്ട് കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം. കല്ല് പിഴുത് കളഞ്ഞത് ആരാണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതുമാറ്റിയിരുന്നു. സർവേയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു.സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണ് മാടായിപ്പാറ. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സിൽവർ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്. മാടായിപ്പാറയിൽ തുരങ്കം നിർമ്മിച്ച് പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 480 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയതായി ഒമിക്രോൺ ബാധിച്ചവരിൽ 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അതേസമയം കൊവിഡ് ക്ലസ്റ്റർ മറച്ചുവെച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിനെതിരെ ഇതിനോടകം മന്ത്രി നടപടിക്ക് നിർദേശം നൽകി. ഒമിക്രോൺ ക്ലസ്റ്ററായ വിവരം നഴ്‌സിങ് കോളേജ് മറച്ചുവെച്ചുവെന്ന് വീണാ ജോർജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് നടപടി.
ദിലീപിന്റെ വീട്ടിൽ റെയ്ഡ്; അന്വേഷണ സംഘം വീടിനുള്ളിൽ കടന്നത് മതിൽ ചാടിക്കടന്ന്;റെയ്ഡിന് എത്തിയത് 20 അംഗ സംഘം
ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്. പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു. 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂർ കവലയിലെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളിലായി റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.പരിശോധന കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ‘പത്മസരോവരം’ വീട്ടിലെ ഹാളില്‍ വച്ചാണ് ഗൂഢാലോചന നടത്തിയത് എന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് മൊഴി നല്‍കിയത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പോലീസ് ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വതിലുള്ള സംഘമാണ് പ്രൊഡക്ഷന്‍ ഹൌസിലെത്തിയത്. ഓഫീസ് പൂട്ടി കിടക്കുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പരിശോധന.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കുമ്പള സ്വദേശിയായ മൊഹിദീൻകുഞ്ഞിയിൽ നിന്നാണ് സ്വർണം പിടിച്ചത്. വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന 1,400 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത് എന്ന് കസ്റ്റംസ് പറയുന്നു. മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇയാളുടെ പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കണ്ണൂരിൽ അക്വേറിയം ദേഹത്തേയ്‌ക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ : അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ച് വയസുകാരൻ മരിച്ചു. മാട്ടൂൽ കക്കാടലൻചാലിലാണ് സംഭവം. കെ അബ്ദുൾ കരീമിന്റേയും മൻസൂറയുടേയും മകൻ മാസിൻ ആണ് മരിച്ചത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. വീട്ടിലെ മേശയുടെ മുകളിലാണ് അക്വേറിയം വെച്ചിരുന്നത്. കുട്ടി അക്വേറിയത്തിൽ പിടിച്ച് വലിച്ചതോടെ ഇത് മാസിനിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചിയിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു;സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം; രണ്ടു പേര്‍ പിടിയില്‍
കൊച്ചി: കൊച്ചി കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. കുറുപ്പംപടി സ്വദേശി അന്‍സില്‍ സാജുവാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി.ഒൻപതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ച് അക്രമി സംഘം അന്‍സിലിനെ വെട്ടുകയായിരുന്നു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കീഴില്ലത്തിലെ പെട്രോള്‍ പമ്പിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവർ പിടിയിലായി. സഹോദരനും പെരുമ്ബാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നാളെ വീണ്ടും അവലോകന യോഗം;പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അവലോകന യോഗം ചേരും. യോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.വാരാന്ത്യങ്ങളില്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കേസുകളിലും വര്‍ധനയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 12,742 പേര്‍ക്കാണ് രോഗം സ്ഥികരീകരിച്ചത്. ഇന്നലെ 17.05 ആയിരുന്നു ടി.പി.ആര്‍. തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എന്‍ജിനീയറിങ് കോളജിലും പുതിയ കൊവിഡ് കസ്റ്ററുകള്‍ രൂപപ്പെട്ടു.ഒമിക്രോണ്‍ രോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 76 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 421 ആയി. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധയും ആശങ്കയുണ്ടാക്കുന്നുണ്ട്.
കുതിച്ചുയർന്ന് കൊറോണ കേസുകൾ;സംസ്ഥാനത്ത് ഇന്ന് 12,742 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു;23 മരണം;2552 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,742 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂർ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂർ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസർഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 597 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂർ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂർ 184, കാസർഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്
ഇ-പോസ് സംവിധാനത്തിലെ തകരാര്‍; പ്രത്യേക ക്രമീകരണവുമായി സർക്കാർ; റേഷൻ വിതരണം ഇനി ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും
തിരുവനന്തപുരം:ഇ-പോസ് സംവിധാനത്തിലെ തകരാര്‍ മൂലം റേഷന്‍ വിതരണത്തിന് തടസം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണമൊരുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വിതരണം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ രാവിലെ റേഷന്‍ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലുള്ളവര്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷന്‍ വാങ്ങാം.സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാകും ഈ സംവിധാനം. അഞ്ചുദിവസത്തിനുള്ളില്‍ സര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്.
എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകം;തളിപ്പറമ്പിൽ വ്യാപക ആക്രമണം;ഗാന്ധിപ്രതിമ തകർത്തു
കണ്ണൂര്‍: ഇടുക്കി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീര ജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയതിനു പിന്നാലെ തളിപ്പറമ്പിൽ വ്യാപക അക്രമം.തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ രാജീവ്ജി ക്ലബിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു.തൃച്ചംബരം പട്ടപ്പാറയിലെ നേതാജി വാര്‍ഡിലെ പ്രിയദര്‍ശിനി മന്ദിരത്തിനു നേരെയും അക്രമമുണ്ടായി. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ധീരജിന്റെ ശവസംസ്കാര ചടങ്ങുകള്‍ നടന്നത്.ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും അക്രമം ഉണ്ടായി. ഒരു സംഘം സിപിഎം പ്രവർത്തകർ ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. പ്രചാരണ ബോർഡുകളും നശിപ്പിച്ചു. കോൺഗ്രസ് ചക്കരക്കല്ല് മണ്ഡലം സെക്രട്ടറി സി.സി. രമേശന്റെ വീടിന് നേരെ ബോംബേറുണ്ടായി. തോട്ടട എസ്എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പടെ അക്രമികൾ തകർത്തു.